എബിൻ എം.ദേവസ്യ

ഓർമ്മക്കേട്

പുഴ മുറിച്ചു കടന്നുപോയ പാമ്പ്
കാടിന്റെ ഉള്ളീന്ന് ഇറങ്ങിവന്നതാണെന്ന് അമ്മച്ചി പിറുപിറുത്തപ്പോ,
ഗുളിക മറന്നല്ലേടീന്ന് പറഞ്ഞു ഞാൻ പെണ്ണുമ്പിള്ളേ പ്രാകി.

നിന്റെ തള്ളേം പുഴുത്തേ ചാകത്തുള്ളുന്നു പറഞ്ഞപ്പോ
അവള് തെറി തുടങ്ങി.

മറന്നതൊക്കെ തികട്ടി വന്ന്
അമ്മച്ചീടെ ചായിപ്പിന്റെ പുറത്തുനിന്ന് ഓരിയിട്ടത്
ഞാനോ അവളോ അറിഞ്ഞില്ല.

പണ്ട് വല്യപ്പൻ കേറിവന്നു കാട് തെളിച്ചപ്പോ കണ്ട കരയുറവ
വെട്ടിക്കെട്ടി കെണറാക്കിയ കഥ.

പട്ടിണി കിടന്ന അംബ്രോനെ തേള് കൊത്തി നീലിച്ച കഥ.

അട മഴക്കാലത്തെ പള്ളിക്കൂടത്തിന്നു കിട്ടുന്ന ശീമപ്പൊടീടെ കഥ.

അമ്മച്ചി കഥ കെട്ടിക്കൊണ്ടേയിരുന്നു.

‘ഈ ജൂണിലും ടാങ്കർ ലോറിയിൽ വെള്ളമടിക്കുന്ന
നമ്മുടെ കിണറ്റിന്റെ കഥയാണോ ഈ പറയുന്നത്, നിങ്ങടമ്മയ്ക്ക് പ്രാന്ത് തന്നെ.’

ഞാനവളെ തിരുത്താൻ പോയില്ല.

‘കൊയ്ത്തിന്റെ അന്നാ അന്നക്കുട്ടി തെരണ്ടിയേ
പെണ്ണങ്ങു പേടിച്ചു പോയി
പിന്നേം കാലം പോയെന്നേയ്
പിന്നവളെയാ രാജേന്ദ്രന്റെ പെരെന്ന് പിടിച്ചിറക്കിക്കൊണ്ട് വന്നപ്പോളാ ഞാനാദ്യമാങ്ങേരുടെ കയ്യിന്റെ ചൂടാറിഞ്ഞത്.'

അമ്മച്ചിയെക്കാണാൻ അമേരിക്കയിൽ നിന്നും മക്കടെ മക്കളുമായി വന്ന
അവളും അമ്മച്ചിയോടു കെറുവിച്ചിറങ്ങിപ്പോയി.

‘കൊയ്ത്തിന്റിടക്ക് തെരണ്ടുവോ?
അന്നക്കുട്ടിയാന്റീടെ കഥയാണോ വല്യമ്മച്ചി പറഞ്ഞത്’,
അനിയന്റെ കിന്റർ ജോയി എടുത്തു കളിച്ചോണ്ടിരുന്ന റാഹേല് ചോദിച്ചു.

വല്യമ്മച്ചിക്ക് ഓർമ്മക്കേടല്ലേടാ മക്കളേ,
അതൊക്കെ വെറും കഥയാ,
ഞാൻ അമ്മച്ചിയെ ഇടംകണ്ണിട്ടൊന്നു നോക്കി.

‘നിന്റെ തന്തയ്ക്കടാ ഓർമ്മക്കുറവ്'
അമ്മച്ചി ഒറ്റ് തിരിച്ചറിഞ്ഞു.

ശരിയാണ്, അമ്മച്ചിയ്ക്കല്ല അന്നക്കുട്ടിക്കും എനിക്കും
കണ്ടം വിറ്റ ജോസച്ചായാനുമാണ് ഓർമ്മക്കുറവ്.

അമ്മച്ചിയ്ക്ക് കാഞ്ഞ ഓർമ്മയാണ്.

അമ്മച്ചി വീണ്ടും ഒരു മഴക്കാറിന്റെ ഉള്ളിലേക്കു പിൻവലിഞ്ഞു കിടന്നു.

‘എന്നാ തണുപ്പാന്നേ', അമ്മച്ചി പുതിയ ഋതുവിന്റെ വക്കിലൊരു ഊഞ്ഞാലുടക്കിച്ചാടി.

ഇപ്പൊ ഒരു കാട് ഇറങ്ങി വന്ന്​ അമ്മച്ചിയെ കൊയ്യാൻ വിളിക്കുന്നുണ്ട്.

കുന്നിൻ ചെരുവിൽ കന്നുകാലിക്കുള്ള തീറ്റവെട്ടാൻ
അമ്മച്ചിയ്ക്ക് അതു കഴിഞ്ഞുപോണം

വീട്ടിലെപ്പശൂന് ചെനയുണ്ട്. ▮


എബിൻ എം.ദേവസ്യ

കവി. എം.ജി. യൂണിവേഴ്​സിറ്റി സ്​കൂൾ ഓഫ്​ ലെറ്റേഴ്​സിൽ ഗവേഷണ വിദ്യാർഥി. യുവരാജ്​ സിങ്​: അതിജീവനത്തിന്റെ ആറു സിക്​സറുകൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments