ഞാനും സ്ത്രീവാദിയായ ബുദ്ധിജീവിയും
സാമൂഹ്യമാധ്യമത്തിൽ
സല്ലാപത്തിലായിരുന്നു.
അവൾക്കുമുൻപിൽ
തിളങ്ങാൻ
ഉത്തരാധുനിക തലത്തൊട്ടപ്പന്മാരുടെ
പേരുകൾ ഓരോന്നായി ഇറക്കി,
ഡെലുസ്, ഫൂക്കൊ, ജൂലിയ ക്രിസ്‌തേവ...
സ്ലാവോജ് സിസേക്ക് എന്നടിച്ചപ്പോൾ
ടൈപ്പിൽ കൈതെറ്റി
ആദ്യക്ഷരംC എന്ന് വന്നു.
നെഞ്ചിലേക്കെന്ന പോലെ
അവൾ ഒരു പരിഹാസചിഹ്നം തൊടുത്തുവിട്ടു.
കൊടും
പുച്ഛചിരിയുടെ
വോയ്സും.
S എന്നടിയെടാ...
ചെവിയിൽ ആരോ കുശുകുശുത്തു.
എന്റെ പേരിലെ
ആദ്യക്ഷരം.
ഞാൻ S അടിച്ച്
പുരുഷവർഗ്ഗത്തിന്റെ
അഭിമാനം തിരിച്ചെടുത്തു.
ദൈവമേ സ്തുതി,
അറിയാതെ പറഞ്ഞു.
‘ദൈവമല്ലടാ കൂത്തിച്ചിമോനെ
ഞാനാണ്ടാ.'
അപ്പോഴാണ് അറിഞ്ഞത്, പിന്നിലെ സാത്താനെ.
സാത്താൻ എങ്കിൽ സാത്താൻ,
പുരുഷവർഗത്തെ മുഴുവൻ അവൻ രക്ഷിച്ചല്ലോ.
സന്തോഷാധിക്യത്താൽ
ഞാൻ ഒരടി വെച്ചുകൊടുത്തു.
അത് കൊണ്ടത് അവന്റെ കൊമ്പിലായിരുന്നു.
കൊമ്പൊടിഞ്ഞു.
ലേശം മൂത്രിക്കയും ചെയ്തു.
കരഞ്ഞുകൊണ്ട്
അവൻ സ്ഥലം വിട്ടു.
ഉച്ചയായപ്പോൾ
ബുദ്ധിജീവി
ഒരു കെയ്സ്
ട്യൂബോർഗ് ബിയർ കുപ്പികളുമായെത്തി.
‘എന്താണ് ഇവിടെ ഒരു മൂത്രനാറ്റം’
അവൾ ചോദിച്ചു.
സാത്താൻ സഹായം
പുറത്തുപോകാതിരിക്കാൻ
അതിന്റെ ഉത്തരവാദിത്തവും
ഏറ്റെടുക്കേണ്ടിവന്നു.
ഞങ്ങൾ മേശക്ക് ഇരുപ്പുറവുമിരുന്ന്
ബിയർ മൊത്തി പുതുസിദ്ധാന്തങ്ങൾ
ചാർച്ചീകരിച്ചു.
ഉമ്മ വെക്കടെയ്...
ചെവിക്കുപിന്നിൽ
പിന്നെയും കുശുകുശപ്പ്
എനിക്കറിയാം അവനാണ്
അവൻ പോകാനുള്ള
ലക്ഷണമില്ല.
നിഷ്‌കളങ്കയായ ഇവളോട്
ഇങ്ങനെയൊക്കെ പെരുമാറുന്നത്
ക്രൂരതയല്ലേ?
ഞാൻ സാത്താനോട് ചോദിച്ചു.
സഹിയാതെ
അവൾ മീറ്റ് ടു വരെ
ഇട്ടേക്കാം.
ഒരു ഗസറ്റഡ് ബുദ്ധിജീവിയായ
ഞാൻ
തെണ്ടി പാളയെടുക്കേണ്ടതായും വരും.
സാത്താൻ ആകട്ടെ
പിന്തിരിയാൻ ഒരുക്കമല്ലായിരുന്നു.
അതിനാൽ ഞാൻ
അനാസക്തി മന്ത്രം ഉരുവിട്ടു.
നീ നല്ല കൗശലക്കാരനാണല്ലോ
സാത്താൻ വെളുക്കെ ചിരിച്ചു.
നോക്കണേ,
ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ദുര്യോഗം.
എന്റെ സല്ലാപം
നിരാസക്തം
ബ്രഹ്മചര്യം
സർവപരിത്യാഗം
എന്നിവയിലേക്ക്
പിന്നീട് വ്യതിചലിച്ചു.
ഇവയൊക്കെ
ഉത്തരാധുനികതയിലെ
പുതിയ ട്രെൻഡായി
ചില ബുദ്ധിഭൈരവന്മാർ
പിന്നീട് വ്യാഖാനിച്ചു.▮