റാഷിദ നസ്​റിയ

രണ്ട് കവിതകൾ

സത്യപ്പുല്ല്

ക്കാലത്ത്
ഉസ്താദിന്റെ തല്ലുകിട്ടാതിരിക്കാൻ
ഞങ്ങൾ കുട്ടികൾ കണ്ടുപിടിച്ച
സൂത്രമായിരുന്നു
നാവിനിടയിൽ ‘സത്യപ്പുല്ല് 'വെക്കൽ.

വട്ടത്തിലുള്ള
ചെറിയ ഒരു പുല്ലായിരുന്നു സത്യപ്പുല്ല്.

ഒരു ദിവസം ഉസ്താദ്
ഖുർആൻ ഭാഗം
മനഃപ്പാഠമാക്കാൻ പറഞ്ഞത്
മറന്ന ഞാൻ
മദ്രസയിൽ എത്തിയിട്ട്
തിരിച്ച് ഇരുട്ടത്ത്
സത്യപ്പുല്ല് നോക്കി നടന്നു.

അവസാനം സത്യപ്പുല്ല് കിട്ടി.
അന്ന് ഉസ്താദിന്റെ അടി കിട്ടിയില്ല.

എനിക്കു സത്യപ്പുല്ലിൽ
വല്യ വിശ്വാസം ആയി.

കൊറോണ കാലത്ത്
കിട്ടുമെന്നുറപ്പുള്ളൊരുഗ്രൻ അടിക്ക്
മന്ത്രമരുന്നായി
അനിയത്തിയുടെ മകളുടെ കൂടെ
സത്യപ്പുല്ല് തിരഞ്ഞ്
തൊടിയിലാകെ നടന്നു.

ഒറ്റയില കാണാനില്ല.
ലോകം കോറന്റയിനിൽ
കിടന്ന തക്കം നോക്കി
ഏത് ബുൾഡോസറുകൾ ചതച്ചരച്ചു
പഴയ സത്യപ്പുല്ലും പൂക്കളും?

നിൽപ്

ഞാ
നിന്റെ നീലാകാശത്ത്
കാത്തു കിടക്കുന്നു.

പ്രണയിച്ച് പെയ്തു തീരാതെ
കനം നിറഞ്ഞ ഇരുണ്ട വേദനയിൽ
ഒരു കാറ്റിനായ് കാത്തു നിൽക്കുന്നു.

ഹൃദയമിടിപ്പ്
അവസാനത്തെ ട്രെയിനിന്റെ
കുതിപ്പ് പോലെ...

കടന്നു പോയ സ്റ്റേഷന്റെ മൂകത
ഓർമ്മകളിലേക്കെന്നെ
എടുത്തെറിയുന്നു.

ഞാനിപ്പോൾ
നിന്നെക്കുറിച്ചുള്ള
ഓർമ്മകളിൽ നിന്ന്
മോചനം കിട്ടരുതേ
എന്നൊരു പ്രാർത്ഥനയിൽ മാത്രം

ചുറ്റുമുള്ള
ലോകത്തെ ഉപേക്ഷിച്ച്
നീയെന്ന ലോകമാകുന്നതിന്റെ
ആനന്ദം...​▮


റാഷിദ നസ്രിയ

കവി, എഴുത്തുകാരി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എഡ് ചെയ്യുന്നു.

Comments