ആമൻഹോട്ടെപ്പിന്റെ പട്ടി
കല്ലറയിൽ അയാളോടൊപ്പം
ആയിരത്താണ്ടുകൾ സഹവസിച്ചു.
പക്ഷേ ആമൻഹോട്ടെപ്പ് അതറിഞ്ഞതേയില്ല.
അയാളുടെ ശവകുടീരത്തിനും
പട്ടിയുടെ ശവമുറിക്കുമിടയിൽ
മനുഷ്യനും മൃഗവും തമ്മിലുള്ളത്രയും
ദൂരമേയുണ്ടായിരുന്നുള്ളൂ.
സ്വന്തമായി സുഗന്ധലേപനമുണ്ടായിരുന്ന
പട്ടിയായിരുന്നു അവൻ.
ജീവിച്ചിരുന്നപ്പോൾ ആമൻഹോട്ടെപ്പ്
എല്ലാ ദിവസവും അവനെ
തന്നോടൊപ്പം കുളിക്കാൻ അനുവദിച്ചിരുന്നു.
അടിമകൾ അവർക്കു രണ്ടുപേർക്കും വേണ്ടി
വെള്ളം ചൂടാക്കി.
കുളികഴിഞ്ഞു വരുമ്പോൾ കഴിക്കാനും കുടിക്കാനും
ഭക്ഷണപാനീയങ്ങൾ കരുതി വെച്ചു.
ആമൻഹോട്ടെപ്പ് ഗണികമാരോടൊപ്പം
രമിക്കാൻ പോകുമ്പോൾ
അയാളുടെ പട്ടി ആ മന്ദിരത്തിനു വെളിയിൽ
കാവൽ കിടന്നു.
അകത്തെ ശീൽക്കാരങ്ങൾ
തന്റെ തന്നെ മുരളലുകളായി
അവൻ തർജ്ജുമ ചെയ്തു.
പടക്കളത്തിൽ അവൻ ആമൻഹോട്ടെപ്പിന്റെ
കൂടെത്തന്നെയുണ്ടായി.
വൈദേശിക വ്യാപാരികളിലെ ചാരന്മാരെ
അവൻ മണം കൊണ്ടുതന്നെ
രാജാവിന് ഒറ്റിക്കൊടുത്തു.
സിംഹാസനത്തിനു പിന്നിൽനിന്നും
ചതിയുടെ പുടവകൾ ഓരോന്നായി
കടിച്ചുവലിച്ചുകൊണ്ടു വന്ന്
പലരേയും കഴുമരത്തിലേക്ക് പറഞ്ഞുവിട്ടു.
യജമാനന്റെ മനസ്സറിഞ്ഞിട്ടെന്നവണ്ണം
പരിചാരകന്മാരെ
കമ്മി പരിക്കേൽപ്പിച്ചു.
മന്ത്രിമുഖ്യന്റെ കിടപ്പറയിൽ ഒളിഞ്ഞുനോക്കി
രാജ്ഞിയുമൊത്താണയാളുടെ
സ്വപ്നങ്ങളെന്നുവരെ കണ്ടെത്തി.
എന്നിട്ടുപോലും
ഒരു പെൺപട്ടിയുടെ മണം പിടിക്കാൻ
ആമൻഹോട്ടെപ്പ് അവനെ
അനുവദിച്ചില്ല.
ഓരോ പൗർണ്ണമിയിലും
നൈലിന്റെ നീലപ്പാളിയിൽ
നിലാവ് നീരാടാനിറങ്ങുമ്പോൾ
ഓരിയിടാൻ പോലുമാവാതെ
അവൻ തല കാലുകൾക്കിടയിൽ
തിരുകിക്കിടന്നു ഞരങ്ങി.
കള്ളിമുൾച്ചെടികൾ പുഷ്പിക്കുമ്പോൾ
ഈന്തപ്പനയുടെ മറവിൽ
ഇണചേരാൻ വരുന്ന ഒട്ടകങ്ങളെ
അവൻ അസൂയയോടെ നോക്കി.
ഒടുവിൽ കാവൽക്കാരെ വിളിച്ചുണർത്തി
അവയെ മരുഭൂമിയുടെ
അതിരോളം ഓടിച്ചു വിട്ടിട്ട്
സ്വന്തം ലിംഗം നക്കിക്കൊണ്ട്
മണ്ണിൽത്തന്നെ
തലപൂഴ്ത്തിക്കിടന്നു പൊരിഞ്ഞു.
അപ്പോഴും ആമൻഹോട്ടെപ്പിന്റെ പട്ടി
യജമാനനോട് കൂറുള്ളവനായി തുടർന്നു.
വൈരിയെന്നു കരുതി പലപ്പോഴും
രാജാവിന്റെ നിഴലിനെവരെ
അവൻ തടഞ്ഞിട്ടുണ്ട്.
ആരുമില്ലാത്തപ്പോൾ ചിലപ്പോഴൊക്കെ
തന്റെതന്നെ വാലിനുചുറ്റും
അവൻ വട്ടം കറങ്ങും,
ഒരു ഇരയെ പിടിക്കാനുള്ള വാശിയോടെ.
വേട്ടനായയിൽ നിന്നും
കാവൽനായയിലേക്കുള്ള തന്റെ പതനം
മണൽക്കുന്നുകൾക്കിടയിൽ അക്കേഷ്യാമരങ്ങൾ
നിലത്തെഴുതി സൂക്ഷിക്കുന്നുണ്ടെന്ന്
അവനു നന്നായി അറിയാം.
ഇരുട്ടിൽ സാരംഗിയുടെ തേങ്ങലിനൊപ്പം
ഹാരെമിലെ പെണ്ണുങ്ങളിൽ ചിലർ
നിർത്താതെ കരയുന്നത് അവനും കേൾക്കാം,
പക്ഷെ മിണ്ടാറില്ല.
വല്ലകി മീട്ടാൻ വന്ന വനവാസി
ഒഴിവുനേരങ്ങളിൽ ചിലപ്പോൾ
അദൃശ്യമായ ഒരു ചങ്ങലയെക്കുറിച്ച്
അവനോട് പറഞ്ഞിരുന്നു,
പക്ഷെ അവനത്
ശ്രദ്ധിച്ചതായി പോലും ഭാവിച്ചില്ല.
വിപഞ്ചികയുമായി പിരമിഡിന്റെ
ചുവട്ടിൽ കാവലിരുന്ന സഞ്ചാരി
ദൂരദേശങ്ങളിലെ കഥകൾ പലരോടും
പറയുന്നതവൻ കേട്ടിട്ടുണ്ട്,
പക്ഷെ ഒരു ഞരക്കം കൊണ്ടുപോലും
പ്രതികരിക്കാൻ അവൻ തയ്യാറായില്ല.
ഒരു ദിവസം സാക്ഷാൽ സ്ഫിംക്സ്
അവനോട് കടംകഥയിലൂടെ
'നിനക്ക് നാണമില്ലേ'
എന്നു വരെ ചോദിച്ചിരുന്നു.
എന്നിട്ടും ആമൻഹോട്ടെപ്പിന്റെ പട്ടി
അയാളെ കാണുമ്പോൾ
മുതുകു നിവർത്താതെ,
ഒച്ചയിൽ കുരക്കാതെ,
കാൽമടമ്പിൽ മുട്ടിയുരുമ്മി,
കാലുകൾക്കിടയിൽ വാൽ തിരുകി
ഈത്തയൊലിപ്പിച്ചു ചിണുങ്ങി.
ആമൻഹോട്ടെപ്പ് മരിച്ചനാൾ
ആരൊക്കെയോ ശ്വാസനാളിയിൽ
ഒരു കയർ കുരുക്കിയതവന്
അവീൻ പൂക്കളുടെ പൂമാലയായി തോന്നി.
തൈലത്തിൽ മുക്കി ദേഹം
പുടവകൾ കൊണ്ട് പൊതിയുന്ന നേരത്തും
അവൻ കരുതിയത് താനുമൊരു
ഫറവോയാവുകയാണെന്നാണ്.
ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറം
ഇവിടെയൊരു ആമൻഹോട്ടെപ്പും
അയാൾക്കൊരുപാട് പട്ടികളുമുണ്ട്.