ശ്രീജിത്ത് വള്ളിക്കുന്ന്.

നിങ്ങളുടെയും എൻെറയും വീടിനെക്കുറിച്ച്...

​​​​​​​ത്ര ശരിയാക്കിയിട്ടും ശരിയാക്കാൻ പറ്റാത്ത ഒരു വീടുണ്ടാവും
മാറാലകളും ചിലന്തിവലകളും ചുവരുകൾ നിറയെ തോരണം തൂക്കിയിട്ടുണ്ടാവും
പൊടിയടിച്ചിട്ടാലും തട്ടിയാലും ചിതൽപ്പുറ്റുകൾ പിന്നെയും വന്നുകൊണ്ടേയിരിക്കും

അവിടുത്തെ ക്ലോക്കുകൾ നിലച്ചിട്ട് ദിവസങ്ങളായിട്ടുണ്ടാവും
ബാറ്ററി മാറ്റിയാലും സൂചികൾ അൽപ്പമൊന്ന് കറങ്ങിത്തിരിഞ്ഞ ശേഷം
പിന്നെയും ഓട്ടം നിർത്തി അലസരായി കിടന്നുറങ്ങും

അവിടുത്തെ പാത്രങ്ങൾ ഞളുങ്ങിയതും പൊട്ടിയതുമാവും
പുതിയത് വാങ്ങിയാലും പിന്നെയും ദിവസങ്ങൾ കഴിയും മുമ്പ്
അവയെല്ലാം പഴയവയോട് കൂട്ടുകൂടി പെട്ടെന്ന് പൊട്ടുകയോ
താഴെ വീണ് ചിന്നിച്ചിതറി പൊട്ടിച്ചിരിക്കുകയോ ചെയ്യും

ആ വീട്ടിലെ ചൂലിന് രാവിലെയും ഉച്ചയ്ക്കും രാത്രിയിലും
എന്തിന് പുലർച്ചെയും വരെ പണിയുണ്ടാവും
അവിടുത്തെ അടിച്ചൂട്ടി അക്ഷയഖനിയെപ്പോലെ
പിന്നെയും പിന്നെയും നിറഞ്ഞ് കൊണ്ടേയിരിക്കും

ഒരു ചാറ്റൽമഴ പെയ്താൽ ആ വീടിന്റെ കോലായ മുഴുവൻ
ചെളി തെറിച്ചിട്ടുണ്ടാവും. അഴുക്കും പുകയും പിടിച്ച്
ആ വീടിന്റെ അടുക്കളച്ചുവർ നിറയെ കരുവാളിച്ചിട്ടുണ്ടായിരിക്കും

ആ വീടിന്റെ കുളിമുറിയിലെന്നും ഒച്ച് സന്ദർശനത്തിനെത്തും
പഴുതാര വന്നും പോയുമിരിക്കും
ആ വീടിന്റെ മച്ച് നിറയെ എലികളുടെ കുടുംബം വാടക നൽകാതെ
താമസം തുടങ്ങിയിട്ടുണ്ടാവും

എലികളെ പിടിക്കാൻ വരുന്ന പൂച്ചകൾ ചില ദിവസങ്ങളിൽ
മൂത്രമൊഴിച്ചിട്ട് പോവും
പൂച്ചകളെ കാണാനില്ലാതെ അന്വേഷിച്ച് വരുന്ന നായ്ക്കൾ
കാണുന്നതെല്ലാം കടിച്ച് പറിച്ചിടും

വീട്ടിലെ അലമാരകളിലും ജനൽപ്പടികളിലും മധുരമുള്ള ഇടങ്ങളിലുമെല്ലാം
പലതരത്തിലുള്ള ഉറുമ്പുകൾ കൂട്ടംകൂടി ജാഥ നയിക്കും

നന്നാക്കാൻ മടിയുള്ളവർ പൂട്ടിയിട്ട് പോയ ആ വീട്ടിൽ,
ഇതൊന്നുമറിയാതെ രണ്ട് പേർ താമസിക്കാനെത്തും
പളുങ്ക് ഹൃദയമുള്ള ആ മനുഷ്യർ വീട് നന്നാക്കാൻ മെനക്കെടുകയേയില്ല

അവരെല്ലാ ദിവസവും രാവിലെ ചൂടുവെള്ളത്തിൽ കുളിച്ച്
പുതുവസ്ത്രങ്ങളണിഞ്ഞ് ജോലിക്ക് പോവും.
എന്നും വൈകുന്നേരം അവരിരുന്ന് അവരെ നന്നാക്കാൻ നോക്കും
അവരെ നന്നാക്കി നന്നാക്കി അവരുറങ്ങിപ്പോവും

എലി പായുന്നതും കൂറ പാറുന്നതും ഉറുമ്പ് കടിക്കുന്നതും
കൊതുക് കുത്തുന്നതുമൊന്നും അവരറിയില്ല
പിറ്റേന്ന് രാവിലെയും അവരെണീറ്റ് ചൂടുകാപ്പി കുടിച്ച് ജോലിക്ക് പോവും
വൈകുന്നേരവും രാത്രിയും അവർ അവരെ നന്നാക്കി നേരംപോക്കും.

ആ വീടങ്ങനെ നന്നാക്കപ്പെടാതെ ഭംഗിയുള്ള ചിരിയും ചിരിച്ച്
നഗരത്തിന്റെ ആളൊഴിഞ്ഞ ശാന്തമായ വഴികളിലൊന്നിൽ
കാലിൻമേൽ കാലും വെച്ച് വഴിപോക്കരോടൊക്കെ സലാം പറഞ്ഞ്
സ്വസ്ഥമായി കാലംകഴിക്കും...


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments