കൈകളൊട്ടും പതറിയില്ല.
കണ്ണൊരൽപം പോലും നനഞ്ഞുമില്ല.
ന്റെ കുഞ്ഞേ, പൊന്നേ, മുത്തേ, അമ്മേടെ വാവേന്ന്, അവസാനമായൊന്ന് വിളിച്ച് നെഞ്ചോട് ചേർത്ത്
പേർത്തും പേർത്തും ഉമ്മ വെക്കാൻ തോന്നിയതേയില്ല..
ചില സിനിമകളിലൊക്കെ കണ്ടിട്ടുള്ളതുപോലെ,
നിന്നെ വഴിയോരത്ത് വച്ച്,
തിരിഞ്ഞ് തിരിഞ്ഞ് നോക്കി, പൊട്ടിക്കരഞ്ഞുകൊണ്ട്,
ഓടി മറയുകയുമായിരുന്നില്ല..
വീട്ടിൽ തിരിച്ചെത്തി
അലമുറയിട്ട്,
തലതല്ലിക്കരഞ്ഞിട്ടുമില്ല..
എന്ന് മാത്രമല്ല,
അൽപം പോലും നോവറിയാച്ചില്ലയിലെ പച്ചയെ, ഘടികാര സൂചിയിലേക്കാവാഹിച്ചും, പറിച്ച് നട്ടും
നേരം പോക്കുകയായിരുന്നു അന്നേരമത്രയും ഞാൻ.
ഞാൻ,
നീയറിയേണ്ടാത്ത,
നിന്നെ നൊന്തു തന്നെ പെറ്റ,
അല്ല,
എന്നെ നൊന്തു തന്നെ പെറ്റ,
നിന്റെ/എന്റെ തന്നെ ഗോത്ര വയൽ.
നീയരികിലെത്തുന്ന മാത്രയിൽ
ഉഴവുകാരന്റെ കലപ്പച്ചീന്തലുകൾ വരിയിട്ട ചാലുകൾ ഓർമകളെ വിരട്ടിയോടിക്കുന്നത് എന്റെ കുറ്റമാണോ?
നിന്റെ കാലടികളിൽ,
വിരൽച്ചുവപ്പിൽ,
നഖമിനുക്കങ്ങളിൽ,
വിറയാർന്ന ഉഴറുന്ന ചുണ്ടുകളിൽ, മിനുത്ത കുഞ്ഞുടുവസ്ത്രങ്ങളിൽ,
പ്രതിഷേധിക്കാതെ
കുഴഞ്ഞ് മരിച്ചുവീണ,
എന്റെ തെറിത്തോറ്റങ്ങളുടെ
സൂചിമുനകൾ
വിളിക്കാതെ കയറി വരുന്നത്
എന്റെ തെറ്റു കൊണ്ടാണോ?
അറിവിനെ, കാഴ്ചയെ, സ്‌നേഹവട്ടങ്ങളെ, കെടുത്തിക്കളഞ്ഞതുകൊണ്ടാണ്, കാഴ്ചപ്പുറങ്ങളിൽ നീയില്ലാതാവുന്നതിന്റെ
ശരിയാകുന്ന ശരികേടുകളെ ഗതികേടുകളുടെ കൂടെ ഞാൻ കെട്ടിയിട്ടത്.
അത് ശരിക്കുമങ്ങ് കെട്ടുപിണഞ്ഞു പോയെന്നേ..
ഇനിയിപ്പോൾ സമയം തീരെ കുറവായതുകൊണ്ട് ,
ആയുസ്സ് തീരെ മുഴുകിക്കൊണ്ട് അഴിച്ചെടുക്കണമെന്നില്ല..
മീശ മുറിക്കുന്ന മെല്ലിച്ച ചെറിയ കത്രിക കൊണ്ട് മുറിച്ചെടുത്താലും മതി..
പൊക്കിൾക്കൊടി മുറിക്കുന്ന
ചെറിയ ലാഘവത്തോടെ.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.