ആദ്യ രാത്രിയിൽ പൂക്കളുണ്ടാകും,
ആദ്യമായ് വാനം ഒന്നിച്ചു കാണും,
ആദ്യരാത്രിയിൽ അമ്മമാർ പാർന്ന
പാലിൽ പഞ്ചാര തോനെയുണ്ടാകും,
ആദ്യരാത്രിയിൽ പട്ടുടയാട വേണം,
നീക്കുമതാണിന്റെ വേഗം.
എന്തു ചന്തം കിടക്ക വിരികൾക്കെന്ത്
കട്ടി ജനൽ വിരികൾക്കും;
ചുണ്ടുകൾക്ക് തണുപ്പുമിനിപ്പും
രണ്ടു പേർക്കും തരിപ്പുമുണ്ടാകും.
ആളുമത്രേ കൊടും തീയൊരെണ്ണം,
ആർത്തിരമ്പി മഴ പെയ്യുമത്രേ.
പൂക്കണം ചോന്നൊരിത്തിരിപ്പൂക്കൾ,
തീർച്ച, കാണുന്നതല്ലേ സിനിമ?
അന്ന് നായകന്നെന്തോരു വീര്യം
ഇന്നലെപ്പോലും കണ്ടത് നീലം.
എന്നാൽക്കൈകൾ വിറയ്ക്കുന്നുമുണ്ട്,
പിന്നെക്കൈകൾ കുതിക്കുന്നുമുണ്ട്,
പേരും ഊരും അറിയാത്ത രണ്ടാൾ
വേദനിച്ച് കലങ്ങുന്നുമുണ്ട്.
കാത്തിരിക്കുവാൻ നേരമില്ലെന്ന്,
വേദനിച്ച് പഠിക്കണമെന്ന്
എന്റെ മാത്രം ഈ നിന്നുടൽ എന്ന്
ചെന്നു മാന്തിപ്പൊളിക്കുന്നുമുണ്ട്.
നൂറു നൂറു മഴയും നിലാവും
നൂറു വെയ്‌ലും പുരളുന്ന മെയ്യിൽ
മെല്ലെ മെല്ലെക്കിളരും തളിരേ
എന്തു കൊണ്ട് നീ നാണിക്കുന്നില്ല?
മഞ്ഞുകാലം കഴിഞ്ഞ പുഴയിൽ
മഞ്ഞ് പോലെ ഉറഞ്ഞ തണുപ്പിൽ
മൂരി നീർന്നു മിഴികൾ തുറപ്പൂ
താമരക്കിഴങ്ങാമ്പൽക്കിഴങ്ങും,
കൊമ്പ് തോറും പറന്നു കളിപ്പൂ
കുഞ്ഞു പക്ഷികൾ, തുമ്പി, പൂമ്പാറ്റ.
എന്തിനോ കരൾ വേദനിക്കുന്നൂ
എന്റെ സ്വന്തം ജനങ്ങളെപ്പറ്റി.
▮