‘കുറുഞ്ഞീ', യെന്ന ഒറ്റ വിളി മതി
ഓടിയെത്തി അവളുടെ മടിയിൽ അടിമയാവും
ഓമനപ്പേരു വിളിച്ചു ലാളിക്കെ
കുഴഞ്ഞു കുഴഞ്ഞൊരു പഴന്തുണിപോലെ
ചുരുണ്ടു കൂടും
കണ്ണടച്ച് ഉടലയച്ച് സർവ്വം മറന്ന്
അവളുടെ തുടകൾക്കു മീതെ-
യതിന്റെ മലർന്നുള്ള കിടപ്പ്
'മൂന്ന് പൂച്ചകളുടെ മയക്കം' എന്നൊരടിക്കുറിപ്പ് ആരെഴുതുന്നു?
തങ്കമേ, യെന്റെ തങ്കമേ, യെന്നു കൊഞ്ഞിക്കൊഞ്ഞി വിളിച്ച്
അതിന്റെ മുഖം കോരുന്നു
ഒരു കൈക്കുമ്പിൾ ചന്ദ്രകാന്തക്കല്ല്,
ഒരു മുല്ലമൊട്ടെന്ന് ലോലം
മുൻകാലുകളെയെടുത്ത് തപ്പുകൊട്ടിക്കൊട്ടിക്കൊട്ടി,
മുന്നാക്കം പിന്നാക്കം
പിന്നാക്കം മുന്നാക്കം സൈക്കിളോടിച്ച്
നിനക്കു ചുന്ദരിയാവണ്ടേന്ന്
കൊഞ്ചിക്കൊഞ്ചി
കണ്ണെഴുതി
പൗഡറു പൂശി
സിന്ദൂരി വരച്ച്
മണിമാല കെട്ടിയും
ഉംമ് മ് മ് മ് മ് മ് മ്-മെന്നവളുടെ
ചുണ്ട് മൂളി മൂളി മൂളി മൂളിച്ചെന്ന്
മ്മ, മ്മ,മ്മ മ്മ-
യെന്ന കുമിള പൊട്ടിപ്പൊട്ടിപ്പൊട്ടിപ്പൊട്ടി...
അവൾക്കു മടുക്കുമ്പോൾ
അതിനെയെടുത്ത് തറയിൽ വെയ്ക്കുന്നു
മറന്നു വെയ്ക്കുന്ന മാതിരി
മുറിയിലേക്കുള്ള അവളുടെ നടത്തം
തിരിച്ച് ഇടനാഴിയിലേക്ക്
പിന്നെ അടുക്കളയിലേക്ക്,
അവൾക്കു പിന്നാലെ തന്റേതല്ലാത്ത
നിഴൽ നടത്തങ്ങൾ
ചില നേരം 'പോ പൂച്ചേ',യെന്നാക്രോശിച്ച് കാലുകൊണ്ടതിനെ തട്ടിത്തെറിപ്പിക്കുന്നു
അതിന്റെ കരച്ചിൽ അനാഥം
അവഗണന പാലുപോലെയത് നക്കി
നക്കി കുടിക്കുന്നു
കുറച്ചുനേരം കഴിയുമ്പോൾ
അവൾക്കു തന്റെ പൂച്ചയോട്
വീണ്ടും സ്നേഹം തോന്നുന്നു
കുറുഞ്ഞീയെന്നു നീട്ടി വിളിച്ച്
കോരിയെടുത്ത് കൊഞ്ചല് കൊഞ്ചല് കൊഞ്ചല്
ബോർഹസിന്റെ പൂച്ച പക്ഷേ
ബോറൻ ഗൗരവം നടിച്ചും,
അഗാധ മൗനം ഭുജിച്ചും,
നിഗൂഡതയുടെ നിഴൽ ചുമന്നും
സ്നേഹമെന്തെന്നറിയാതെ
വെറുതെ മരിച്ചുപോകുന്നു.
(കുറിപ്പ്: വളർത്തുമൃഗങ്ങളിൽ പൂച്ച ഒരു സമസ്യയാണ്. വീടിനകത്ത് മറ്റുള്ളവർക്ക് കിട്ടാത്ത അധികാരവും സ്വാതന്ത്ര്യവും അവർ നേടിയെടുത്തു. സാഹിത്യത്തിലും പൂച്ച വിലസി. നിഗൂഡതകളുടെ നിത്യപ്രേമിയായി. രഹസ്യം സൂക്ഷിക്കാൻ കഴിവുള്ള കാര്യത്തിൽ ഒരു വീട്ടുകാരിയേക്കാൾ കേമിയെന്ന് എഴുത്താളർ അതിനെ നിരന്തരം വാഴ്ത്തി. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായൻ, ലൂയിസ് ബോർഹസ്സിന്റെ 'പൂച്ച' എന്ന കവിതയാണ് പൂച്ചയെഴുത്തിന്റെ ഗണത്തിൽ എണ്ണംപറഞ്ഞ ഒരു രചന എന്ന് ഞാൻ വിശ്വസിക്കുന്നു, അഥവാ അക്കവിത തന്ന വിസ്മയം വിട്ടുമാറാതെ പിൽക്കാലം ഞാൻ കണ്ട പൂച്ചകളെയെല്ലാം മറ്റൊരു കണ്ണിലൂടെ കാണാൻ ശ്രമിക്കയായിരുന്നു.
എന്നാൽ, ബോർഹസ് തന്റെ പൂച്ചയെ നോക്കുമ്പോഴാവട്ടെ, മനുഷ്യരുടെ, സ്നേഹമോ വെറുപ്പോ പോലുള്ള കേവല വൈകാരികതകൾക്കും ചിന്തകൾക്കുമപ്പുറത്ത് മറ്റൊരു ലോകത്തിന്റെ അധിപനും, ഔന്നത്യത്തിന്റെ പ്രതീകവുമായ് നിൽക്കുന്ന തീർത്തും അപരിചിതമായ മറ്റൊരു പൂച്ചയെയാണ് കണ്ടെത്തുന്നതും നമുക്കു പരിചയപ്പെടുത്തുന്നതും എന്നാലെത്രതന്നെ തലപ്പൊക്കമുള്ളതായിക്കൊള്ളട്ടെ, ഉന്നതമായിരിക്കുന്നതാവട്ടെ, മനുഷ്യസ്നേഹവും ലാളനയും അനുഭവിക്കാനാവാത്ത ആ പൂച്ച എത്രമാത്രം ഭാഗ്യംകെട്ടതും നിസ്സാരവും സഹതാപത്തിനു പാത്രമാവുമാണെന്ന ഒരു വിചാരപ്പെടലാണ് 'ബോർഹസിന്റെ പൂച്ചയും അവളുടെ കുറുഞ്ഞിയും' എന്ന ഈ കവിത).