വിൽസൺ കട്ടീൽ

ആ ഏകാധിപതി
പ്രേമിക്കുകയെങ്കിലും
​ചെയ്യണമായിരുന്നു

ഏകാധിപതി
ഒരു കുഞ്ഞിനെ ജനിപ്പിക്കണമായിരുന്നു...
ശരീരത്തെത്തന്നെ നുറുക്കുന്ന പേറ്റുനോവിനെ
കടിച്ചുപിടിച്ചു സഹിച്ച ഭാര്യയിൽനിന്ന്
വിറയ്ക്കുന്ന കൈകളിൽ പൊടിക്കുഞ്ഞിനെ വാങ്ങുമ്പോഴെങ്കിലും
അയാൾക്ക് മനസിലാകുമായിരുന്നു -
ജീവൻ രക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം.

ആ ഏകാധിപതി
കല്യാണമെങ്കിലും കഴിക്കണമായിരുന്നു...
ഉടുപ്പണിയുന്ന ഭാര്യയുടെ
‘‘ദേയ്, ഒന്നു റവുക്കയുടെ കുടുക്കിട്ടു താ''യെന്ന
ഉറക്കെയുള്ള പറച്ചിൽ കേൾക്കുമ്പോഴെങ്കിലും
അയാൾക്ക് മനസിലാകുമായിരുന്നു -
ആജ്ഞ നല്കുന്നതിലുമുണ്ടായിരിക്കാവുന്ന സ്‌നേഹം!

ആ ഏകാധിപതി
പ്രേമിക്കുകയെങ്കിലും ചെയ്യണമായിരുന്നു...
സല്ലാപം മിണ്ടാട്ടമായി വളർന്ന്
മൂർധന്യത്തിലെത്തിയ മൗനവും കോപവും
ഒരു ചുംബനത്താൽ അലിഞ്ഞില്ലാതാകുമ്പോഴെങ്കിലും
അയാൾക്ക് മനസിലാകുമായിരുന്നു -
എല്ലാം ആയുധങ്ങൾകൊണ്ട് ജയിക്കാൻ സാധ്യമല്ല!

ആ ഏകാധിപതിക്ക്
അയൽക്കാരോട് ഹൃദ്യതയെങ്കിലുമുണ്ടാകണമായിരുന്നു...
ഒരേയൊരു നോട്ടത്തിനായി
മതിലിനപ്പുറം മണിക്കൂറുകളോളം കണ്ണുംനട്ട്
കാത്തിരിക്കുമ്പോഴെങ്കിലും
അയാൾക്ക് മനസിലാകുമായിരുന്നു -
അതിരുകളെന്നാൽ യുദ്ധം മാത്രമല്ല!

അതെല്ലാം പോട്ടെ,
ആ ഏകാധിപതി
വേശ്യയോടൊപ്പം ശയിക്കുയെങ്കിലും ചെയ്യണമായിരുന്നു...
വസ്ത്രങ്ങളുടെ മറയില്ലാതെ
നഗ്‌നശരീരങ്ങളുടെ പിണയലിൽ
കട്ടിലു തന്നെ തൊട്ടിലുപോലെ ആടുമ്പോഴെങ്കിലും
അയാൾക്ക് മനസിലാകുമായിരുന്നു -
സിംഹാസനത്തിലെ വേഷഭൂഷണത്തിലെ നാടകീയത!

രാജാസനം, കസേര, പീഠം - ഒന്നും വേണ്ട
ആ ഏകാധിപതിയുടെ ഹൃദയത്തിൽ
ഒരു പെണ്ണിനിരിക്കാൻ
പലകയെങ്കിലുമുണ്ടായിരുന്നെങ്കിൽ
ഇന്ന് ആ രാജ്യത്ത്
സ്‌നേഹത്താൽ പൊതിഞ്ഞ ഭരണമുണ്ടാകുമായിരുന്നു!

‘Anybody who wants to rule the world should try to rule a garden first.'
-Gardening Saying

രാജ്യത്തെ ഏൽപ്പിക്കുന്നതിനു മുമ്പ്
അയാളുടെ കൈയിൽ
ഒരു കുമ്പിൾ വെള്ളം നല്കി
എന്റെ അടുക്കളത്തോട്ടത്തിൽ കൊണ്ടു ചെന്നാക്കണം.
ഉണങ്ങിയ ചെടിയിലേക്ക് ഒഴിക്കുന്നുണ്ടോ
കൽദൈവത്തിനു മീതെ ചൊരിയുന്നുണ്ടോയെന്ന് നോക്കണം.

രാജ്യത്തെ ഏൽപ്പിക്കുന്നതിനു മുമ്പ്
അയാളുടെ കൈയിൽ
ഒരു പിടി ചാണകം നല്കി
എന്റെ അടുക്കളത്തോട്ടത്തിൽ കൊണ്ടു ചെന്നാക്കണം.
ശോഷിച്ച ചെടിച്ചുവട്ടിലിടുന്നുണ്ടോ
അജ്ഞത കുഴച്ച് തലയിൽ പുരട്ടുന്നുണ്ടോയെന്ന് നോക്കണം.

രാജ്യത്തെ ഏൽപ്പിക്കുന്നതിനു മുമ്പ്
അയാളുടെ കൈയിൽ
ഒരു ചാൺ മുള്ള് നല്കി
എന്റെ അടുക്കളത്തോട്ടത്തിൽ കൊണ്ടു ചെന്നാക്കണം.
ചുറ്റുവേലിക്കപ്പുറത്തേക്ക് വലിച്ചെറിയുന്നുണ്ടോ
നടപ്പാതയിൽതന്നെ നടുന്നുണ്ടോയെന്ന് നോക്കണം.

രാജ്യത്തെ ഏൽപ്പിക്കുന്നതിനു മുമ്പ്
അയാളുടെ കൈയിൽ
ചെറിയയൊരു കൂന്താലി നല്കി
എന്റെ അടുക്കളത്തോട്ടത്തിൽ കൊണ്ടു ചെന്നാക്കണം.
വേരിന് പോലും നോവാത്തവിധം മണ്ണിൽ കുഴിക്കുന്നുണ്ടോ
മലർന്ന ചെടിയുടെ തണ്ടിനെത്തന്നെ വെട്ടുന്നുണ്ടോയെന്ന് നോക്കണം

ഇരിക്കാനുള്ള കസേരയും
മരഹത്യയിൽനിന്നുണ്ടാക്കിയിരിക്കെ,
എന്റെ അടുക്കളത്തോട്ടത്തിനും ഒരവസരം നല്കണം -
തെരെഞ്ഞെടുക്കപ്പെട്ട് വന്ന അയാളുടെയും
തെരെഞ്ഞെടുത്ത കോടാനുകോടി ആളുകളുടെയും
യഥാർത്ഥ യോഗ്യതയളക്കാൻ.
​​▮


എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിൽസൺ കട്ടീൽ

കവി, മാധ്യമപ്രവർത്തകൻ. യഥാർത്ഥ പേര് റോഷൻ സെക്വേര. മംഗലാപുരത്തെ കട്ടീൽ എന്ന സ്ഥലത്ത് ജനിച്ചു. കന്നഡയിൽ കൂടാതെ മാതൃഭാഷയായ കൊങ്കിണിയിൽ കവിതകളും കഥകളും എഴുതുന്നു. കൊങ്കിണി ഭാഷയിലുള്ള ‘ആർസോ' എന്ന മാസികയുടെ പത്രാധിപർ. ‘കിട്ടാൾ' എന്ന ഓൺലൈൻ മാഗസിന്റെ ഉപപത്രാധിപർ. ദീക്ക് ആനി പീക്ക്, വാവ്‌ളെ എൻകൗണ്ടർ, നിഷേധക്കൊളപ്പട്ട ഒന്ദു നോട്ടു എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments