എം.പി. അനസ്​

പാറപ്പള്ളി​

പാറപ്പള്ളിയിൽ
ആണ്ടുനേർച്ചതൻനാളിൽ,
ബദ്റിൽ ശഹീദായവർ
രാപകലനുഗ്രഹിച്ചു പാർക്കും മഖാമിടത്തിൽ.

ആദംനബി
വന്നുപോയ പാറമുകളിൽ,
രണ്ടുകാൽപ്പാടുകൾക്കരികിൽ,
നേർച്ചകൂടാൻ ചെന്നു നിൽക്കും.

പുല്ലുകൾ, പുൽച്ചാടികൾ,
പറങ്കിമാവിന്നിരുളുകൾ,
വികാരനിശ്ശബ്ദമാം മണ്ണടരുകൾ.
വളകളിട്ടു പടർന്നു നിൽക്കും
തരുകദംബങ്ങൾ.
മാലിക്ദിനാറവരിൽതൊട്ട
കടൽക്കാറ്റിന്നിലയനക്കങ്ങൾ.

പാറക്കെട്ടുകളിൽ
സ്വഫുസ്വഫായ് വന്നെത്തി തലകുമ്പിട്ടു
നിസ്ക്കരിക്കുന്നതിരമാലകൾ.

കടലിലെപ്പാറമടക്കുകൾക്കിടയിൽ
കല്ലുകൾ കായായ് വിരിയുന്ന
കല്ലുമ്മക്കായകൾ.
തിരകളെച്ചെന്നുതൊട്ട് തിരിച്ചോടുന്ന
കടൽക്കരയിലെ ഞണ്ടുകൾ.

പടിഞ്ഞാറിൻ ഖിബ് ലയിൽ
പള്ളിയെത്തലോടിക്കുമ്പിടുന്നൂ
മൈലാഞ്ചിച്ചുവപ്പിലർക്കരശ്മികൾ.

പുറപ്പെടുന്നൂ
വെള്ളിയാങ്കല്ലിന്നരികിൽ നിന്നായ്
പെരുംതിരകൾ താണ്ടിയൊരു തോണിയപ്പോൾ.
കൂരിരുട്ടിൻ പ്രളയത്തിലൊരു പേടകം പോൽ.

തോണിയിൽനിന്നും
നിസ്ക്കാരക്കുപ്പായമണിഞ്ഞ,
മേഘങ്ങളേറെയിറങ്ങിടുന്നൂ,
കടൽത്തിരകൾകടന്നുനേർച്ചകൂടുവാൻ.

കൈകളിൽ
തസ്ബീഹുമാലകൾ.
പിന്നിലേക്കായ് പറക്കുന്നൂ
തലയിൽകെട്ടിയതട്ടത്തിൻവാലുകൾ,
വിരലുകളിൽ പവിഴക്കൽമോതിരങ്ങൾ.

കാവമൂത്ത് മണംപടരുന്നൂ.
ദമ്മുപൊട്ടി വിരിയുന്നൂ
ബിരിയാണിതൻ മഞ്ഞമൊട്ടുകൾ.

ദിക്റുകളുരുവിട്ടൂ
തങ്ങൻമാരുസ്താദുമാർ,
നാട്ടുകാർ വീട്ടുകാരയൽക്കാരായവർ.
നേർച്ചകൂടി ഹൈറിലാകുന്നു പടപ്പുകൾ.

ജന്നാത്തുൽ ഫിർദൗസിന്നൊളി
നിലാവു പോൽ തെളിയുന്നു മാനത്ത്.

ആനകളെന്നപോൽ
കൂട്ടംകൂട്ടമായ് പാറകൾ.
ആനപ്പുറത്തെഴുന്നള്ളുന്ന പോൽ മസ്ജിദും.

സൂഫീനൃത്തമാടുന്നൂ മേഘങ്ങൾ.
കടലിളകുന്ന തിരമാലനൃത്തം.
പാറയും പളളിയും ഖബറിങ്ങളും
നിലാവിലിളകുന്നതാനന്ദ നൃത്തം.

പേടകത്തിലൊരായിരം
കടൽക്കിളികളിളകിപ്പറക്കും നേർച്ച.
മിന്നാമിനുങ്ങിൽ, പൂക്കളിൽ
ചെറുതാരകങ്ങൾതൻ തുടുത്തിളക്കം.

നിലാനേർച്ചയിലാണകവും പുറവും.
നിലാനേർച്ചയിലില്ലല്ലോ
മൗത്തെന്നും ഹയാത്തെന്നും,
സകലപ്രപഞ്ചാവാസമെന്നും.

സുബ്ഹ് വാങ്കിനോടടുക്കേ
മീൻവലകൾ നിറഞ്ഞതോണികൾ
കിഴക്കുനിന്നും പുറപ്പെടുന്നൂ.

അതിലേതുതോണിയിലായിരിക്കാം
നേർച്ചയായ് നൃത്തമാടിയ വെൺമേഘങ്ങൾ
തലേന്നാളെത്തിയതെന്നാരറിഞ്ഞു.
മേഘജാലങ്ങളോ മീൻവലകളോ ?

കടലിൽ
പുലരിമീനിൻ നിത്യമാം സ്വലാത്തുകൾ.
വേലിയിറങ്ങുന്നു,
നേർച്ച കൂടാനെത്തിയ,
കടൽക്കാറ്റും തിരമാലയും പടപ്പുകളും.▮

​ബദ്ർ - ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു യുദ്ധം
ശഹീദായവർ - വീരമരണം പ്രാപിച്ചവർ
മഖാം - മരിച്ചു പോയ മഹത്തുക്കളുടെ ഖബറിടം
ദുആ - പ്രാർത്ഥന
സ്വഫ്സ്വഫായ് - അണിനിരന്ന്
തസ്ബീഹ് മാലകൾ - സ്തുതികളും പ്രാർത്ഥനകളും എണ്ണുവാൻ കൈയിൽ കരുതുന്ന മാലകൾ
ജന്നാത്തുൽഫിർദൗസ് - സ്വർഗ്ഗീയാരാമം
ദിക്റ്- സ്തുതി
സുബ്ഹ് വാങ്ക് - പുലരിക്കുമുമ്പേയുള്ള വാങ്ക്
ഹൈറ്- നന്മ/ നല്ലത്
മൗത്തും ഹയാത്തും - മരണവും ജീവിതവും
സ്വലാത്ത് -പ്രകീർത്തനം.


എം.പി. അനസ്

കവി, എഴുത്തുകാരൻ, അധ്യാപകൻ. സകലജീവിതം, സമതരംഗം, അയ്യങ്കാളിമാല എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments