ആകാശം
അതിന്റെ പക്ഷിയെ സ്നേഹിക്കുന്നതുപോലെയാണ് നിന്നെ
സ്നേഹിക്കേണ്ടതെനിക്ക്
സന്ധ്യയിൽ
ഉയരത്തിൽ
ഒറ്റയ്ക്ക് പറക്കുന്ന പക്ഷിയെ കണ്ടു
അപ്പോഴാണ് തോന്നിയത്
ആകാശം
അതിന്റെ പക്ഷിയെ സ്നേഹിക്കുന്നതുപോലെയാണ്
നിന്നെ
സ്നേഹിക്കേണ്ടതെനിക്ക്
എന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക
അങ്ങനെ പറക്കുംനേരമാ പക്ഷി?
ഇതെന്റെ സ്വന്തം,
ഇയ്യാകാശമെന്റെ സ്വന്തമെന്നല്ലാതെ മറ്റെന്ത്?
ഞാൻ,
(അത് അവളോ അവനോ അവനവളോ അവളവനോ ആകട്ടെ)
ഈ ആകാശത്തിന്റെ ഉടമ
എന്നാവുമതിന്റെ മനസ്സിലപ്പോൾ
ഒരു പറവയുടെ
ഓരോ ചിറകടിശബ്ദവും
ആകാശം മുഴുവനും എന്റെ സ്വന്തമെന്ന
സൗമ്യവും ആനന്ദകരവുമായ
ആവർത്തനമാണ്.
സ്വന്തമാക്കലാണോ സ്നേഹമെന്ന്
നീ വിവേകിയാവാം.
'സ്വന്തം' ഒരു വിശ്വാസമാണെന്ന്
ഞാൻ മറുപടി പറയും.
അല്ലെങ്കിൽ ആകാശത്തേക്ക് നോക്കൂ
അതാ പക്ഷിയുടെ സ്വന്തമേയല്ല
അഥവാ
ഓരോ പക്ഷിയുടെയും സ്വന്തമാകുന്നു.
മരച്ചില്ലകളുടെ...
നിറങ്ങളുടെ...
പ്രകാശത്തിന്റെ...
കാറ്റിന്റെ...
പക്ഷിയുടെ...
പക്ഷികളുടെ...
നിന്റെ...
നിങ്ങളുടെ...
പറക്കുന്നേരം ഒരു പക്ഷിക്ക്
ആകാശമെന്നാൽ
അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ്
ഓരോ പറവയ്ക്കും
സ്നേഹം സ്വാതന്ത്ര്യം തന്നെയാണ്.
എന്തുകൊണ്ട്
ഞാനൊരു പക്ഷിയും
നീ ആകാശവുമാകുന്നില്ലെന്ന്
നീ സംശയാലുവാകാം.
ചില്ലകളോടുള്ള ഭയമാണെന്റെ ആകാശത്വം
വേരുകളോടുള്ള ഭയം
അഥവാ
കൊടുത്താലും കൊടുത്താലും മതിവരാത്ത
സ്നേഹത്തിന്റെ വിശാലത
സ്നേഹത്തിന്റെ ഉപമ
പനിനീർപ്പൂക്കളുടേതല്ല
അത് ആകാശത്തിന്റേതാണ്
നിന്റെ മേലെയും കീഴേയും വലതും ഇടതും ചുറ്റിപ്പടർന്ന്
ഞാനൊരു ആകാശമാകുമ്പോൾ
ഏറ്റവും ഉയരത്തിൽ പറക്കുംനേരം പോലും
നിനക്ക് ഭയം തോന്നുന്നില്ല
നിനക്ക് നഷ്ടപ്പെടുമോ എന്ന
വ്യാധിയുണ്ടാവില്ല
പതനഭയം കൂടാതെ സ്നേഹിക്കാനാവുന്നത്
എത്ര സുന്ദരമാണ്!
നോക്കൂ
ഒഴുകുന്ന മേഘങ്ങളെ
ഒരേ നദിയെ
നിങ്ങൾക്ക് രണ്ടാമത് തൊടാനാവില്ലെന്ന പോലെ
പക്ഷിക്ക്
നിമിഷാർദ്ധം മുൻപ് കണ്ട ആകാശത്തെ
വീണ്ടും കാണാനുമാവുന്നില്ല
ഇവിടെ ഉണ്ടായിരിക്കുമ്പോഴും
ഞാനിവിടെ ഉണ്ടാവുന്നില്ല
സ്വന്തമായിരിക്കുമ്പോഴും
ഞാൻ നിന്റെ സ്വന്തമേയാവുന്നില്ല
വെളുത്തും നീലിച്ചും ചുവന്നും മഞ്ഞച്ചും
കറുത്തിരുണ്ടും
പല നിറങ്ങളിൽ, കാലങ്ങളിൽ, ഇടങ്ങളിൽ
യുഗങ്ങളായി നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കയാണ്,
ഇനിയും തുടരുകയാണെന്റെ
ആകാശത്വം
ആകാശത്തിന്
അതിന്റെ പക്ഷിയോട് തോന്നുന്നതാണ്
നിന്നോടുള്ള എന്റെ സ്നേഹത്തിന്റെ ഉപമ
എന്നതിനാൽ
നിനക്ക്
നിറയെ തൂവലുകളുള്ള
രണ്ട് ചിറകുകൾ തുന്നിക്കൊണ്ടിരിക്കയാണ്
ഞാനിപ്പോൾ.