രഗില സജി

​​​​​​​​​​​​​​നോട്ടം തറഞ്ഞൊരാൾ

നോട്ടം തറഞ്ഞൊരാൾ
മരങ്ങൾക്കു ചോട്ടിൽ
മരിച്ചു കിടപ്പുണ്ടെന്ന് കേട്ടു.

അയാളുടെ വിരലുകൾ മണത്ത്
ഒരു പക്ഷി
ഏതോ ദിശ കീറി പറന്നു പോയെന്നറിഞ്ഞു.

അയാൾ അവസാനം കണ്ട കാഴ്ചയിലുരസി
എത്ര വേഗമാണെളുപ്പത്തിൽ
തീർന്നുപോയത്.

അങ്ങിനെയൊരാളുടെ പ്രേതം
എന്റെ കവിതയിൽ
പാർപ്പുതുടങ്ങിയതെന്തിനാണാവോ.

ഞാനുറങ്ങുമ്പോഴുറക്കം തീർന്ന
ഒരു പാട്ടുമായി
അയാളെന്നെ ഇരുട്ടിലേക്കുന്തുന്നു.

ചത്തുപോയവരുടെ നിലം തൊടാത്ത
കാലുകൾക്ക് ചോട്ടിൽ
ഞാൻ പിന്നെയും കവിത തിരഞ്ഞു
കവിതയ്ക്കു പകരം പലരുഴറിയ ഒരു നോട്ടം
എന്റെ നെറുകിൽ വന്നുമ്മവെച്ചു

ജീവിച്ചിരിപ്പുണ്ടെന്ന തോന്നലിൽ
ഞാനതേ മരത്തിൻ ചോട്ടിൽ
തണൽക്കിളുന്തുകളെണ്ണുന്നു.

പ്രിയപ്പെട്ടൊരാൾക്ക് വെളിച്ചത്തിന്റെ
വിടവിൽ വിരിഞ്ഞ പൂക്കളാണെന്ന്
സമ്മാനമായ് കൊടുക്കണം.
അയാളത് ചുംബിച്ച്
എന്റെ തന്നെ
നെഞ്ചിലേക്കാഴ്​ത്തുമ്പോൾ മാത്രം
ഞാൻ മരിച്ചെന്ന കരുതലുണ്ടായേക്കാം.

പുറത്തുവരാത്തൊരൊച്ചയിൽ
ആരൊക്കെയോ കരയുന്ന ഒരു കവിത
നിങ്ങൾ വായിച്ചു കഴിഞ്ഞിരിക്കുന്നു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം


രഗില സജി

കവി. അൽ സലാമ കോളേജ് ഓഫ് ഒപ്റ്റോമെട്രിയിൽ ലക്​ചറർ. മൂങ്ങയിൽനിന്ന് മൂളലിനെ വേർപെടുത്തുംവിധം, എങ്ങനെ മായ്ച്ചുകളയും ഒരാൾ വന്ന് പോയതിന്റെ അടയാളങ്ങൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments