പി. രാമൻ

നാലു കവിതകൾ

1. രാജാസ് സീറ്റ്, മടിക്കേരി

കുടകു മലമടക്കിലെ
ആ നഗരത്തിലെത്തിയപ്പോൾ
അവിടത്തെ രാജാവിന്റെ ഇരിപ്പിടം
ഒഴിഞ്ഞു കിടക്കുന്നു.

അതിൽ കയറിയിരുന്ന്
താഴത്തെ ചെറുകുന്നുകളെയും
അതിലും താഴത്തെ
പരന്ന താഴ് വരയേയും
ദൂരത്തെ മലകളേയും
സിംഹാസനത്തിലിരിക്കുന്ന രാജാവിനെപ്പോലെ
അവലോകനം ചെയ്തു.

ഇവിടെ വന്നിരിക്കുന്ന ഏതൊരാളും
എഴുന്നേറ്റു പോകുമ്പോൾ
സിംഹാസനം എടുത്തു കൊണ്ടുപോകാൻ
ആഗ്രഹിച്ച്
കഴിയാത്തതിനാൽ
ആ സിംഹാവലോകനമെങ്കിലും
കൂടെ കൊണ്ടുപോകാതിരിക്കില്ല.

ഇവിടെ വന്നിരുന്നു പോയ
ഏതു തെണ്ടിക്കും
ഇനിമേൽ
രാജാവിന്റെ നോട്ടം.

2. രക്തപരിശോധനാ റിപ്പോർട്ട്

മാസത്തിലൊരിക്കൽ
സ്വന്തം ചോരയോടു
മുഖാമുഖം നില്പവൾ നീ.

അതിനോടു സംസാരിച്ച്
അതു പറയുന്നതു കേട്ട്
അതിന്റെയിരുട്ടും സുതാര്യതയും ശ്രദ്ധിച്ച്.

മരണത്തിനു തൊട്ടുമുമ്പ്
പുരുഷന്
അപൂർവമായി മാത്രം കിട്ടിയേക്കാവുന്ന
സ്വന്തം ചോരയെക്കുറിച്ചുള്ള അറിവ്
സഹജമായ് തന്നെ
വളരെ നേരത്തേ നേടി നീ.

പക്ഷേ,

സ്വന്തം ചോരയിൽ
മാസത്തിലൊരു തവണ
മുങ്ങി നിവർന്നിട്ടും,

അതു നിന്നെ
പരിചയമേ ഇല്ലെന്ന മട്ടിൽ
തളർത്തുന്നതെന്ത്?

3. പത്മിനി

നീല വിരിയുന്നു
ചെങ്കരി നിറത്തിൽ നിന്ന്

മങ്ങിത്തിളങ്ങി
വീണ്ടും മങ്ങുന്ന
വർണ്ണപ്പരപ്പ്.

ഘനരേഖതൻ തിരകൾ
ഒഴുകിപ്പോകുമ്പോൾ
വർണ്ണപ്പരപ്പ്
ഇരു കരകളായ് പിളരുന്നു.

കടും വരകളിൽ
മുഴുകി നിൽക്കുന്ന പെണ്ണുടലുകൾ

ആദ്യം കണ്ടപ്പോൾ
ഈ ചിത്രങ്ങൾ
കൽവിളക്കിൻ തെളിച്ചമുണ്ടായിട്ടും
ഇരുട്ടിൽ പതുങ്ങിയിരിക്കുന്ന
സർപ്പക്കാവുകൾ

രേഖാപ്രവാഹത്തിൽ നിൽക്കുന്ന
ഒരു പെൺകുട്ടിയുടെ കയ്യിലെ
ചരടിനറ്റത്തെ പട്ടം
മങ്ങുന്ന ഭൂമിക്ക്
ഇത്തിരി വെളിച്ചം കൈമാറുകയാൽ
കാണുന്തോറും
തെളിഞ്ഞു വരുന്നു:

ഉടലിരമ്പിപ്പരക്കുന്ന പെണ്മ
വര തകർത്തു പരക്കുന്ന പെണ്മ

4. പിൻവെളിച്ചം

റിയാത്ത നാടുകളിലൂടെ
അതിവേഗ ബസ്സിൽ പാഞ്ഞു പോകുമ്പോൾ
ഒന്നു നിർത്തൂ... ഇവിടെ ഇറങ്ങണമെനിക്ക്
എന്നു വിളിച്ചു നിർത്തിയിറങ്ങാൻ തോന്നുന്ന
ഒരേ ഒരിടം:

മാമരപ്പച്ച പൊതിഞ്ഞ നീണ്ട നാട്ടിടവഴി
അതിന്റെ അങ്ങേയറ്റത്ത്
ഇടവഴിയിലേക്ക്
അലച്ചു വന്നുവീണുകൊണ്ടിരിക്കുന്ന
പിൻവെളിച്ചം.

അത് കോരിയൊഴിക്കുന്നത്
ഇവിടുന്നു നോക്കിയാൽ കാണാത്ത
ഒരു വെളിമ്പുറമാണ്.
വെളിച്ചത്തിൽ നിന്നു മാത്രമറിയാം അതിനെ.

ഒറ്റപ്പാച്ചിലിൽ
കുറുകെക്കടന്നു പോകുന്നവർക്കു പോലും
ഇടവഴിയുടെ ഇങ്ങേയറ്റത്തെ വരെ
പതിനായിരം ഉരുളങ്കൽ മിനുപ്പും
ഓരോന്നോരോന്നായി
കൊളുത്തിക്കാണിച്ചു തരുന്ന
ആ പിൻവെളിച്ചത്തിലേക്കല്ലാതെ
എനിക്കെങ്ങും പോകാനില്ല.​▮


പി. രാമൻ

കവി. അധ്യാപകൻ. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, പിന്നിലേക്കു വീശുന്ന കാറ്റ്, ഇരട്ടവാലൻ എന്നീ കവിതാ സമാഹാരങ്ങളും മായപ്പൊന്ന് (ജയമോഹന്റെ തമിഴ് കഥകളുടെ മലയാള പരിഭാഷ) എന്ന വിവർത്തന കൃതിയും രചിച്ചിട്ടുണ്ട്.

Comments