സുധാംശു

കവിതകൾ

അലഞ്ഞ വിശപ്പുകൾ

അന്തി പിണങ്ങിയ
കവല.
രാത്രി
ഒരു കടലാസ്
വിരിയിട്ടു.

കളഞ്ഞുപോയ
പകലുകളെ
കൂട്ടിക്കെട്ടി
സ്വപ്നങ്ങൾ
വണ്ടിയിറങ്ങി.

കെട്ട ഇരുട്ടിൽ
വീടില്ലാ-
വിശപ്പുകൾ
കുത്തിയിരിക്കും.

ജ്വലിച്ചുയരും
നാളെ
തലയില്ലാത്തവർ
സ്വന്തം
തെരുവിനെ
തിരഞ്ഞിറങ്ങും.

▮

വഴി

പി.എം. താജും
മുഹമ്മദ് ബഷീർ റോഡും
രണ്ട് വഴികളാണവർ.

എന്നാലെപ്പോഴും
മധുരം മണക്കും
തെരുവിൽ കൂട്ടിമുട്ടും.

കഥകൾ പറയാതെ
നാടകമാടാതെ
തിക്കിത്തിരക്കും.

ഗതിമുട്ടും മനുഷ്യർ
വഴികൾ ചോദിച്ചലയും.

▮

പുറത്താക്കപ്പെട്ടവർ

വെട്ടിമാറ്റിയ വാക്കുകൾ
കൂട്ടത്തോടെ
രാജ്യത്തിൽനിന്നും
പുറത്തായി

കുത്തും കോമയും
വള്ളിയും പുള്ളിയും
ഭാഷയിലെ
രാജാക്കന്മാർ.

ഇനി; വെടിവെച്ചുകൊല്ലാൻ
ഒരു കവിത വേണം.

നാടുകടത്തപ്പെട്ട വാക്കുകൾ
ആരുമില്ലാത്ത കാട്ടിൽ
രഹസ്യമായി മുളപൊട്ടി.

▮

ഒടുക്കം

കടലെടുക്കാത്ത
ഒരു കവിയും
ഭൂഖണ്ഡത്തിൽ
ഉണ്ടായിട്ടില്ല.

ആർത്തലച്ച
തിരകൾ
ഒരു വരിയും
നനച്ചിട്ടില്ല.

ഉപ്പു പുതച്ച
അവന്റെ നാവ്
ഭീമാകാരമായ
തിമിംഗലങ്ങളെ
കവിതകളിൽ
വലിച്ചിടും.

അന്ന്; കടൽ
കവികളെക്കൊണ്ട്
നിറയും.

Comments