രാത്രി കുറുകി കട്ട പിടിച്ചപ്പോൾ,
രണ്ട് യക്ഷികൾ
ഇരതേടാനിറങ്ങി.
നിഴലുകളില്ലാതെ,
നിലാവിന് സമാന്തരമായി,
അവർ നിലം തൊടാതെ ഒഴുകി.
പേരയും ചാമ്പയും പുളിയും
വേലി കെട്ടുന്ന നിരത്തുകളിൽ
ചോരയുടെ മണം പിടിച്ച്
അവർ കാത്തുനിന്നു.
നായ്ക്കൾ കുരച്ചു ചാടി.
‘എന്താണ് ഇതിന്റെയൊക്കെ അർത്ഥം?'
ഒരു യക്ഷി ചോദിച്ചു.
‘നിരർത്ഥകമെന്ന് ചുരുക്കാനാവില്ലെങ്കിലും
തത്വചിന്ത അനശ്വരർക്ക് ഭൂഷണമല്ലല്ലോ.
നാളെ ഉണ്ടോ എന്ന് അറിയാത്തവർക്ക്,
നാളെ ഉണ്ടാകുമോ എന്നും
ഇന്നലെ എവിടെ അവസാനിച്ചു എന്നും
ഇന്ന് എവിടെ തുടങ്ങി എന്നും
ആലോചിച്ചിരിക്കുന്നതിലുണ്ട്
അർത്ഥം ഉദ്ദേശ്യം.'
യക്ഷി മിണ്ടിയവസാനിച്ചപ്പോൾ,
ആദ്യത്തെ യക്ഷി
‘വിരോധാഭാസം' എന്ന്
കണ്ണു ചിമ്മി.
‘അനശ്വരത അനുഗ്രഹമല്ല.
അവസാനമില്ലാത്തതിനെ ആരും
തിരിഞ്ഞു നോക്കി ആസ്വദിക്കില്ല.
എന്നും ഒരേ സ്ഥലത്ത് പൂക്കുന്ന പൂവിനെ
ഒന്നു മണക്കാൻ,
ആരും മെനക്കെടുകില്ല.'
മുറിയാത്ത പുഴപോലെ നീണ്ട
മൺവഴിയുടെ അങ്ങേയറ്റത്ത്,
നിഴലനക്കം.
‘അജ്ഞതയിലാണ് സ്‌നേഹം സാധ്യമാകുന്നത്.'
ഇലഞ്ഞി മരത്തിനു പിന്നിൽ
അവർ
കാൽപ്പെരുമാറ്റത്തിന് കാതോർത്തു.
പ്ലാസ്റ്റിക് കവറിൽ വറുത്ത മീനും
കള്ളും
പൊതിഞ്ഞു പിടിച്ചൊരാൾ
ബീഡി വെളിച്ചത്തിൽ നടന്നു വരുന്നു.
പുക നിലാവ് പോലെ അടർന്നു വീഴുന്നു.
‘മനുഷ്യനാകാൻ നീ ആഗ്രഹിക്കുന്നതെന്തിന്?'
യക്ഷിക്ക് മറുപടിയില്ല.
‘അനിശ്ചിതത്തിലാണ് ജീവിതം.
നമ്മുടേത് ജീവിതമാണോ?
എന്നെങ്കിലും അപ്രതീക്ഷിതമായി അവസാനിക്കുന്നതാണ്,
അവനവന്റെ നിയന്ത്രണത്തിലല്ലാതെ
ഒടുങ്ങുന്നതാണ്
ജീവിതം.
എനിക്ക് ജീവിക്കണം.'
കാലൊച്ച അടുത്തു വരുന്നു.
ബീഡി നക്ഷത്രം പോലെ കെട്ടു.
‘ഇയാളുടെ ഭാര്യ ഇയാളെ സ്‌നേഹിക്കുന്നുണ്ടാകുമോ?'
സഞ്ചിയിലെ സ്‌നേഹസമ്മാനങ്ങൾ
മറന്നുപേക്ഷിക്കപ്പെട്ടതുപോലെ
വഴിയിൽ കിടന്നു.
▮