അന്നൊരന്തിച്ചായ്വിൽ പെരുമ്പിള്ളിച്ചിറ ഇടവഴിയിൽ വെച്ച്
അവിചാരിതമായി വെളിച്ചം വെളിച്ചപ്പെട്ടു.
ചിറയിൽ മുങ്ങിയ ഈറനുമായി
മുന്നിൽ ആളിനിന്നു
വെളിച്ചമേ എന്റെ വെളിച്ചമേ...
വെളിച്ചത്തെ ഞാൻ നങ്ങേത്തമ്മേടെ
കമ്പിളിനാരകത്തിന്റെ ചോട്ടിലേക്കു കൊണ്ടുപോയി
ഈറനഴിച്ച് നാരകക്കൊമ്പിലിട്ടു.
വെളിച്ചം പാതിമിഴി തുറന്ന് പുഞ്ചിരിയിട്ടു.
കമ്പിളിനാരങ്ങകളിൽ വിളഞ്ഞയൊന്ന്
പൊട്ടിചിതറി ചുറ്റിലും തെറിച്ചു.
മധുരനീരു നിറഞ്ഞ കതിരൊന്നെടുത്തു ഞാൻ
വെളിച്ചത്തിന്റെ ഇടംമുലക്കണ്ണിൽ തൊട്ടു.
വെളിച്ചം കോരിത്തരിച്ചു.
ഞാനാ-
ക്കതിർ
മെല്ലെ
കടിച്ചുപൊട്ടിച്ചു.
ആ
ലോകത്തെ ഏറ്റവും നല്ല രുചി
എനിക്കേ കിട്ടി.
വെളിച്ചം
കുടുകുടുകുടുകുടുകുടുകുടുകുടുകുടു കുടെ-
ച്ചിരിച്ചു.
വെളിച്ചവും ഞാനും ഇണചേർന്നു,
ഒരു ജന്മനീളം.
പിറ്റേന്നു പുലർച്ചെ
ചേട്ടൻമാരും അനിയൻമാരും കമ്പിളി നാരങ്ങക്കതിരുകൾക്കുമേൽ
ഉടുതുണിയില്ലാതുറങ്ങുമെന്നെ കണ്ടെത്തി.
ഞാൻ വെളിച്ചമേ വെളിച്ചമേ എന്നു വിളിച്ചുണർന്നു.
അവരെന്നെ കൊണ്ടുപോയി ചങ്ങലക്കിട്ടു.
ആണ്ടിലൊരിക്കൽ അവരെനിക്കു
വിളഞ്ഞുപഴുത്ത കമ്പിളിനാരങ്ങയുടെ ഒരു
നിറകതിരു തരും.
ഞാനതു പല്ലിനിടയിൽവെച്ചു മെല്ലെ കടിച്ചുപൊട്ടിക്കും.
ആ, എന്തു രുചി.
▮