ഡി. അനിൽകുമാർ

അസ്ഥികൂടം

ജിനേഷിന്റെ ചിത്രം കാണുകയാണ്
മീനിന്റെ അസ്ഥികൂടം
ഈ പേര് ജിനേഷ് ഇട്ടതല്ല
ഞാൻ ഇട്ടതാണ്

മീനിന് ചുറ്റും കടലല്ല
ഭൂമി
ഭൂമിയിൽ കൊരുത്തു നിൽക്കുന്ന
നാലു വളയങ്ങൾ
ഓരോ വളയവും മറ്റു ഭൂമികൾ

മനുഷ്യർ ഇല്ലാത്ത
മീനിന്റെ അസ്ഥികൂടം
മാത്രമുള്ള ഭൂമി

ജിനേഷിന്റെ ചിത്രം കാണുകയാണ്
ഇലകൾ കൊഴിഞ്ഞ മരത്തിന്റെ അസ്ഥികൂടം
ഈ പേര് ജിനേഷ് ഇട്ടതല്ല
ഞാൻ ഇട്ടതാണ്

മരം നിൽക്കുന്നത് കാട്ടിലല്ല
ശൂന്യതയിൽ
ശൂന്യതയിൽ കൊരുത്തു നിൽക്കുന്ന
എട്ട് ശിഖരങ്ങൾ
ഓരോ ശിഖരവും മറ്റു ശൂന്യതകൾ

മണ്ണില്ലാത്ത
മരത്തിന്റെ അസ്ഥികൂടം മാത്രമുള്ള
ശൂന്യത

പെട്ടെന്ന് വെളിച്ചം വന്നു
അസ്ഥികൂടങ്ങൾക്ക് ജീവൻ വച്ചു
മരം മരമായി തഴച്ചു വളർന്നു
മീൻ മീനായി നീന്തി തുടിച്ചു

ഇപ്പോൾ കാണുന്നത്
ജലം
മണ്ണ് ​▮

(ചിത്രകാരൻ ജിനേഷ് കെ. ബാബുവിന്റെ Intractable labyrinth of Infinite Layers എന്ന ഏകാംഗ ചിത്രപ്രദർശനം കണ്ടതിന്റെ ഓർമ.)


ഡി. അനിൽകുമാർ

കടൽത്തീര ജീവിതവും ഭാഷയും സവിശേഷമായ രീതിയിൽ പ്രമേയമാക്കുന്ന കവി. ചങ്കൊണ്ടോ പറക്കൊണ്ടോ, കടപ്പെറപാസ എന്നിവ പ്രധാന കൃതികൾ

Comments