എൽ. തോമസ്​ കുട്ടി

കർക്കടകം

വണി തിന്നും
പൂഞ്ഞ് നുണഞ്ഞും
മഴയുദ്ധം,
ഞെരിഞ്ഞുള്ളിൽ പെരുമ്പറ.

കഞ്ഞിയില്ലാ
കള്ളക്കർക്കടകക്കൂരിത്തേങ്ങ -
പ്പെരുമീനുദിച്ചപ്പോ
ചെറുതോണിയിറക്കി,

കൊട്ടുവടി
കിടകിടാ
തോരാതെ കൊട്ടി
കാരിയേം കൂരിയേം വിരട്ടിക്കോരി
കീഴെയാഴത്തിൽ
മട്ടിക്കടിയില -
വളുടരുമക്കിടാക്കൾ
കണ്ണടയ്ക്കാതെകരഞ്ഞു,
വെള്ളം ചുഴിച്ചു
താന്നു!

വല
കൊരണ്ടി
കോരോലത്തടിയുമേറ്റ്
കരയിലണഞ്ഞ കാറ്റിനിനുപ്പ്,
പെരുത്തു കറുത്ത തണുപ്പ്.
കൊള്ളിവാക്കിനും
പാളമുറിക്കും
തിള തിള തിളയ്ക്കും
മൺകലത്തിനും
വേണ്ടതെല്ലാമെടുക്കാം
അടങ്കലല്ലാതെ.

തോണ്ടി
മണലാഴം തീർത്തൊ-
രാർത്തിച്ചുഴിയിൽ
പെട്ടുപോയ്
പട്ടു പോയ്
മീനും
മിന്നലും
കടൽ പ്രാണങ്ങളും
വേലിയിറക്കമായ്
കർക്കടകക്കരി വാവ്.

വിളക്കെല്ലാം
കണ്ണുനട്ടിരിപ്പൂ
ജീവവായുവും
ജീവനും
ജീവിതവും
കായലിൽ, കടലിൽ ...​▮


എൽ. തോമസ് കുട്ടി

കവി, നാടകകൃത്ത്, സംവിധായകൻ. കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം അധ്യക്ഷനായിരുന്നു. ക്ഷ-റ, തെരഞ്ഞെടുത്ത കവിതകൾ, കറുത്ത ചിരിയുടെ അരങ്ങ്, ജൈവ നാടകവേദി, മലയാള നാടകരംഗം: പ്രമാണവും പ്രയോഗവും, പരിസര കവിത തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments