തീവണ്ടിക്കുള്ളിൽ
ഞങ്ങളനങ്ങുന്നു.
അനക്കത്തിന്
എന്റെയും മക്കളുടെയും രൂപമാണ്.
അല്ല ,തൊട്ടപ്പുറത്തിരിയ്ക്കുന്ന
രണ്ട് ചെക്കന്മാരുടെയും
ഒരു പെൺകുട്ടിയുടേയും രൂപമാണ്
അല്ലല്ല സീറ്റിന് ചോട്ടിലുള്ള
ഞങ്ങളുടെ
ലഗ്ഗേജുകളുടെ,
അല്ലേയല്ല
പ്ലഗ്ഗിൽ ചാർജു ചെയ്തിട്ട
ഒരാളുടെ മൊബൈലിന്റെ,
അതുമല്ല
കൊളുത്തിൽ തൂക്കിയിട്ട കുപ്പിയിൽ കിടന്നാടും വെള്ളത്തിന്റെ ,
അങ്ങനൊന്നുമല്ല
തീവണ്ടി കടന്ന് പോകും നാടിന്റെ,
നാടിനൊപ്പം നീങ്ങും മേഘങ്ങളുടെ,
മേഘങ്ങൾ തടയുന്ന
മലനിരകളുടെ,
മലയിൽ നിന്നവസാനത്തെ കൂക്ക് കേൾപ്പിക്കും
തീവണ്ടിയുടെ തന്നെ രൂപം.
അനക്കം
തീവണ്ടിയോളം വലിപ്പമുള്ള
ഒരിഴ ജന്തുവായി
ഭൂമിയെ ചുറ്റുന്നു.
ഋതുക്കളുണ്ടാവുന്നു,
ഇരുട്ടും വെളിച്ചവുമുണ്ടാകുന്നു
ഞങ്ങളനങ്ങുന്നത്രയും വേഗത്തിൽ.
▮