രാജൻ സി.എച്ച്​.

ഇപ്പോഴൊന്നും ഓർമ കിട്ടുന്നില്ല

രാവിലെ കുടിച്ചത്
കട്ടനായിരുന്നു,

ഇപ്പോഴൊന്നും ഓർമ കിട്ടുന്നില്ല.

പ്രാതലിന് ദോശയും
ചമ്മന്തിയുമായിരുന്നു,

ഇപ്പോഴൊന്നും ഓർമ കിട്ടുന്നില്ല.

ഉച്ചയ്ക്ക്
ഉണ്ടതായിരുന്നു,
തരിമൂക്കിൽക്കയറിത്തുമ്മിയിരുന്നു,

ഇപ്പോഴൊന്നും ഓർമ കിട്ടുന്നില്ല.

രാത്രി കഞ്ഞിയോ ഓട്‌സോ
കോരിക്കുടിച്ചിരുന്നു,

ഇപ്പോഴൊന്നും ഓർമ കിട്ടുന്നില്ല.

രാഷ്ട്രപതി ആർ. വെങ്കിട്ടരാമനായിരുന്നു
പ്രധാനമന്ത്രി മൻമോഹൻ സിങ്ങായിരുന്നു
മുഖ്യമന്ത്രി വി എസ്സായിരുന്നു
തലസ്ഥാനം ന്യൂഡൽഹിയായിരുന്നു
ചന്ദ്രനിൽ ആളിറങ്ങിയിരുന്നു
കുത്തബ്മിനാറിന് ചെരിവുണ്ടായിരുന്നു
താജ്മഹൽ ആഗ്രയിലായിരുന്നു
പാകിസ്ഥാനും ഇന്ത്യയായിരുന്നു
ഗോർബച്ചേവ് റഷ്യയിലായിരുന്നു

ബാക്കിയൊന്നും ഓർമ കിട്ടുന്നില്ല.

രാത്രി മുഴുവൻ
ഉറക്കമായിരുന്നു
പകൽ മുഴുവൻ
അലച്ചിലായിരുന്നു
സൂര്യനെന്നു
പേരായിരുന്നു

ഇപ്പോഴൊന്നും ഓർമ കിട്ടുന്നില്ല.

കാലുകൾ കൊണ്ട്
ഭൂമിയിൽ നടന്നിരുന്നു
തലയാകാശത്തെ
തുളച്ചുയർന്നിരുന്നു
ഗാന്ധിജിക്ക്
വെടിയേറ്റിരുന്നു
നാടുനീളെ കലാപം
പടർന്നിരുന്നു.
ഗോദ്രയിൽ
വണ്ടി കത്തിയിരുന്നു.
കശാപ്പു തുടർന്നിരുന്നു.
സ്വാതന്ത്ര്യത്തിന്
വയസ്സായിക്കൊണ്ടിരുന്നു.

ഇപ്പോഴൊന്നും ഓർമ കിട്ടുന്നില്ല.

ഓർമ്മകളൊന്നും
ഓർമ്മകൾ മാത്രമല്ല.
മറവികളത്രയും
മറവികൾ മാത്രമല്ല.
ജീവിച്ചിരുന്നുവെന്നതൊരു
തെളിവു മാത്രമല്ല.
മരണമെന്നതൊരില്ലായ്മ
മാത്രമല്ല.
നിങ്ങളൊരാൾ
നിങ്ങളൊരാൾ മാത്രമല്ല.
എന്നാലോ
ഇപ്പോഴൊന്നും ഓർമ്മ കിട്ടുന്നില്ല.

കിട്ടുന്നതൊന്നും ഓർമയുമല്ല.

നിങ്ങളിപ്പോൾ
ഏതു രാജ്യത്താണ്,
ഏതു കാലത്തിൽ,
ഏതു കുലത്തിൽ,
ഏതു വംശത്തിൽ?

ഇപ്പോഴൊന്നും ഓർമ കിട്ടുന്നില്ല.

ഓർമ കിട്ടുകയാണെങ്കിൽ
ഏതു വിരലിലാണ്
മഷിയടയാളം പതിച്ചതെന്ന്,
ആധാറിലെ പടമാരുടേതെന്ന്,
പ്രധാനമന്ത്രി മോദിയോയെന്ന്,
പ്രസിഡൻറ്​ മുർമ്മു തന്നെയെന്ന്,
ഇ. എം. എസ്സൊരു ഛായാപടമെന്ന്,
പട്ടേലൊരുഗ്രൻ പ്രതിമയെന്ന്,
നെഹ്​റുവിതളടരും റോസാപ്പൂവെന്ന്,
ഗാന്ധിജിയൊരു കറങ്ങാത്ത ചർക്കയെന്ന്,
വൈറസ്സിനോളം ലോകം നിറഞ്ഞൊരു
രാഷ്ട്രീയമില്ലെന്ന്,
സൈബറിടമാണ് ഭരണസിരാകേന്ദ്രമെന്ന്,
വ്യക്തിയെന്നത് തുളവീണൊരു കുടമാണെന്ന്
എന്ന് എന്ന് എന്നതൊന്നും

ഇപ്പോഴൊന്നും ഓർമ കിട്ടുന്നില്ല.▮


രാജൻ സി.എച്ച്.

കവി. വിപരീതം, മറന്നുവെച്ചവ, പാഴ്​നിഴൽക്കൂത്ത്​, സമവാക്യം, അവൾ ഇവൾ മറ്റവൾ, ഒറ്റച്ചിലപ്പ്​ (കവിതാ സമാഹാരങ്ങൾ), കള്ളനമ്മാവൻ (കുട്ടികൾക്കുള്ള കവിത സമാഹാരം) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments