റോബിൻ എഴുത്തുപുര

കല്ലാർകുട്ടിയും
പെരിഞ്ചാംകുട്ടിയും

കുട്ടിയെ കാണുവാൻ
ജീപ്പിന്റെ പൊറകിൽ
തൂങ്ങിയാടിനിന്ന് പോവ്വാ

ചാഞ്ഞുചെരിഞ്ഞ്
ആറുകടന്ന്
ഏഴ്, എട്ട്, ഒൻപതാം വളവും കഴിഞ്ഞ്

ആടു കുതിക്കുന്ന
കോഴിപറക്കുന്ന
പാലെടുക്കും റബർ-
ചേട്ടൻ തെറിക്കുന്ന നാട്ടിലെത്തി

കുട്ടിയേ കണ്ടേ
കല്ലാർകുട്ടിയേ കണ്ടേ ....

കുട്ടിയെ കാണുവാൻ
ജീപ്പിന്റെ പൊറകിൽ
‘മുസ്തപ്പാ മുസ്തപ്പാ'
മൂളിയങ്ങ് പോകുവാ

തീകൂട്ടി
ചെമ്പുരുട്ടി
പത്തനിട്ടുകപ്പ വാട്ടി
കുട്ടയാട്ടി വാരി വാരി
പൂളിടുന്നൊരാൾ ...

പൂളുവീണ ചൂടുവീണ
പാറമാറി പുല്ലുമാറി
ഡാമുകണ്ട് പോകേ

കയറെടുത്ത് കമ്പുകെട്ടി
ഓലയിട്ട് മേലെമേഞ്ഞ്
കാലുവെച്ച് കതകുവെച്ച്
തട്ടിമുട്ടി - യേറുമാടം പൊക്കിനാട്ടി
വാ പൊളിച്ച് കൂവലാറ്റി
പാട്ടുപാടും വേട്ടയാശ്ശാൻ
കള്ളുവാങ്ങാൻ കാശ്ശെടുത്തൂ ....

ചേമ്പുവാങ്ങി ചേനവാങ്ങി
ആനപോകും താരമാറി
ചുട്ടുതിന്നാൻ മേടുനോക്കി
പോയി പോയി ....

കുട്ടിയേ കണ്ടേ
പെരിഞ്ചാംകുട്ടിയേ കണ്ടേ .....

ജീപ്പുനിന്നി, രച്ചുനിന്നു
വിരണ്ടപുക വിറച്ചുനിന്നു
ആശുപത്രി വാർഡിനുള്ളിൽ
ചിരി, ചിരി, ചിരി.... ഇരട്ടപ്പെൺചിരി.

അച്ഛനായല്ലെ?
ഇടുക്കിക്കുട്ടികളുടെ അച്ഛൻ!▮

Comments