സിദ്ധാർഥ്​ എസ്​.

ഗുജറി പെട്ടകം

ഒന്ന്​: കൊതുമ്പില്

നാക്ക് വറ്റുമ്പോ
തൊണ്ടക്കൊരല് എരിയുമ്പോ
മൂന്ന് ദിക്കോട്ടും
ചാവറിയാതെ കിടന്ന അടുപ്പിൽ
നെറുകെ കീറിയ
കൊതുമ്പില് കത്തിച്ച്
ആവി പിടിക്കുന്നതാണ്
അമ്മിണിയുടെ എട്ടുമണി സൂത്രം.

രണ്ട്​: നായ് കുറുക്കൻ

പോണ വഴിയളക്കാൻ
പള്ള വിളിക്കുന്ന
ഉയ്യാരപ്പാടുകളെ എണ്ണിനോക്കി.
ചാക്കിൻകൂനയ്ക്കിടയിൽ
കൈലിത്തുമ്പ് തിരുകി
ഒലിച്ചിറങ്ങുന്ന മോഹത്തുള്ളികളെ
ഒപ്പിയെടുത്ത് മണത്തു.

‘അമ്മവീട്' ഹോട്ടലിൽ കേറി
‘തിന്നുമുടിച്ച'
ഒരു പതിനെട്ടുകാരിയുടെ കഥ
അമ്മിണി
പള്ളയ്ക്ക് പറഞ്ഞുകൊടുത്തു.
അത് ഉറങ്ങി.

ഫുൾടാങ്ക് ഡീസൽ കുടിച്ചതിന്റെ
സുഖം കാണിക്കാൻ
അവളുടെ മൂക്കിലേക്ക്
പുക അടിച്ചുകേറ്റിയത്
‘കുറുക്കന്റെ' പത്തുമണി സൂത്രം.

മൂന്ന്​: ഗുജറിക്കൂനയിലെ ‘മിൽമ'

ഗുജറി,
ആത്മാവുമരിച്ച ശരീരങ്ങളുടെ
പെട്ടകം.

പൊളന്നതും പൊളയാത്തതും
നിറഞ്ഞതും നിറയാത്തതും
കഴിഞ്ഞതും ബാക്കിയായതും.

പാക്കറ്റ് മലയുടെ
ഉച്ചിയിൽ കേറിയ
1001-മത്തെ വനിതയാണ്
അമ്മിണി.

പിണഞ്ഞുകേറുമ്പോൾ
അവൾ ബോധം പോയതിനെ
തേടുന്ന കുഞ്ചുനീലി.

ചത്തുമലച്ചതിനെയല്ല
കൂദാശ കാത്തിരിക്കുന്നവരെ
കാണാനുള്ളതാണ് ആശ.

ഒടുക്കം,
ഗുജറിയുടെ ഏതോ അറ്റത്ത്
പത്തുതുള്ളി ശ്വാസം ബാക്കിയായ
മിൽമയെ അവൾ മണത്തറിഞ്ഞു.
കണ്ണടഞ്ഞ് കൃത്യം അറുപതു മിനുട്ടെന്ന്
വിവരം കൊടുത്തു.

മണം അമ്മിണിയുടെ പള്ളയെ
കെട്ടിപ്പിടിച്ചതും
മറ്റൊരു സൂത്രം അവളെ
ഇക്കിളിയാക്കി.

മരണത്തിന്റെ
നീര് കുടിച്ചിറക്കുകയെന്ന
അമ്മിണിയുടെ ഒരുമണി സൂത്രം.​▮

*ഗുജറി - പ്ലാസ്റ്റിക് അടക്കമുള്ള ആക്രിസാധനങ്ങൾ ശേഖരിക്കുന്ന സ്ഥലം. *നായ് കുറുക്കൻ - പിക്ക് അപ്പ് വണ്ടിയെ പ്രാദേശികമായി വിളിക്കുന്ന മറ്റൊരു പേര്.

Comments