സുരേന്ദ്രൻ കാടങ്കോട്

കറുമ്പിയമ്മ

പായ

പാതിരാനേരമേറെയായി
പാൽക്കുടം വാനം തുറന്നിടുന്നു
കുന്നിൻചോട്ടിലെ കോളനിയിൽ
പായ മെടയുന്നു കറുമ്പിയമ്മ
കൂർത്ത നഖമുനക്കത്തിയാലേ
കറുത്ത വിരലുകൾ വേഗമായ്
നെയ്തു വിരിച്ചിട്ട പായ തന്നിൽ
നിലാവു വീണു കിടക്കയായി.

മുറുക്കി ചോപ്പിച്ച ചുണ്ടിലുണ്ട്
മുത്തു പവിഴം പൊൻമകാന്ന്
കാണാൻ വെമ്പുന്ന മട്ടിലായി
അമ്മപ്പാട്ടിന്റെ പച്ചയീണം.
കണ്ണു പായുന്നു കുന്നിലേക്ക്
തോളിലായ് സഞ്ചി തൂക്കിയിട്ട്
ഏതുരാവിലും വരുന്നതല്ലേ
കൈയിലാ തുകിൽവാദ്യമില്ലേ !
വല്ല്യ വല്ല്യ പഠിപ്പ് നേടി
കുന്നിറങ്ങി വരുന്ന മോനെ
ഓർത്തു ഓമനിച്ചപ്പോഴതാ
പായ എത്ര വിരിഞ്ഞു നിന്നു !
മെടഞ്ഞു കൂട്ടിയവയിൽനിന്ന്
ഒന്ന് നോക്കിയെടുത്തവള്
തെയ്യം കാണാനവൻ വരുമ്പോൾ
കൂട്ടുകാരും വരുന്നതല്ലേ .

തമ്പാച്ചി

ചാമുണ്ഡിക്കാവിലെ കോവിലിലിൽ
പന്തൽ പൊങ്ങി കളിയാട്ടമാകാൻ
തെയ്യക്കോലമണിയറയിൽ
നാലു ഊരിൻ പടിപ്പുരയിൽ
അന്നദാന കലവറയിൽ
പായ വേണം നിയമമുണ്ട്
പട്ടോലയിലാ എഴുത്തുമുണ്ട്
കാട്ടരികിലെ കോളനിയിൽ
കറുമ്പിയമ്മേടെ കുടുംബമാണ്
പായ കൊണ്ടരാനവകാശികൾ.

പെണ്ണുങ്ങളഞ്ചാറ് കൂട്ടിയിട്ട്
കാട്ടുനീരാറ്റിൽ കുളിച്ചെണീറ്റ്
കമ്മിറ്റിക്കാർ കൊടുത്തുവിട്ട
സെറ്റ്‌സാരിയും ബ്ലൗസ്സുമിട്ട്
പായ ചുരുട്ടി ഗുണം വരുത്തി
കറുമ്പിയമ്മ നടന്നിടുന്നു.

കോവിൽമുറ്റം നടപ്പന്തലിൽ
ആചാരച്ഛൻമാരതേറ്റു വാങ്ങി
കൈകൂപ്പി നിന്നു കറുമ്പിയമ്മ
പെറ്റ കുഞ്ഞിന്റെ പേരുചൊല്ലി
അരയിൽ തിരുകിയ നോട്ടെടുത്ത്
ഭണ്ഡാരപ്പെട്ടിയിൽ ഇട്ടുവെച്ചു
നുളളിയെടുത്താ മഞ്ഞക്കുറി
വെറ്റിലക്കെട്ടിലായി കാത്തുവെച്ചു.

തോറ്റം

ണ്ടു നാൾ കഴിഞ്ഞൊരന്തിയില്
ആ കോളനിക്കാരുടെ തങ്കമക
ചെമ്പട്ടു പൊതിഞ്ഞൊരാ പെട്ടിയിലായ്
കൂട്ടുകാരാൽ ചുമന്നു വന്നു
ഊര് വിറങ്ങലിച്ചൊന്നു നിന്നു
പെണ്ണുങ്ങൾ മാറത്തലച്ചലറി
കറുമ്പിയമ്മ പ്രതിമപോലെ
പിന്നെയാർത്തിരമ്പും കടലുപോലെ
കെട്ടിപ്പിടിച്ചു മോനെ ഉമ്മവെച്ചു
കത്തിക്കീറുകൾ മുഖം നിറയെ !
ഇല്ല മരിക്കില്ല എന്നൊച്ചച്ചിന്നി
കൂട്ടുകാർ ഉച്ചത്തിൽ വിളിച്ചതൊക്കെ
കുന്നിൽ തട്ടിയാ താഴ്വാരത്തിൽ
എങ്ങും മുഴങ്ങി പടർന്നിടുന്നു.

കൂരയിൽനിന്നൊരു പ്രാന്തിയായി
പുത്തനാ പായ നെഞ്ചിലേറ്റി
പിച്ചും പേയും പുലമ്പിയാലേ
പെട്ടിക്കരികിൽ കിടന്നിടുന്നു
കരിയോട്ടുവിളക്കിന്നരികിൽ വെച്ച
വെറ്റിലക്കെട്ടിലെ മഞ്ഞക്കുറി
മകന്റെ നെറുകയിൽ തൊട്ടിടുന്നു.

പാൽക്കുടം തുറക്കാൻ വയ്യാതായി
വാനം കരിമ്പടം പുതച്ചുനിന്നു.

ശവപ്പെട്ടിക്കരികിൽ കിടന്ന തുകിൽ -
വാദ്യമെടുത്തു വിറച്ചൊരാമ്മ
കൊട്ടിപ്പാടുന്ന പാട്ടിലിപ്പോൾ
കെട്ടിയാടാനൊരു മൂർത്തിയുണ്ട്.​▮

മക - മകൻ
തമ്പാച്ചി - ദൈവം
പട്ടോല - ആചാരനുഷ്ഠാനങ്ങൾ രേഖപ്പെടുത്തിയ എഴുത്തോല.


സുരേന്ദ്രൻ കാടങ്കോട്

കവി. അധ്യാപകൻ. വയ​ലോർമ, ഐസുവണ്ടിക്കാരൻ, കടലിനും കവിക്കുമിടയിൽ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments