ഒരു പാത്രം വെള്ളം മറ്റൊരു പാത്രം നീട്ടി -
പ്പകരും പോലല്ലാ കല്യാണം,
ചെറു തയ്യുകൾ വേർ പൊട്ടാതെ-
പ്പറിച്ചെടുത്ത് നടും പോലല്ലാ,
തൊഴുത്തു മാറ്റിക്കെട്ടൽ,
വേലയെടുത്ത് കൊടുക്കൽ,
രാവിലെ രാവിലെ
അറിയാതടിഞ്ഞ ദ്വീപിൽ ഞെട്ടി
ക്കണ്ണു തുറന്നെണീയ്ക്കൽ,
തെറ്റുകൾ അനവധി ആവർത്തിക്കൽ,
നുണ പറയൽ,കേൾക്കൽ,
പേടിച്ചൊരു പുഴയിൽ താഴൽ,
വിജനത,അജനത,ആൾക്കൂട്ടം,
ബത ബത എന്നു വിലാപങ്ങൾ,
ചരൽ വഴി ശരണം വിളി കേറൽ
കവിതയെടുത്തൊരു മുറി ചാരൽ
ഇതുമല്ലതുമല്ലെതുമല്ല
നാം അറിയുവതൊന്നും
അതല്ലേയല്ല
ഇത് വരെയാടിയ കഥയല്ല
എത് വരെയെത്തും അതറിയില്ലാ...
▮