രാജേഷ് ചിത്തിര

ക്ലേശം

പച്ചമണ്ണ്

രു പുൽക്കൂട്ടത്തിൽ
ഉപേക്ഷിക്കപ്പെട്ടതായിരുന്നു
ആ ഇരുമ്പ് തുണ്ട്
പോകെപ്പോകെ
അതിന്മേലാകെ തുരുമ്പായി

എന്നും പുൽക്കൂട്ടം
രാത്രിയെ രാകി രാകി
വെളുപ്പിക്കുന്ന ഒച്ചയാൽ
ഉറക്കം നഷ്ടപ്പെട്ട ഇരുമ്പ്
തന്നെയൊന്ന് വെളുപ്പിക്കാൻ
സ്വയം രാകി നോക്കി

അത് പുല്ലിലുരസി
അത് മണ്ണിലുരസി
അത് കടന്നു പോയ കാറ്റിലും
പെയ്ത് നിറഞ്ഞ മഴയിലും
തിളച്ച് വീണ വേനലിലും
തന്നെത്തന്നെ രാകി നോക്കി

രാകി രാകി രാകി രാകി
രാകി രാകി രാകി രാകി
രാകി രാകി രാകി രാകി
രാകി രാകി രാകി രാകി
രാകി രാകി രാകി രാകി
രാകി രാകി രാകി രാകി

ഒരു നാൾ അത് തുരുമ്പിൽ നിന്ന്
വേർപെട്ട്
സ്വയം വെളിപ്പെട്ടു.

ആഹ്ലാദചിത്തനായ ഇരുമ്പ്
തനിക്ക് ചുറ്റുമുള്ള പുൽച്ചെടികൾക്കിടയിൽ
നൃത്തം വയ്ക്കാൻ തുടങ്ങി
ഇരുമ്പിന്റെ മൂർച്ചയാൽ
പുൽനാമ്പുകൾ നിലവിളിയോടെ
മുറിഞ്ഞു വീണു

ഇരുമ്പിനിപ്പോൾ
ഒരു നാരങ്ങയെ മുറിയ്ക്കാനാകും
ഒരു മാട്ടിൻകുട്ടിയെ ബലികൊടുക്കാനാവും
ഒരു സഹോദരനെ കൊല്ലാനാവും
ഒരു മരത്തിന്റെ ജീവനെടുക്കാനാവും
ഒരു കൂട്ടം മനുഷ്യരുടെ ചോര വീഴ്ത്താനാകും

ഒരുപാട് കാലം
പലതും ചെയ്ത് ചെയ്ത്
ചെയ്തതിനെല്ലാം പഴികേട്ട്
മടുത്ത് മടുത്ത്
ഒരു ദിവസം അത് ഇങ്ങനെ ചിന്തിച്ചു

ഒരു പണിയും ചെയ്യാതെ
തുരുമ്പാവുന്നതായിരുന്നു
വെളിപ്പെടുന്നതിനേക്കാൾ സുഖകരം.

തുരുമ്പായിരുന്നെങ്കിൽ
മണ്ണിൽ ലയിച്ചേനെ
ആ മണ്ണിൽ പുൽനാമ്പുകൾ കുരുത്തേനെ
അത് രാത്രിയെ രാകി വെളുപ്പിച്ചേനെ
അത് പലയാളിന്റെ ഉറക്കം കളഞ്ഞേനേ

സ്വയം വെളിപ്പെടുന്നതിനേക്കാൾ
എത്ര അനായാസമാണ്
മറ്റൊരാളെ വെളിപ്പെടുത്തുന്നത്

ചില ദിവസങ്ങളിൽ നമ്മൾ

ഞാൻ കാലുകൾ കൊണ്ട്
പതം വരുത്തുന്നു
നീ അതിന്റെ മേലാകെ
തണുത്ത വെള്ളമൊഴിക്കുന്നു
ഞാൻ നോവിക്കുന്നു
നീയതിൽ നീരിറ്റുന്നു

നീയതിന് കൂടൊരുക്കുന്നു
ഞാനാ കൂട്ടിലേക്ക്
കോരി നിറയ്ക്കുന്നു
കൂടുപേക്ഷിച്ച അത്
പിണങ്ങി നിൽക്കുന്നു
​ഒറ്റയ്ക്ക്

ചുവരുകൾ

പിണക്കം മാറ്റാൻ
ഞാൻ അവയെ തലോടുന്നു
കൂട്ടം തെറ്റിയവരെ
ചേർത്ത് നിർത്താൻ
നീ കഥകൾ പറയുന്നു
പാട്ടു പാടുന്നു.
അവരെ ചേർത്ത് വയ്ക്കുന്നു
നമ്മൾ

നനഞ്ഞ പാട്ട്

നിന്റെ പാട്ടിനൊപ്പം
നിറഞ്ഞ പാള
കരയിലേക്ക് വരുന്നു
നിന്റെ പാട്ട് എന്നെ നനയ്ക്കുന്നു
മണ്ണ്
നിന്റെ നഖങ്ങൾക്കിടയിൽ
മണ്ണ്
എന്റെ ഉടലിൽ

പരസ്പരം നനയുന്നു
രണ്ടു ചുവരുകളായി
കെട്ടിക്കയറുന്നു
നമ്മൾ

കിനാവ്

പഞ്ഞി മരത്തിന്റെ
എത്താക്കൊമ്പിൽ നിന്ന്
ഠപ്പ് ഠപ്പെന്ന്
ഒച്ച കേൾക്കുന്നു
അതിനു കീഴെ
പഞ്ഞിമെത്തപോലുള്ള
മണ്ണിൽ ഒരു കിനാവ്
നമ്മൾ

രാത്രി

മാലാഖമാരെക്കുറിച്ചുള്ള
പാട്ടു പാടുന്ന ഞാൻ
ഉണക്ക വാഴപ്പോളകളിൽ
വെളിച്ചത്തിനു ചുട്ടികുത്തുന്നു.
നിന്റെ കണ്ണുകൾ നിലാവിന്,
നിലാവ് എനിക്ക് ,
വഴി കാട്ടുന്നു
ഒരു വെറ്റിലയിൽ നിന്ന്
മുറ്റത്തേക്ക് തുപ്പുന്ന ചോര.
നമ്മൾ

▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


രാജേഷ് ചിത്തിര

കവി, കഥാകൃത്ത്​. ദുബൈയിൽ ജോലി ചെയ്യുന്നു. ഉന്മത്തതകളുടെ ക്രാഷ് ലാൻറിങ്ങുകൾ, ടെക്വില (ദ്വിഭാഷാ സമാഹാരം), ഉളിപ്പേച്ച്, രാജാവിന്റെ വരവും കൽപ്പമൃഗവും (കവിത സമാഹാരം), ജിഗ്സ പസ്സൽ (കഥ) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments