അഭിരാമി എസ്.ആർ.

മരിയ ലൂർദ്ദിന്റെ കവിതകൾ

രിയ ലൂർദ്ദിന്റെ കാൽവെള്ളകളിൽ
കവിതയുണ്ട്
കൈവിരലുകളിലും കഴുത്തിലും
കൈവണ്ണയിലും കൺപോളകളിലും
അങ്ങനെയെല്ലായിടത്തും അവൾ
കവിതകളെഴുതുന്നു

മറ്റാർക്കും വായിക്കാനാകാത്ത
കുനുകുനുത്ത അക്ഷരങ്ങളിൽ
ചിലപ്പോൾ ഉറുമ്പരിക്കുന്നതു കാണാം
വള്ളികളും പുള്ളികളും
ചുനുപ്പും ചന്ദ്രക്കലയും
ചോനനുറുമ്പുകൾ അരിച്ചെടുത്തു കഴിഞ്ഞാൽ
ബാക്കി വരുന്ന ചിഹ്നം തെറ്റിയ
ചില അക്ഷരങ്ങളിലാണ്
മരിയ ലൂർദ്ദിന്റെ കവിതകൾ
വെളിച്ചപ്പെടുന്നത്

കടലാസിലേക്കു തർജ്ജമപ്പെടുത്താനാകാത്ത വണ്ണം
ശുഷ്കമായ വരികളാണവയെന്നാണ്
പ്രസാധകർ പറയുന്നത്
എങ്കിലും
കൃത്യമായ ഇടവേളകളിൽ അവർ
മരിയ ലൂർദ്ദിനെ തേടിയെത്തുകയും
അവളുടെ കവിതകളുടെ വടിവിലൂടെ
വിരലോടിക്കുകയും
ചോനനുറുമ്പ് ചവച്ചു തുപ്പിയ
ചിഹ്നം തെറ്റിയ അക്ഷരങ്ങൾ
രുചിച്ചു നോക്കുകയും ചെയ്യുന്നു

മരിയ ലൂർദ്ദ്
ഒരു പുണ്യാളത്തിയാണ്
ഫോർട്ട് കൊച്ചിയിലെ തെരുവുകളുടെ
ഏതൊക്കെയോ മൂലകളിൽ
അവൾ തന്റെ കവിതകളുടെ ബ്ലൂപ്രിന്റുകൾ
വിൽപ്പനയ്ക്ക് വയ്ക്കുന്നു
കാൽവെള്ളകൾ അമർത്തിച്ചവിട്ടുന്നു
ചോനനുറുമ്പുകൾ ഉപഭോക്താക്കളുടെ ചെവിയിലേക്കിരച്ചു കയറുന്നു

മരിയ ലൂർദ്ദ്
​ചിഹ്നങ്ങളുടെ പ്രസാധകശാലയാകുന്നു.

Comments