അഭിരാമി എസ്.ആർ.

വാൻഗോഗ്

റ്റയ്ക്കിരിക്കുന്ന ദിവസങ്ങളിൽ
ഞാൻ വാൻഗോഗിനെ ഓർക്കാറുണ്ട്
വിഷാദികളുടെ ആത്മഹത്യാമുനമ്പായ
അയാളുടെ കണ്ണുകളെക്കുറിച്ചും
ആ കണ്ണുകളിൽ വല വിരിച്ച്
മീൻ പിടിക്കുന്നതിനെക്കുറിച്ചും
പിൻകഴുത്തിലൊരു
നാക കെട്ടുന്നതിനെക്കുറിച്ചും
കാലുറകളിലൊരു
കടൽ വരയ്ക്കുന്നതിനെക്കുറിച്ചും
ആ കടലിലേക്കെന്നെ ഉന്തിയിടുന്നതിനെക്കുറിച്ചുമോർക്കും.

നിഴൽ
വലതു കണങ്കാൽ
നിവർത്തിപ്പിടിച്ച പുസ്തകം
ഞാൻ കടലോരത്ത് നിവർന്നു കിടന്ന്
ആകാശത്തൊരു ചിത്രം വരയ്ക്കുന്നു
പെട്ടെന്നൊരു തിരയാർക്കുന്നു
ഞാനതിൽ നനയുന്നു
എന്റെ ചിത്രം കുതിരുന്നു.

തിരതല്ലി നനഞ്ഞ
ചുവന്ന പുറംചട്ടയുള്ള പുസ്തകം
ഞാൻ കടൽത്തീരത്തുണക്കാനിടുന്നു
ഒരു കുട്ടി കരയുന്നു
അവന്റെ ഇടതുചെവിയിൽ നിന്നും
രക്തം ചോരുന്നു
എന്റെ പുസ്തകത്തിന്റെ നടുക്കാം പേജിൽ നിന്നും
ഒരു മുദ്രാവാക്യം പുറത്തേക്കു ചാടുന്നു
ഉരുളക്കിഴങ്ങു തിന്നുന്നവരുടെ ഒരു സൈന്യം
വടക്കോട്ടു പുറപ്പെടുന്നു

ഒറ്റയ്ക്കിരിക്കുന്ന ദിവസങ്ങളിൽ
ഞാൻ വാൻഗോഗിനെ ഓർക്കുന്നു
കാല്പനികത വറ്റിയ എന്റെ കാഴ്ചയുടെ മുഴച്ചിലുകളിൽ
വാൻഗോഗിന്റെയാളുകൾ തെറി വിളിക്കുന്നു
ഞാനവർക്കൊപ്പം ചേരുന്നു.
വാൻഗോഗ് ചിരിക്കുന്നു
ഞാനൊരു ചുറ്റിക കൊണ്ട് നക്ഷത്രങ്ങളുടച്ചു വാർക്കുന്നു.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments