പാതിരാത്രി കിടന്നുറങ്ങാൻ പോകുന്നതിനുമുൻപാണ് നിങ്ങളുടെ ഫോണിന്റെ അങ്ങേ മൂലയ്ക്ക് ഒരു നോട്ടിഫിക്കേഷൻ വരുന്നത്
അതും വ്യത്യസ്ത ലൈംഗിക പൊസിഷനുകളെപ്പറ്റി
പോസ്റ്റ് തുറക്കുന്നതിനു മുൻപ് ക്ലിയർ ചെയ്യാൻ മറന്നുപോയ സെർച്ച് ഹിസ്റ്ററിയെപ്പറ്റി നിങ്ങൾ ഓർക്കുന്നു
അകലങ്ങളിൽ ഒറ്റയ്ക്ക് കിടന്നുറങ്ങുന്ന കാമുകി തന്ന ഓൺലൈൻ ഉമ്മകളെപ്പറ്റി ഓർക്കുന്നു
ഈ ചൂടത്ത് ഒരു മഴ നിങ്ങൾ കൊതിച്ചു പോകുന്നു
(പാതിരാത്രി + മഴ + നോട്ടിഫിക്കേഷൻ = നോട്ട്ഔട്ട് അല്ല )
പകലുകൾ - തീർന്നുപോകുന്ന ഡേറ്റജീവിതങ്ങൾ,
വിനിമയക്കങ്ങൾ, റീലുകളിൽ കറങ്ങി ഒടുങ്ങുന്ന നേരം
പെട്ടന്നൊരു ഫ്‌ളാഷ് മെസ്സേജ് പോലെ ഓർമ
സർവീസ് പ്രൊവൈഡറിൽ നിന്ന് ഏതോ മുടിഞ്ഞ നേരത്ത് പുറപ്പെട്ട
ഒരു ടെക്സ്റ്റ്മെസ്സേജ് നിങ്ങളുടെ നോട്ടിഫിക്കേഷന്റെ കരണത്തൊരെണ്ണം കൊടുത്തു പറഞ്ഞുവിടുന്നു
12 മണിക്ക് തീരുന്ന ഡാറ്റാ നിങ്ങളുടെ കോവിഡാനന്തര
കാവ്യജീവിതത്തെ പുളകിതമാക്കുന്നു
പണിയില്ലാതെ പട്ടിണിയായ ഒഴിഞ്ഞ മുറി
നിങ്ങളെ പിടിച്ച് ഞെരുക്കുവാൻ തുടങ്ങുന്നു
മണ്ണെണ്ണ സ്റ്റൗവിന്റെ മൂലയ്ക്കിരുന്നു ചിരിക്കുന്ന, അറ്റം മുട്ടി നിക്കുന്ന
മണ്ണണ്ണപ്പാത്രം തട്ടിമറിച്ചൊരു എലി ഓടുന്നു
നീലിമ പടരുന്നു
നാളത്തെ കപ്പ പുഴുങ്ങിയത് നേരത്തേ അവൻ പുഴുങ്ങാതെ തന്നെ
ടച്ചിങ്സ് അടിക്കുന്നു
കൂർക്കം വലിച്ചുറങ്ങുന്ന സഹമുറിയൻ നോട്ടിഫിക്കേഷന്റെ ഷട്ടർ വലിച്ചിടുന്നു
ആയിരത്തൊന്നു രാവുകളിലെ പാതി മാത്രം ഓർമ്മയുള്ള
ഒരു കഥയോർത്ത് നിങ്ങൾ ഉറങ്ങാൻ കിടക്കുന്നു
പാതിരായ്ക്ക് ആർക്കും ഇനി ഇത് സംഭവവിക്കാതിരിക്കട്ടെ!
▮