ചില്ലുപാളികളായി ചേർന്നുറഞ്ഞിരുന്ന മൗനം ചുണ്ടു ചേർത്തിളം പച്ചയിൽ ചിതറിയുടയുമ്പോൾ ഒരു കവിൾശ്വാസമായി പിടഞ്ഞുയരുന്നു കവിത-വിരൽത്തുമ്പിലിറ്റുന്ന വിത്തുകൾ.
വിരൽത്തുമ്പിലിറ്റുന്ന വിത്തുകൾ എന്ന കവിതാസമാഹാരത്തിൽ കാണുന്നതുപോലെ ‘തലയ്ക്കു നേരെ രക്ഷാകവചത്തിലുമ്മ വെയ്ക്കാൻ വന്ന ശലഭത്തിൻ ചിറകുടയാതിരിക്കാൻ വേഗം കുറച്ചൊഴിഞ്ഞതിനാൽ പിന്നാലെ പാഞ്ഞടുത്ത മരണം വഴിമാറിയകന്ന'തുകൊണ്ടു മാത്രമാണ് ഇതെഴുതുന്നയാൾ കവിയായി ജീവിച്ചിരിക്കുന്നത്. ആ ശലഭച്ചിറകടിയൊച്ചകളുടെ ആയത്തിൽ നിന്ന് അത് സഞ്ചരിച്ച വഴികളിലെ വേനൽച്ചൂടിന്റെയാഴം, മണൽക്കാറ്റിന്റെ വേഗം, മഴക്കാടുകളുടെ ഭാഷ അവയെ കടന്നെത്തിച്ചേരുന്ന തെരുവുകളുടെ നെഞ്ചിലെ അടയാളവാക്കുകൾ ഒക്കെയും ഉള്ളിലറിയാനാകുന്നു.
കവിത ചുറ്റിപ്പിടിക്കുമ്പൊഴും കാലുറപ്പിച്ച് നിൽക്കാൻ പാടുപെട്ടുകൊണ്ട് ചെയ്യുന്ന സ്ഥിരം ജോലികൾക്ക് ഒരൽപ്പം അയവു വന്നതിനാൽ കൂടുതലെഴുതി.
നിശ്ശബ്ദത നഗരങ്ങളെ വിഴുങ്ങിത്തുടങ്ങിയ ദിവസങ്ങളിലൊന്നിൽ അടച്ചിട്ട വഴികളിലൂടെ ഒറ്റക്ക് പോകേണ്ടി വന്നു. മനുഷ്യരുടെ ഒച്ചകളുരച്ചു കളയുകയായിരുന്ന ആ ചെറുപട്ടണം ചിരപരിചിതയെങ്കിലും ഒരൽപ്പം ദേഷ്യത്തോടെ എന്നെ നോക്കി. ഞാൻ തല താഴ്ത്തി അതിവേഗമതിനെ കടന്നു പോകാൻ ശ്രമിച്ചു. പക്ഷേ വരാനിരിക്കുന്ന ദിനങ്ങളുടെ ഏകാന്തതയെക്കുറിച്ച് എനിക്കോ എന്റെ പട്ടണത്തിനോ അറിയുമായിരുന്നില്ല.
എല്ലായ്‌പ്പോഴും തിരക്കിലായിരുന്ന, അവധിക്കാലങ്ങളിൽ കൂടുതൽ കവിതകളെഴുതിയിരുന്ന ഒരാളെന്ന നിലയിൽ, വീട്ടിൽ പതിവിൽക്കവിഞ്ഞ നേരം ഇരിക്കാൻ കഴിഞ്ഞത് കൂടുതൽ വായനയ്ക്കും എഴുത്തിനും വഴിതെളിച്ചു. കവിത ചുറ്റിപ്പിടിക്കുമ്പൊഴും കാലുറപ്പിച്ച് നിൽക്കാൻ പാടുപെട്ടുകൊണ്ട് ചെയ്യുന്ന സ്ഥിരം ജോലികൾക്ക് ഒരൽപ്പം അയവു വന്നതിനാൽ കൂടുതലെഴുതി.
പരിഭാഷകൾ, ലേഖനങ്ങൾ, കവിതകൾ... കൂടാതെ വളരെ നാളായി മാറ്റി വെച്ച സ്വന്തം കവിതാ സമാഹാരം - വിരൽത്തുമ്പിലിറ്റുന്ന വിത്തുകൾ (ഇൻസൈറ്റ് പബ്ലിക്ക) പ്രസിദ്ധീകരിക്കപ്പെട്ടു.
ഇറ്റലിയിലെ കവിതകളുടെ ചെറുമ്യൂസിയത്തിൽ നടത്തപ്പെടുന്ന ഗ്ലോബൽ റക്ക്‌സാക്ക് പോയട്രി പ്രോജക്ടിൽ എന്റെ എഴുത്തുകളും ഭാഗമായത് വലിയ സന്തോഷം തന്നു. എല്ലായ്‌പ്പോഴുമെന്ന പോലെ ആകുലതകളിലും ഭയപ്പാടുകളിലും വെല്ലുവിളികളിലും കവിത ഒപ്പം നിന്നു. ഈ സമയങ്ങളിൽ എഴുതിയ കവിതകളോരോന്നും -പ്രാർത്ഥനാ രൂപികൾ (2020), ഏറെ വിമർശനവും എന്നാൽ അതുപോലെ നല്ല അഭിപ്രായങ്ങളും തന്ന തെറി (2021), അന്യോന്യം ത്രൈമാസികയിൽ വന്ന കവികൾ (2021) ഉൾപ്പടെ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നവയും അത്രയ്ക്ക് പ്രിയപ്പെട്ടവയാണ്, അതിജീവനത്തിന്റെ, പലവുരു മരിച്ചുയർത്തതിന്റെ അടയാളങ്ങൾ.
ലോക്ക്ഡൗൺ കാലത്ത് ലോകമെമ്പാടും മനുഷ്യർ കണ്ണാടിയിൽ നോക്കുമ്പോൾ പിന്നിൽ പടർന്നു നിൽക്കുന്ന ഏകാന്തതയുടെ മുഖം കണ്ടു. ചിലരെയത് വിഷാദത്തിലേക്ക് വലിച്ചിട്ടു. മറ്റുചിലരുടെയുള്ളിലതുവരെയൊളിച്ചു വെച്ചിരുന്നതെല്ലാം വാരിയെടുത്ത് പുറത്തിട്ട് അവരെ തന്നെ അദ്ഭുതപ്പെടുത്തി. ഇത്തരക്കാരിൽ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണെന്നു കാണാം. അവരെ സംബന്ധിച്ച് ജോലിഭാരത്തിൽ കാര്യമായ കുറവുണ്ടായില്ലെന്നു മാത്രമല്ല, ഭൂരിപക്ഷത്തിനെങ്കിലും അത് കൂടുകയാണുണ്ടായതെങ്കിലും ഒരു ശ്വാസത്തിനകലെ മാത്രം പതിയിരിക്കാവുന്ന മഹാമാരിയുടെ നോട്ടം അവരെ സ്വന്തം ജീവിതത്തെക്കുറിച്ച് കൂടുതൽ ജാഗ്രതയുള്ളവരാക്കി. ഇതുവരെ അടക്കിപ്പിടിച്ചിരുന്ന വാക്കുകളെ തുറന്നുവിടാനവർ തീരുമാനിച്ചു.
ലോകമെങ്ങും കൊറോണക്കാലത്ത് മുൻപെങ്ങുമില്ലാത്ത വിധം വലിയ തോതിൽ കവിത കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് കണക്കുകൾ. മനുഷ്യരാശി വലിയ വെല്ലുവിളികളെ എക്കാലവും നേരിട്ടുള്ളത് ശാസ്ത്രീയ സമീപനവും സർഗ്ഗാത്മക ചിന്തയുമുപയോഗിച്ചാണല്ലോ.
പാരമ്പര്യക്കോലായകളോ സാംസ്‌ക്കാരിക മൂലധനമോ സ്വരുക്കൂട്ടാനില്ലാത്തവർ സ്വന്തം മുറിവുകളിൽ നിന്നും പകർത്തിയെടുക്കുന്ന വാക്കുകളാൽ തീർക്കുന്ന പ്രതിഷേധങ്ങളാണ് കവിതയിലെ പുതിയ കാലത്തിന്റെ ചലനത്തിന് ഊർജ്ജമാകുന്നത്
തമ്മിലകറ്റപ്പെടുമ്പോൾ മറുവഴികൾ തേടി വീണ്ടുമൊരുമിക്കുന്ന സ്‌നേഹകം പോലെ കവിത കൊണ്ട് സഹകവികളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനായി. 2019 മാർച്ച് - 31 ന് തുടക്കമായ ‘കേരളപ്പെൺകവികളു'ടെ (Women Poets Forum of Kerala) പ്രവർത്തനങ്ങൾ ഇക്കാലയളവിൽ ഓൺലൈനിലും മുന്നേറി. തൃശൂരിൽ പൗരത്വബില്ലിനെതിരെ കവിതയാൽത്തന്നെ പ്രതിഷേധിച്ച് സ്വന്തം രാഷ്ട്രീയ ബോധ്യങ്ങൾ ഉറക്കെ പ്രഖ്യാപിക്കാൻ കഴിഞ്ഞ വേദിക്ക് ഓൺലൈനിലും സാന്നിധ്യം അറിയിക്കേണ്ടി വന്നതിനുകാരണമായത് വയോധികനായ ജനകീയ കവി വരവര റാവുവിന് ചികിത്സ നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ‘കേരളപ്പെൺകവി’കളിലെ അംഗങ്ങൾ ചേർന്നു നടത്തിയ ഓൺലൈൻ കാമ്പയിനാണ്. സ്ത്രീകവികളൊരുമിച്ചുചേർന്ന് ഒരു വേദിയുടെ ആഭിമുഖ്യത്തിൽ സ്വതന്ത്രമായി സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് പതിവില്ലാത്തതിനാൽ ‘കേരളപ്പെൺകവി’കൾക്കു നേരെ ഒളിഞ്ഞും തെളിഞ്ഞും ആണധികാരികളുടെ ചോദ്യങ്ങളുയർന്നു.
ഇത്തരമൊരു വേദിയുടെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കുന്നതിൽ വിമുഖത കാണിച്ചവരിൽ വ്യവസ്ഥിതിയുടെ ഗുണഭോക്താക്കളായ അപൂർവം സ്ത്രീകളുൾപ്പടെ ബ്രാഹ്മണിക പുരുഷാധിപത്യബോധം വെച്ചു പുലർത്തുന്നവരുടെ വിമർശനങ്ങളുണ്ടാകയും സ്വന്തമായി നിലപാടെടുക്കുന്നതിനെ തീവ്രവാദം എന്നുപോലും വിശേഷിപ്പിക്കപ്പെടുകയുമുണ്ടായി. സാംസ്‌ക്കാരിക രംഗത്തെ പുരുഷാധിപത്യം അതിന്റെ വികൃതമുഖം വെളിവാക്കിയ അവസരങ്ങളിലൊന്നായിരുന്നു അത്. പിന്നീട് അത്തരം ധാരാളം അനുഭവങ്ങളുണ്ടായിക്കൊണ്ടേയിരുന്നു.
കവിതയെഴുതുന്ന കുറച്ച് സ്ത്രീകൾക്ക് മലയാളം പോലൊരു ഭാഷയിൽ ഒരുമിച്ച് നിൽക്കുന്നതിന് ഇത്രയും വിലക്കുകളുള്ള അവസ്ഥയിൽ ‘കേരളപ്പെൺകവികൾ’ ഒരു ചർച്ചാ വേദിയെന്ന നിലയിൽ പറയാനുദ്ദേശിക്കുന്ന കാര്യങ്ങൾ കൂടുതൽ വായനക്കാരിലെത്തുന്നതിനായി പരിമിത സാഹചര്യത്തിൽ ആരംഭിച്ച ഒന്നാണ് സോഷ്യൽ മാധ്യമമായ എഫ് ബി യിലെ കേരളപ്പെൺകവികളുടെ പേജ് - ‘പോയട്രിയ’. കവിതകളും പരിഭാഷകളും പഠനങ്ങളും ഒപ്പം കർഷക സമരമുൾപ്പടെയുള്ള ജനകീയസമരങ്ങൾക്ക് അഭിവാദ്യമേകിക്കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളുമായത് മുന്നോട്ടു പോകുന്നു. ലോക്ക്ഡൗണിൽ ഇളവുവന്ന സമയത്ത് ഒന്നുകൂടിച്ചേരാനുളള അതിയായ ആഗ്രഹത്താൽ തൃശൂർ ഗവ. ഫൈൻ ആർട്‌സ് കോളേജിൽ ‘സ്ത്രീസർഗ്ഗാത്മകതയുടെ സ്വാതന്ത്രോത്സവം ' എന്ന ചിന്തയിൽ ജനുവരി 8,9 തീയതികളിൽ ‘പോയറ്റ ഫെസ്റ്റ് - 2022', ‘കേരളപ്പെൺകവി’കൾക്ക് സംഘടിപ്പിക്കാനായി. കവിതയും അധികാരവും, ഗോത്രകവിതയിലെ പെൺ ചെത്തങ്ങൾ, കവിതയും കാഴ്ചയും എന്നീ വിഷയങ്ങളിൽ വിദഗ്ധരായ സ്ത്രീ കവികളുടെയും ഗവേഷകരുടെയും ട്രാൻസ് വ്യക്തിത്വങ്ങളുടെയും സജീവ പങ്കാളിത്തത്തോടു കൂടിയ ആഴമേറിയ ചർച്ചകളും കവിതാവതരണങ്ങളും നടന്നു. തമ്മിൽ നേരിട്ടു കണ്ടിട്ടുപോലുമില്ലാത്ത സ്ത്രീകളായ സംഘാടകർക്ക് ഇത്തരമൊരു സംരംഭം വിജയകരമായി നടത്താനായത് സാങ്കേതികവിദ്യയുടെ സാധ്യതകളാലാണ്.
സ്ത്രീ കവികളെന്ന നിലയിൽ മലയാള ഭാഷയിൽ സ്വന്തം കവിതകളും രാഷ്ട്രീയ നിലപാടുകളും രേഖപ്പെടുത്താൻ കുറഞ്ഞ കാലയളവിൽത്തന്നെ ‘കേരളപ്പെൺ കവി’കൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഒറ്റപ്പെടലുകളെ, രോഗാവസ്ഥകളെ, സാമൂഹ്യ- സാമ്പത്തിക അരക്ഷിതാവസ്ഥകളെയൊക്കെ അഭിമുഖീകരിക്കാൻ കവിത മനുഷ്യർക്ക് കരുത്തേകുന്നതിനെപ്പറ്റി ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്.
വിശാല ലോകമെങ്ങും സമാന സാഹചര്യങ്ങളിൽ പാട്രിയാർക്കിക്കെതിരെ, വർണ-വർഗവിവേചനത്തിനെതിരെ, ജാതീയതയ്‌ക്കെതിരെ, മുതലാളിത്ത സർവ്വാധികാരത്തിനെതിരെ നടത്തപ്പെടുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ കവിതയുമുണ്ടെന്ന് അഥവാ സമൂഹത്തിലുണ്ടാകുന്ന സർഗ്ഗാത്മകമായ കലാപത്തിന്റെ ചുരുക്കപ്പേരുതന്നെയാണ് കവിത എന്നു കാണാം.
പാരമ്പര്യക്കോലായകളോ സാംസ്‌ക്കാരിക മൂലധനമോ സ്വരുക്കൂട്ടാനില്ലാത്തവർ സ്വന്തം മുറിവുകളിൽ നിന്നും പകർത്തിയെടുക്കുന്ന വാക്കുകളാൽ തീർക്കുന്ന പ്രതിഷേധങ്ങളാണ് കവിതയിലെ പുതിയ കാലത്തിന്റെ ചലനത്തിന് ഊർജ്ജമാകുന്നത് എന്നു കാണാം.
എന്തുകൊണ്ട് കവിത?
‘കവിതയൊരു സ്വപ്നവും വീക്ഷണവും മാത്രമല്ല. നമ്മുടെ ജീവിതങ്ങളുടെ രൂപരേഖാ നിർമിതിയാണത്. നമ്മുടെ മുൻപെങ്ങുമില്ലാത്ത ഭയങ്ങൾക്കുകുറുകേയുള്ള പാലം ; ഭാവിമാറ്റത്തിന് അടിത്തറയിടുന്നതാണ് അത് '- ഓഡ്രെ ലോർദ്ദ്.
കൊറോണക്കാലത്ത് കവിത വലിയ അളവിൽ മനുഷ്യരുടെ ജീവിതങ്ങളിൽ പ്രവർത്തിച്ചതിനെപ്പറ്റി ധാരാളം എഴുത്തുകളുണ്ടായി. എല്ലായ്‌പ്പോഴുമെന്ന പോലെ വരേണ്യബോധത്തിലുറച്ചുപോയ വിലയിരുത്തലുകളും വിധിയെഴുത്തുകളും ഉണ്ടായിട്ടുണ്ട്. എന്നാൽ കവിത മനുഷ്യരുടെ വേദനകൾക്കാശ്വാസമാകുന്നു എന്നതിൽ ഇവർക്കാർക്കും സംശയമില്ലെന്നു കാണാം. ഒറ്റപ്പെടലുകളെ, രോഗാവസ്ഥകളെ, സാമൂഹ്യ- സാമ്പത്തിക അരക്ഷിതാവസ്ഥകളെയൊക്കെ അഭിമുഖീകരിക്കാൻ കവിത മനുഷ്യർക്ക് കരുത്തേകുന്നതിനെപ്പറ്റി ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. അക്കൂട്ടത്തിൽ വളരെ വ്യത്യസ്തമായ ഒരു പഠനമാണ് അമേരിക്കയിലെ പോർട്ട്‌ലൻഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പൊതുജനാരോഗ്യവിദഗ്ധനായ ഡോ. റയാൻ ജെ പെറ്റവേയുടേത്.
ഇന്ത്യയുൾപ്പടെ എല്ലാ രാജ്യങ്ങളിലെയും വിവിധ സമരവേദികളിൽ, നിരാഹാരമിരുന്നവരുടെ കണ്ണുകളിലെ നിശ്ചയദാർഢ്യത്തിന്റെ വെളിച്ചമായി, തെരുവിലിറങ്ങിയവരുടെ ശബ്ദമായി കവിത ഉണ്ടായിരുന്നു.
അമേരിക്കൻ സമൂഹത്തിലെ പബ്ലിക്ക് ഹെൽത്ത് സൗകര്യങ്ങളും സുരക്ഷിതത്വവും എങ്ങനെ വർണ- വർഗ വിവേചനങ്ങളിലൂന്നി നിൽക്കുന്നു എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ‘കവിത: പ്രയോഗവും ജ്ഞാനോദയരൂപവും ' എന്ന ആശയം മുന്നോട്ടുവെച്ച് മർദ്ദിതരായ, വിവേചനം നേരിടുന്ന ജനതയുടെ ജീവിതാനുഭവയാഥാർത്ഥ്യങ്ങളുടെ ഭാഷാ രൂപമാകുന്നതിന് കവിതയ്ക്ക് സാധ്യമാകുന്നു എന്ന് ഡോ. പെറ്റവേ പറയുന്നു. കലയുടെ പ്രത്യേകിച്ചും കവിതയുടെ സർഗശക്തി പൊതുജനാരോഗ്യമേഖലയെ കൂടുതൽ തുല്യനീതിയിലേക്കും സമത്വത്തിലേക്കും നയിക്കുമെന്നുറപ്പിക്കുന്ന ഈ പoനം കേരളത്തിലെ വിദ്യാഭ്യാസ വിചക്ഷണന്മാർ വായിച്ചിരിക്കേണ്ടതാണ്. ജനങ്ങളുടെ ജ്ഞാനാത്മക പങ്കാളിത്തമില്ലാതെ തയ്യാറാക്കപ്പെടുന്ന രേഖകൾക്കും പട്ടികകൾക്കുമപ്പുറം കവിതകളെയും മനുഷ്യരോട് ജനാധിപത്യപരമായി സംവദിക്കാൻ കഴിയുന്ന വിമർശനാത്മക ജ്ഞാനരൂപമായി അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുന്നു.
ജനങ്ങളെ തമ്മിലകറ്റിയ വൈറസ് ബാധ ലോകഭരണകൂടങ്ങളുടെ കൈകളെ ശക്തിപ്പെടുത്തുന്നതാണ് നമ്മൾ കാണുന്നത്. ഈ കാലഘട്ടത്തിൽ അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ വികാരങ്ങളെ, പ്രതിഷേധങ്ങളെ വിളിച്ചു പറയാൻ എക്കാലവുമെന്ന പോലെ കവിത ഒപ്പമുണ്ട്.
ഇന്ത്യയുൾപ്പടെ എല്ലാ രാജ്യങ്ങളിലെയും വിവിധ സമരവേദികളിൽ, നിരാഹാരമിരുന്നവരുടെ കണ്ണുകളിലെ നിശ്ചയദാർഢ്യത്തിന്റെ വെളിച്ചമായി, തെരുവിലിറങ്ങിയവരുടെ ശബ്ദമായി കവിത ഉണ്ടായിരുന്നു.
‘പ്രാർത്ഥനാരൂപികളുടെ പോർവിളികൾക്കെതിരെ തെരുവുകളിൽ കട്ട പിടിക്കുന്നു പൊരുതി മുറിവേറ്റൊരക്ഷരങ്ങൾ '-പ്രാർത്ഥനാരൂപികൾ.
ഇത്തരത്തിൽ സാമൂഹിക തലത്തിലും വൈയക്തിക തലത്തിലും ഒരുപോലെ , അയഞ്ഞും മുറുകിയും ആവിഷ്‌ക്കരിക്കപ്പെടാൻ, ചരിത്രത്തിൽ പിന്നിൽ നിന്നും കണ്ടെടുക്കുന്ന അവബോധമാകാൻ, മുന്നോട്ടുള്ള രാഷ്ട്രീയബോധ്യത്തിന്റെ നോട്ടമാകാൻ കഴിയുന്ന ശക്തി കവിതയ്ക്കുണ്ട് എന്നതു തന്നെയാണ് അതിനു കാരണം. വ്യക്തിയുടെ വേദനകളഴിച്ചുകളയാനും ആ വ്യക്തിയുൾപ്പെടുന്ന സമൂഹത്തിലെ വെല്ലുവിളികളോട് നേരിട്ട് സംവദിക്കാനും അതിന് കഴിവുണ്ട്. അതുകൊണ്ടു തന്നെ കവിത ഭാവിയിലും വ്യത്യസ്ത രൂപങ്ങളിൽ, വിവിധ ഇടങ്ങളിൽ, പുതിയ മനുഷ്യരിൽ; സഞ്ചരിച്ചുകൊണ്ടേയിരിക്കും.
‘ഞങ്ങടെ കവിതകൾ കടലാസുകളിൽ നിന്നുമിറങ്ങിപ്പോയിട്ട് തങ്ങളേത്തന്നെയുറക്കെച്ചൊല്ലുന്നത് നോക്കിനിൽക്കുകയായിരുന്നു ഇതുവരെ'-കവിത ചൊല്ലൽ. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.