സജീവൻ പ്രദീപ്

​സുഗന്ധി ഒരു അലക്കുകാരി മാത്രല്ല

ണില്ലായ്മ, എന്ന ലക്ഷണം കെട്ട
വീക്ഷണകോണിൽ
അവളെ,
കണ്ണ് കുറുക്കി വശം കെട്ട
നോട്ടം കൊണ്ടുഴിഞ്ഞു
യെന്നിരിക്കട്ടെ
നിങ്ങളുടെ മുഖത്ത്
പച്ചത്തെറിയുടെ കൂർത്ത കല്ല്
പതിച്ചിട്ടുണ്ടാവും

അവളൊറ്റക്ക്, വരുന്ന,
കല്ലേറ്റുംങ്കര
രശ്മി തിയറ്ററിന്റെ
ഫസ്റ്റ് ഷോയ്ക്കുള്ള
ടിക്കറ്റ് ക്യൂവിൽ,
തലേക്കെട്ടും,
ചുവന്ന കണ്ണുമായിട്ടൊരു
രാത്രിയാടി, യാടി
നിൽക്കുന്ന
ഷാപ്പിന്റെയുമ്മറത്തെ ഇടവഴിയിൽ,

കത്തിച്ച ടയറുമായിട്ടവൾ
ഏറ്റുമീൻ പിടിക്കാനിറങ്ങുന്ന
പാടവരമ്പിൽ,

മുറുക്കി, തുപ്പി, രണ്ടടി
നീളമുള്ള കരിമ്പിൻ
തണ്ടും
ഉഴുന്നുവട, പൊരി, അലുവ,
നിറച്ച തുണി സഞ്ചിയുമായി,
ആനശീവേലിക്ക്, അവൾ,
താളം പിടിക്കുന്ന
പൂവ്വശേരിക്കാവിലെ
രാത്രിവേലയ്ക്ക്,

അങ്ങാടിയിൽ
ഒക്കെ,
ഒക്കെ,
വെച്ചവളെ,
ചിലപ്പോൾ
ചന്തിക്കൊന്നമർത്താൻ,
മുലകളെ കൈകൊണ്ട്
കാരാൻ,
തോന്നിയെന്നിരിക്കട്ടെ.
അപ്പോൾ തന്നെ
വീട്ടിൽ,
കാന്താരിവേരും, ചതൂപ്പയും
ഇട്ട് വെട്ടി തിളപ്പിച്ച വെള്ളവും,
മുള്ളൻചീരയും,
വയൽചുള്ളിയും, വേരോടെ
കൊത്തിനുറുക്കി,
കുറുക്കിയെടുത്ത
കഷായവും,
തയ്യാറാക്കി വെയ്ക്കാൻ
പറയണം,

മൂന്ന് ദിവസം മൂത്രം പോവില്ല,
അരക്കെട്ടിൽ, അമ്മിക്കല്ലിനടിച്ച പോലെ
വേദനിക്കും

സുഗന്ധി, ഒരു അലക്കുകാരി മാത്രമല്ല,
അവൾ,
അയ്യങ്കാളി കളരിടെ,
തറതൊട്ടപ്പൻ,
വടുവക്കാരനയ്യന്റെ മോളു
കൂടിയാണ്

അമർത്താൻ,
തൊട്ടു നുണയാൻ,
നോക്കിയ,
നിങ്ങളുടെ
ആൺനാഭിയിലിപ്പോൾ,
ഒരു ചവിട്ടിന്റെ കറയും
പെൺകാലിന്റെ, തന്തവിരൽ,
തിരിയിലുമുണ്ടാവും,
വായിൽ, നിന്ന്
അണപ്പല്ലുകൾ, പുറത്തേക്ക്
തെറിച്ചിട്ടുണ്ടാവും

നിങ്ങൾക്ക്
വിശക്കുന്നേ എന്ന് പറയൂ
അവൾക്കുണ്ണാനുളള ചോറെടുത്ത് തരും
ദാഹിക്കുന്നുയെന്ന്
ദയനീയമായിട്ടവളെ നോക്കു
ഒരു പഞ്ചായത്ത് കിണറ്റിലെ
വെളളം മുഴുവനവൾ
കോരിത്തരും

എന്നിട്ടുമവൾ
വശപിശകെന്നറിയപ്പെടുന്നു
കറുത്ത നിറത്തിന്റെ
അഹങ്കാരമെന്നവൾ വിളിക്കപ്പെട്ടു

ഇരുപത്തെട്ടിന്റെ ഉച്ചയിലും
അവൾ
പുഴയിൽ ഒറ്റക്ക് നിന്നലക്കി
കിതച്ചു വിയർത്തു

ഞാനും
കടുവ രമേശനും
മുരിയാട് ഷാപ്പിന്നിറങ്ങി
മനയ്ക്കലെയിടവഴിക്ക് വരാർന്നു

ഇടിവെട്ട് പോലെയാണ്
സുഗന്ധിയെന്ന അലക്കുകാരി ചാടിവീണത്
ഞാൻ കിടുങ്ങി നിന്നു
കടുവ
തെങ്ങോല ലോനപ്പേട്ടന്റെ
പറമ്പുവഴി
പാമ്പുകൾക്ക് മാളമുണ്ട്
പാടിയൂർന്ന് പോയി

അവള് പറഞ്ഞു തുടങ്ങി
"ചേട്ടാ ഞാനൊരു കവിതയെഴുതീട്ട്ണ്ട്
എനിക്കത് പാടണം
നിങ്ങളത് കേൾക്കണം'

അലക്കുകാരി സുഗന്ധി
കവിത ചൊല്ലുകയാണ്

"നിങ്ങടെ
കവിതയിലൊരു വാളുണ്ടോ
ആഞ്ഞുവീശാൻ
തെറിച്ചുപോട്ടെ പെൺഭോജികളുടെ തലകൾ'

മലവെളള പാച്ചിലലപോലെ
അവൾ കവിതേടെ
മുടിക്കെട്ടഴിച്ചിടുന്നു

അടുക്കളേന്ന്
കൊളുത്തി വിടുന്നു
തലയിൽ തീപിടിച്ചൊരു കവിത

അവളുടെ കവിത
എന്നിലേക്ക്
രക്തം തെറിപ്പിക്കുന്നു

അലക്കുകല്ലിൽ നിന്ന്
നനവിന്റെ മൂർച്ച
മുഷിഞ്ഞസാരി പോലെ ചുറ്റി
ഒരു കവിത
എഴുന്നേറ്റു നിൽക്കുന്നു

അവളുടെ
കവിത
എന്നിൽ മുഷ്ടി ചുരുട്ടുന്നു

അഴിച്ചിടുന്നവൾ
ചൂലിൽ നിന്ന്
മുനയുളള മക്കളുടെ കവിത

അവളുടെ കവിത
ആണിപ്പലകയിലെന്നെ
അമർത്തിക്കിടത്തുന്നു

വിശപ്പിന്റെ
പാമ്പ് കൊത്തി മരിച്ച
പേറ്റുനോവിന്റെ കവിത
അലറിക്കരയുന്നു

എന്റെ
അക്ഷരങ്ങളിൽ
മുറിവുകളുടെ ഭ്രാന്തായി
അവളുടെ കവിത പിണയുന്നു

അവളെന്റെ
മുന്നേ നടക്കുന്നു
പെണ്ണുള്ളങ്ങളുടെ പോരാട്ടം
പൊള്ളിച്ചെടുത്ത വാക്കുമായി

കീഴടക്കങ്ങളുടെ
ആൺവഴികളിൽ
ഞാൻ
തീ അമ്മാനങ്ങളുടെ
പാട്ടു പഠിക്കുന്നു

സുഗന്ധി ഒരരിവാള്
അരയിൽ കൊളുത്തുന്നു
അധികാരത്തിന്റെ
അമ്പല തലകൊയ്യുന്നു

ഞാൻ
യുദ്ധത്തിൽ
മരിച്ച പെങ്ങളുടെ സ്മാരകം
കരിംപാറകളുടെ ശിരസ്സിൽ
കൊത്തുന്നു

പാട്ട്

മൈക്കയിൽ നിന്ന്, ഒരു പാട്ടിന്റെ "തീ'വണ്ടി
തഞ്ചാവൂർക്ക് ഓടുന്നുണ്ട്,
അന്തോണിദാസൻ
പാടിക്കൊണ്ടേയിരിക്കുന്നു
ചോളവും. കരിമ്പും. ഉള്ളിയും.
മൊരിപ്പും,
കുരിപ്പും,
കാളകളും.
തൊലി പൊളിഞ്ഞ വേപ്പുമരങ്ങളും

കറുത്ത മനുഷ്യന്റെ പാട്ടിനിടയിലൂടെ
ഭൂമിയിലേക്ക്
പെയ്യുന്നു,
എയ്യുന്നു,

ജമൈക്കയിൽ നിന്ന് പാട്ടു
നിറച്ച ഒരു "തീ'വണ്ടി
ഭൂമിയുടെ വിവിധ
പ്രദേശങ്ങളിലേക്ക്
പുറപ്പെടുന്നു.

അന്തോണിദാസന്റെ തമിഴ്
ഒരു പിടി പാട്ട് മുകളിലേക്കെറിയുന്നു
വസൂരിയും
മഞ്ഞളും
കുംഭക്കലങ്ങളും
ഭൂമിയോളം തുള്ളി തുള്ളി

പാട്ടിന്റെ തന്നെ മഴയാവുന്നു
ജമൈക്കയിൽ നിന്ന് പുറപ്പെട്ട
പാട്ടു കൊണ്ടോടുന്ന
ഒരു തീവണ്ടിയെ തഞ്ചാവൂര്
കണ്ടെടുക്കുന്നു

അന്തോണി ദാസൻ
പറകൊട്ടി പാടുന്നു,
കുഴലേറ്റം പാട്ടു പുളയുന്നു
കാലറ്റം, താളം തളം കെട്ടുന്നു

ചരിത്രം
ചരിത്രത്തോട് പാട്ടാൽ
ബന്ധിക്കപ്പെടുന്നു.
​പാട്ടിൽ നിറയെ
വറ്റൽമുളകുണക്കാനിട്ടിരിക്കുന്നു
വിശന്നുകൊണ്ടേ, വെയിൽ കൊളളുന്ന പാട്ട്,
ആ, പാട്ടിനെന്തൊരു വിയർപ്പു മണം,

കറുത്ത ഒരു തീവണ്ടിപ്പാട്ട്
ജമൈക്കയിൽ നിന്ന്
തഞ്ചാവൂർക്കെത്തുന്നു
അതിന്റെ കാതിൽ
ബോബ് മാർലി, ബോബ് മാർലി എന്നൊരു
തിളക്കം തുള്ളിക്കൊണ്ടിരിക്കുന്നു

തഞ്ചാവൂർ നിന്ന് ഒരു പാട്ടിന്റെ
വിത്തു നിറച്ച 'തീ'വണ്ടി,
ഭൂമിയുടെ താഴങ്ങളിലേക്ക്
കുതിക്കുന്നു

അതിന്റെ ചെളി കെട്ടിയ
കയ്യിൽ
അന്തോണി ദാസൻ,
അന്തോണി ദാസൻ
എന്ന് പച്ചകുത്തിയിരിക്കുന്നു,

മണ്ണ്,
പാട്ട്
പാട്ട്. മണ്ണ്. മണ്ണ് പാട്ട് മനുഷ്യൻ.
മനുഷ്യൻ, പാട്ട്.,മണ്ണ്. കറുത്ത
പാട്ട്.. കറുത്ത മണ്ണ്, കറുത്ത
മനുഷ്യർ, പാട്ട്, മണ്ണ്. മനുഷ്യൻ

സിലബസ്

ചെയ്യാത്ത കുറ്റത്തിന്...
ടാറിട്ട റോട്ടിൽ മലർന്നടിച്ച്
വീണുകിടന്നിട്ടുണ്ടോ?
തല പതുക്കെ ഉയർത്തുമ്പോൾ...
കനത്ത ഷൂ ഇട്ട ഒരു കാല് മുഖത്തേക്ക്
താഴ്ന്ന് വന്നിട്ടുണ്ടോ?
റോഡിനും, ഷൂവിനും, ഇടയിൽ തല,
പൂ പോലെ ഞെരിഞ്ഞിട്ടുണ്ടോ?...
എങ്കിൽ,
എങ്കിൽ,
ജീവിതത്തിൽ നിങ്ങൾക്ക് നിങ്ങളുടേത്
മാത്രമായ
ഒരു "സിലബസ്' ഉണ്ടായിരിക്കും..

മഞ്ഞ കഫക്കട്ട
ആനവാലൻ തുമ്പിയെ പോലെ പാറി വന്ന്
"ഫാ' എന്ന ശബ്ദത്തോടെ
മുഖത്തൊട്ടിപ്പിടിച്ചിരുന്നിട്ടുണ്ടോ?
ഇടതുകൈ കൊണ്ട് അത് മുഖത്തു നിന്ന്
തുടച്ച് മാറ്റി
നിറകണ്ണും
നിസ്സഹായതയുമായി
ചിരിച്ച്, ചിരിച്ച്, ഉളളുനുറുങ്ങി നുറുങ്ങി, നീറി നീറി
നിങ്ങൾ
ഒരു പാത്രം കഞ്ഞി മോന്തി കുടിച്ചിട്ടുണ്ടോ?
എങ്കിൽ
എങ്കിൽ
നിങ്ങൾ
സ്‌നേഹത്തിന്റെ ഒൻപതു തലകളുമായി
സഞ്ചരിക്കുന്നവനെ ഒരിക്കൽ
കണ്ടുമുട്ടുക തന്നെ ചെയ്യും...
​▮


സജീവൻ പ്രദീപ്

കവി, നാടകപ്രവർത്തകൻ. ഒരു ജാതി വാക്കുകൾ ആദ്യ കവിതാ സമാഹാരം.

Comments