ആർദ്ര അക്ഷരി

ദുഃഖത്തിന്റെ മൂന്നാം രഹസ്യം

നിന്റെ പുഞ്ചിരിയിൽ
ഞാൻ കവിതാലസ്യപ്പെട്ട
ഇത്തിരിനേരം കഴിഞ്ഞ്
എന്റെ കണ്ണാടിയിൽ
ഒരുത്തി വന്നിരുന്നു.

ഇരുട്ടിൽ തെളിഞ്ഞ
വെട്ടം കണക്കെ
ഒരു നോട്ടം പായിച്ച്,
ഇന്നലെ പാകാൻ മറന്ന
വിത്തുകൾക്കരികെ ചെന്നിരുന്നു.

കുഴിച്ചിട്ടവയെ
ഉയർത്തെഴുന്നേൽപ്പിക്കുന്ന
മന്ത്രവിദ്യയറിയാം അവൾക്ക്.

പ്രകാശത്തിന്റെ ഒന്നാം രഹസ്യം
ഓരോന്നുമോതി
മരണത്തിൽ മാമോദീസ
ചെയ്യപ്പെട്ട വിത്തുകളെ
മണ്ണിലോരോ കുഴിയെടുത്ത് താഴ്ത്തും.

എന്റെ പെണ്ണേ!
എന്ന വിളിക്ക് മൂന്നാം പക്കം
മാമോദീസ വെള്ളം മണ്ണിലുപേക്ഷിച്ച്
പതിയെ പൊങ്ങിവരുന്ന വിത്തൊരുത്തി
അറിഞ്ഞുമറിയാഞ്ഞും
തന്നെത്തന്നെ നോക്കിത്തുടങ്ങുമ്പോൾ
മഹിമയുടെ രണ്ടാം രഹസ്യം
അവൾക്കോതിക്കൊടുക്കും.

ചുറ്റിവരിയുന്ന ഗന്ധങ്ങളെ
ഒറ്റഞരമ്പിൽ കൊളുത്തിയിടാനും
കണ്ണു തുറന്നിരുട്ടാക്കിയും
കണ്ണടച്ച് വെളിച്ചം പരത്തിയും
അത്ഭുതം പ്രവർത്തിക്കാനും
തുടങ്ങുന്ന നേരത്ത്
ദുഃഖത്തിന്റെ മൂന്നാം രഹസ്യവും
മുന്നിൽ വെളിപ്പെടുത്തി
ഒരുത്തി ചിരിക്കും.

നിന്റെ പുഞ്ചിരിയിൽ
ഞാൻ കവിതാലസ്യപ്പെട്ട
ഇത്തിരിനേരം കഴിഞ്ഞാകണം,
എന്റെ കണ്ണാടിയിൽ
അവൾ കുഴിച്ചിട്ട വിത്തുകൾ
വന്നിരിക്കുന്നു.

ഇരുട്ടിൽ തെളിഞ്ഞ
വെട്ടം കണക്കെ
ഒരു നോട്ടം പായിച്ച്,
ഇന്നലെ പാകാൻ മറന്ന
ഒരുത്തിക്കരികെ
ചെന്നിരിക്കുന്നു.
​▮

Comments