വീട്ടിൽ നിന്ന് വേറിട്ടു നിൽക്കുന്ന കുശിനിയിൽ
ഞങ്ങളാഹാരമുണ്ടാക്കിയനാളുകളാണത്.
അവിടെ പാചകം ചെയ്യുന്നതിന്റെ ദുരിതങ്ങൾ പറഞ്ഞ്
അച്ഛനോട് വഴക്കാകുമ്പോൾ അമ്മ രാത്രിയിൽ
അതിനുള്ളിൽത്തന്നെ
ചാക്കു വിരിച്ചുറങ്ങും.
ഈ രാത്രി ഞാൻ നിലംപൊത്തുമെന്ന്
ബലക്ഷയം വന്ന കണ്ണുകളാൽ കുശിനി പേടിപറയും.
ഞങ്ങളുടെ ഉറക്കം മുറിയും.
രാവിലെ അമ്മയുണർന്നതറിയിച്ച്
ദ്രവിച്ച മേൽക്കൂരയിലൂടെ പുകയുയരും.
പുട്ടിന്റെ മണം പരക്കും.
(അന്നൊക്കെ സമാധാനത്തിന് പുട്ടിന്റെ മണം എന്നും പറഞ്ഞിരുന്നു)
വെറുതെ സംസാരിച്ച് മുറ്റത്തിരുന്ന ഒരു വൈകുന്നേരം
അവനാണ് (ആങ്ങള) ആ തേൻകുരുവിക്കൂട്
കുശിനിയുടെ മോന്തായത്തിൽ കണ്ടത്.
കുരുവി പലതവണ
ഓലപ്പുറത്ത് വന്നിറങ്ങുന്നത് കണ്ടെങ്കിലും
ലക്ഷ്യമിതാണെന്നറിഞ്ഞില്ല.
മേച്ചിലിനിടെ
ആരോ ഉപയോഗിക്കാനും ഉപേക്ഷിക്കാനും വയ്യാതെ
കെട്ടിയിട്ട കൊതുമ്പു വള്ളിയിൽ അതാടുന്നു.
എന്തൊരു പ്രൗഢി!
മുതിർന്നതിനാലാവണം
അതിലെത്തിപ്പിടിക്കാനോ
ഉള്ളിൽ നോക്കാനോ ഉള്ള
സാഹസവും കൗതുകവുമുണ്ടായില്ല !
പക്ഷേ ആകാശം പൊട്ടിവീഴുന്ന രാത്രികളിൽ
എന്തിനോ ഞങ്ങളിറങ്ങി നോക്കി.
അത്ഭുതം!
പുറം ലോകത്തിന്റെ
ഘോരതാണ്ഡവങ്ങളറിയാതെ
ഗാഢനിദ്രയിലൊരു കൂട്!
പരിഭ്രമങ്ങൾ ബാധിക്കാത്ത ധ്യാനനിമഗ്നത
(അത് അടയിരിക്കലിനു മാത്രം സ്വന്തം.)
കാറ്റും നിലാവും നിഴലിട്ടുകളിക്കുന്ന
രാവുകളിൽ
ആ കൊതുമ്പിൻ വള്ളി കാണില്ല
(എല്ലാ ബന്ധനങ്ങളുമറ്റ്
മന്ത്രവടിയാൽ ചലിക്കുന്ന ഒരു സ്വപ്നം
പോലെ കൂട്)
കിളി കുഞ്ഞിനെയും കൂട്ടി
കൂടുപേക്ഷിച്ചു പോയതിന്റെ രണ്ടു നാൾ കഴിഞ്ഞ്
ഞങ്ങളുടെ കുശിനി നിലം പൊത്തി.
(ഭാഗ്യം! അമ്മ അന്നതിലുറങ്ങിയില്ല)
കഴുക്കോലിൽ നിന്ന് വലിച്ചെടുത്ത
കനം കുറഞ്ഞൊരു വള്ളിയുടെ ബലവും
ഇളകാതെയുറച്ച കൂടും ഞങ്ങളുടെ
ലോഗരിതം ടേബിളുകളെ പരിഹസിച്ചു.
ഇലക്ട്രോണിക് കാൽക്കുലേറ്ററുകൾ എടുക്കുമ്പോൾ
ഇപ്പോഴും ഉള്ളം കയ്യിലെ
തേൻ കുരുവി ചിലയ്ക്കും.
ഞാനതിനോട് ഇങ്ങനെയൊക്കെ ചോദിക്കും.
എത്ര തവണ തൂങ്ങിയിട്ടാണ്
നീ ആ വള്ളിയിൽ
അടുത്ത തലമുറയുടെ ജനനം തീർച്ചപ്പെടുത്തിയത്?
സുന്ദരമായ മോന്തായങ്ങളും
ബലിഷ്ഠങ്ങളായ കയറുകളുമുള്ള
അയൽപക്ക വീടുകൾ
നീയെന്തേ ഒഴിഞ്ഞു?
പ്രഭാതങ്ങൾ ഉണർന്നല്ലേ എന്ന് നോക്കുകയും
സന്ധ്യകൾ നാളെ കാണാം
എന്ന് പ്രിയപ്പെടുകയും ചെയ്യുന്നൊരു കൂടിന്
ഞാൻ ഭൂമി എന്ന്
പകരം പദമെഴുതട്ടെ?
ഓറഞ്ചല്ലികൾ
രണ്ടുപേർ റെയിൽ പാളത്തിലൂടെ കൈ കോർത്ത് പോകുന്നു.
സുഖദമായ നടത്തം.
അവർ തുപ്പിക്കളയുന്ന
ഓറഞ്ചല്ലികളെ ഉറുമ്പുകൾ പിന്തുടരുന്നു.
മണം, മണം
മധുരം, മധുരം
ദാഹം, വിശപ്പ്
ദാഹം, വിശപ്പ്
ഉറുമ്പുകൾ
സന്ദേശങ്ങൾ കൈമാറുന്നു
വരി നീളുന്നു.
അവ ഓറഞ്ചു മരം
കണ്ടെത്തിയേക്കില്ല.
രണ്ടു കിളികൾ
ഇവരെയെല്ലാം കടന്ന്
ഓറഞ്ചു മരത്തിൽ
വിശ്രമിക്കുന്നു.
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.