ബിജു റോക്കി

എന്നെ ഞാൻ കാണുംവിധം

ണ്ണാടിയുടെ മുന്നിൽ
തുണിയില്ലാതെ
ഞാൻ
എന്നെ നോക്കിനിൽക്കുന്നു.

തൂവലുകൾ അഴിച്ചുവെച്ച്
കുളിച്ചുകയറിയപ്പോൾ
കുപ്പായം കാണാതെപോയ കിളി?

ഉറയൊഴിച്ച പാമ്പ്?

കൊത്തിച്ചുരുക്കിയ
മരപ്പാവയുടേതോ
ആടിക്കളിക്കും കൈകൾ?

മുലക്കണ്ണുകളും
പിളർന്ന പൊക്കിളും കൂട്ടിവരയ്ക്കുമ്പോൾ
തലയ്ക്കുതാഴെ മറ്റൊരു മുഖം.

കുഴിയമിട്ടിന് വെടിമരുന്നിട്ടവിധം
താഴേക്ക് നൂഴുന്നു ഒറ്റവരി രോമം.

അതോ പൂച്ച നടന്നുപോയ പാടോ?

നീണ്ട മരച്ചില്ലയിലേക്ക് തലയുയർത്തി
രോമക്കാട്ടിൽ
ഒറ്റയ്ക്ക് മേയും ജിറാഫ്?

തോടിറങ്ങും ആമ?

മിടിക്കും ഏറുമാടത്തെ താങ്ങിനിർത്തുന്നത്
മിന്നലിൽ കരിഞ്ഞ ചുള്ളിക്കമ്പുകളോ
അതിൻ നിഴലോ?

കുളിത്തൊട്ടിയുടെ അടുത്തുനിൽക്കേ
ലോകം അവസാനിച്ചതായി കണക്കാക്കി
ഞാനെന്നെ തള്ളി,വെള്ളത്തിലിട്ടു

ഇപ്പോൾ നീന്തലറിയാത്ത മീനായി
പിടയ്ക്കുന്ന എന്നെ എനിക്ക് കാണാം

വെള്ളത്തിൽ വീണ ഞാൻ
തള്ളിയിട്ട എന്നെയൊന്ന് നോക്കി

എന്തൊരു കല്ല് വെച്ച ഹൃദയം.

രക്ഷിക്കുന്നില്ലെന്നുമാത്രമല്ല
പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു

ഏറെ കൈകാലിട്ടടിച്ച
എന്നെ ഞാനുയർത്തിയെടുത്തു
മൃദുവായ തുണിയാൽ തോർത്തി
കട്ടിലിൽകിടത്തി
ഞാൻ എന്നെ
കെട്ടിപ്പിടിച്ചു.
തണുത്ത നെറുകയിൽ ഉമ്മവെച്ചു.​▮


ബിജു റോക്കി

കവി. മാധ്യമപ്രവർത്തകൻ. ബൈപോളാർ കരടി എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments