ബിനു ആനമങ്ങാട്

മൂന്നാം ക്ലാസിലെ ഒരു മഴദിവസം

ലിയ വളവ് കഴിഞ്ഞാണ്‌
തറ പറ സ്ലേറ്റിലെഴുതിപ്പഠിച്ച ഉസ്കൂള്.
നടക്കുന്ന വഴീന്ന്
ഉസ്‌കൂൾ കണ്ടുതുടങ്ങുമ്പോ
ഒപ്പം ഓനേം കാണും.
വളവു കഴിഞ്ഞതും
വലത്തോടത്തെ വേലിയ്ക്കരികെ മൺതിട്ടിൽ ചാരി നില്പുണ്ടാവും,
ചിലപ്പോ ഇരിയ്ക്കും.
മുഖത്തു നോക്കാതെ
പച്ചില നോക്കിയിരിക്കും
അല്ലെങ്കിൽ അവിടവിടെ പാറിപ്പാറി നോക്കും ഓന്റെ വെള്ളാരങ്കണ്ണുകൾ.
ഫസ്റ്റ് ബെല്ലടിച്ചാ ഒറ്റയോട്ടാണ്,
നേരെ പോയി ബഞ്ചിലിരിക്കും.

"അനക്കെന്താ ഞങ്ങരൊപ്പം പോന്നാല്'
‘ഇയ്യെന്തിനാ എന്നും ഇവിടിരിക്കണേ'
നൂറായിരം ചോദ്യങ്ങൾ എട്ടുവയസ്സിന്റെ തൊണ്ടക്കുഴിയിൽ പുറത്തെത്താതെ കനച്ചു.

മഴപെയ്തു.
ഓൻ കുടചൂടി തിണ്ടിന്മേലിരുന്നു.
പിന്നേം മഴപെയ്തു.
തുലാപ്പെയ്ത്ത് തോരാതെ പെയ്ത്
വീടൊലിച്ചുപോകുമോ എന്ന് ഉറക്കമില്ലാതായ ഒരു രാത്രി പുലർന്നു.
അടുക്കള ചോർന്നൊലിച്ചു.
ചളിയിൽ ചവിട്ടി ഉടുപ്പ് ചുവപ്പിച്ച്
അന്നും ഉസ്‌കൂളിപ്പോയി.
അന്നോനെ കണ്ടില്ല.
ഉസ്കൂളിലന്ന് അസംബ്ലി ണ്ടായി
പഠിത്തല്ല്യാന്ന് ജനഗണമന ചൊല്ലി പിരിഞ്ഞു.
പിന്നെ ഓനെ കണ്ടിട്ടേയില്ല.
കേരളപാഠാവലി തിണ്ടിനപ്പുറത്തെ കിണറ്റിന്ന് കിട്ടീന്ന് ആരൊക്കെയോ അടക്കം പറഞ്ഞു.
ഇന്നാ വഴീല് അതേ വേലി, അതേ തിണ്ട്.
ഓനെ ഓർത്തു.
എത്രയോർത്തിട്ടും പക്ഷേ ഓന്റെ പേരോർമ്മല്ല്യാ.
ഓന്റെ വെള്ളാരങ്കണ്ണുകളും
മഞ്ഞയിൽ കറുപ്പു വരയുള്ള കുപ്പായവും നെഞ്ചത്തടുക്കിപ്പിടിച്ച സ്ലേറ്റും
മായാതെ മുന്നിൽ.


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ബിനു ആനമങ്ങാട്

കവി, എഴുത്തുകാരി, പ്രസാധക. കുടുംബശ്രീ മിഷനിൽ ജോലി​ ചെയ്യുന്നു. ​​​​​​​മഴ പെയ്യിയ്ക്കാൻ ആരോ വരുന്നുണ്ട്, ഫിഷ് തെറാപ്പി, ക്രഷ് ദ ബോട്ടിൽ ആഫ്റ്റർ യൂസ് അഥവാ ഓർമ്മകൾ ചാവേറുന്ന ആകാശക്കപ്പൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments