ആദില കബീർ.

വിധവയുടെ മധുവിധു

വിധവ മധുവിധുവിന്
വീടു വിട്ടിറങ്ങി
വിശുദ്ധ പാപങ്ങളുടെ
വിലകുറഞ്ഞ
വിഴുപ്പു മാത്രം
കയ്യിലെടുത്തൂ.
കരിയാത്ത വൃണങ്ങൾ
കമ്പിളിയില് പുതച്ച്
കാറ്റു കയറാതെ കാത്തുവെച്ചു.

ആനവണ്ടിയുടെ ആറാം നിരയിൽ,
ജാലകക്കരയിൽ,
ഓർമയുടെ കൈപിടിച്ച്
കാറ്റിന്റെ തോളിലേക്ക്
തലചായ്ച്ച്
ഊറിയ മന്ദഹാസമിറ്റിച്ച്
ഉറങ്ങിവീണു
കഴിഞ്ഞ കാലത്തിന്റെ വളവുകൾ കടന്നു
ചുരം കയറവേ,
തണുത്ത വെള്ളം കുടിച്ചുവന്ന
താന്തോന്നിക്കാറ്റവളുടെ
തലമുടിയിൽ തലോടിയോടി.

വിധവയുടെ
മുലക്കണ്ണുകളിൽ
മാമ്പഴമഴമേഘങ്ങൾ
മുഖമുരസി രസിക്കുന്നു.

വിധവ പാതിവഴിയിൽ
വണ്ടിയിറങ്ങുന്നു!

മലയിടുക്കുകളിലെ വിളക്കുകൾ
ദൂരങ്ങളിലിരുന്ന്
വെളിച്ചത്തിന്റെയുമ്മകൾ നെയ്യുന്നു.
വിധവയുടെ വിരലുകൾ
വഴിവക്കിലെ വസന്തങ്ങളിലേക്ക്
വെറുതേയിറങ്ങിച്ചെല്ലുന്നു...

വിളഞ്ഞു പാകമായ ചോരമുട്ടകൾ
വിടർന്ന പൂക്കളിലേക്ക്
അലസമായി ഒഴുക്കിവിടുന്നു

വിധവയുടെ കണ്ണുകൾ
തനിച്ചുള്ള ദൂരങ്ങൾ
കണക്കുകൂട്ടുന്നു.

വിലക്കപ്പെട്ടതിനായി വീർപ്പുമുട്ടുന്നു.
ഒറ്റ രാത്രിയിലേയ്ക്ക് ഇരുട്ടിൽ
മുറിയെടുക്കുന്നു.
കുഴഞ്ഞ മണൽകിടക്കയിലേക്ക്
മേലമർത്തി മലർന്നു കിടക്കുന്നു.

ആരെയോ കാത്തെന്നപോൽ
നേരിയ നിലാവുടുപ്പിനുള്ളിൽ
ചൂടെരിക്കുന്നു..

തണുത്ത് വിറച്ച്
വാതിലിൽ മുട്ടിയ പാതിരയെ
കിടക്കയിൽ കൈപിടിച്ചാനയിക്കുന്നു.
നിശാഗന്ധികളുടെ സുഗന്ധം പുകയ്ക്കുന്നൂ..

വിധവ നിലാവിട്ട മേലുടുപ്പകൾ
ഊരിയെറിയുന്നു.
ഇരവിന്റെ കുപ്പായത്തിലേക്ക്
കുടുക്കു പൊട്ടിച്ച് ഊളിയിടുന്നൂ
വിധിയുടെ വിലങ്ങഴിച്ച്
വിവിധങ്ങളായ വിങ്ങലുടയ്ക്കുന്നു.

രമിക്കുന്ന പാതിരയുടെ
രാഗവേഗങ്ങൾ
വിധവയുടെ മേൽ
ആലിപ്പഴങ്ങളായി കുഴഞ്ഞുവീഴുന്നു.
വിരുന്നു തീർന്നതിന്റ
വിവശതയിലിരുവരും
പകലിനെ കാത്തു കിടക്കുന്നു...

പുറത്ത്; കൂമനും
കുറുകുന്ന കോടയും
അടക്കം പറയുന്നു.
വിധവ മധുവിധുവിലാണ്.
ആനന്ദത്തിന്റെ ആത്മരതിയിലാണ്.

സ്വയംഭോഗത്തിലാണ്.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ആദില കബീർ

കവി. തേവര സേക്രഡ്​ ഹാർട്ട്​ കോ​ളേജിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. അവർണ, ശലഭമഴ, അമ്മാളു എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments