അലീന

​​​​​​​മുത്ത്

അലീന

ചിന്നമ്മ,
കോട്ടയത്തിനുള്ള ആദ്യത്തെ ബസ് പിടിക്കാൻ,
നാലുമണി വെളുപ്പിനെണീറ്റ്
തോട്ടെറമ്പിൽ നിന്നു കുളിക്കുമ്പോൾ,
അലക്കുകല്ലുകൾക്കു നടുവിൽ നിന്ന്
ഒരു കുഞ്ഞു തിളക്കം.
ടോർച്ചിന്റെ വെളിച്ചത്തിൽ,
അത് ചന്ദ്രന്റെ ചെറു കഷണം പോലെ
വെളുത്തുരുണ്ടിരുന്നു.
എടുക്കാൻ കൈ പിടച്ചു.

എന്താണത്?
മാർബിളോ? ഗ്ലാസോ?
ആരാണ്ടടെ മുത്തുമാല പൊട്ടി വീണതോ?
നനഞ്ഞ വിരലുകൾ ചേർത്തു പൊതിഞ്ഞപ്പോൾ,
ആ മുത്തിന്,
വെള്ളത്തെക്കാൾ തണുപ്പ്.
തൂവലിനെക്കാൾ മിനുസം.
വായുവിനെക്കാൾ ഭാരക്കുറവ്.

കൈലിമുണ്ടിന്റെ കോന്തലയിൽ കെട്ടിവെച്ച്,
തോർത്തുപുതച്ച്,
അവർ വീട്ടിലേക്ക് നടന്നു.

‘ഒരു മെഡിക്കൽ കോളേജ്'
എന്ന് പറഞ്ഞതും,
കണ്ടക്ടർ ടിക്കറ്റെഴുതി തന്നു എങ്ങോട്ടോ പോയി.

ബസിലെ തിരക്കും,
വിയർത്തു ശ്വാസം മുട്ടുന്ന
കുഞ്ഞുങ്ങളുടെ കരച്ചിലും,
ഓടിക്കയറിയപ്പോൾ ചെരുപ്പ് ഊരി
റോഡിലേക്ക് തെറിച്ചുപോയവരുടെ
‘അയ്യോ'യും
സഡൻ ബ്രേക്കിൽ തലയിടിച്ചവരുടെയും
തൂങ്ങി നിന്ന് കൈ കഴച്ചവരുടെയും
നെടുവീർപ്പുകളും,
ഒന്നും,
ജനാലക്ക് അരികിൽ സീറ്റ് കിട്ടിയവരെ ബാധിക്കാറില്ലല്ലോ.

‘ദേ... കാശ്... കാശ് മേടിച്ചില്ല.'
ബഹളങ്ങൾക്കിടെ ആരും അത് കേട്ടില്ല.
സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴും,
കയ്യിൽ വിയർപ്പൊട്ടി ചുരുട്ടിപ്പിടിച്ചിരുന്ന
നൂറിന്റെ നോട്ട് നീട്ടി,
രമ്യ ഹോട്ടലിൽ നിന്ന് പൊറോട്ടയും കറിയും
ചായയും കഴിച്ചു.
തിരികെ വരുമ്പോഴും
കുളിക്കുമ്പോഴും
രാത്രി ഉറങ്ങുമ്പോഴും
ചിന്നമ്മയുടെ ശരീരത്തോടൊട്ടി
ആ മുത്ത്.

എത്ര ഒട്ടിപ്പിടിച്ചിട്ടും തണുപ്പുമാറാതെ
മഞ്ഞുതുള്ളി ഉരുണ്ടു കൂടിയപോലെ,
നിലാവ് ഉറഞ്ഞുറച്ചതു പോലെ.
മൂന്നാലു ദിവസം കഴിഞ്ഞ്,
മെഡിക്കൽ കോളേജീന്ന് പേപ്പർ വന്നു.
നെഞ്ചത്തെ മുഴ ക്യാൻസറല്ല.
ചിന്നമ്മ കണ്ണീരോടെ നെഞ്ചിൽ തടവി.
മുഴുത്തു നിന്നത് ചുരുങ്ങുന്നുണ്ട്.

പിറ്റേന്ന്,
കെട്ടും കിടക്കയുമായി കരഞ്ഞു വരുന്നു,
പിണങ്ങിപ്പോയ മരുമോള്.
‘അമ്മച്ചീ എന്നോട് പൊറുക്കണം.
തെറ്റു പറ്റിപ്പോയി.'
കുഞ്ഞുങ്ങളെ വാരിയെടുത്ത് ഉമ്മ കൊടുത്തു.
അവരുടെ വീട്ടിൽ സന്ധ്യക്ക് വിളക്കു തെളിഞ്ഞു.
പ്രാർത്ഥനയുടെ സ്വരം കേട്ടു.
ചിന്നമ്മയുടെ മുണ്ടിന്റെ കോന്തലയിൽ
ആ മുത്ത് തണുത്തു കിടന്നു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.​


അലീന

കവി, മോഡൽ. സിൽക്ക്​ റൂട്ട്​ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments