അമ്മു ദീപ

പുള്ളിച്ചേമ്പുകളുടെ തൊടി

ച്ചനേരം

ആളനക്കമില്ല
ഒരു ചെറുകാറ്റു പോലും വീശുന്നില്ല

ഞാനീ കല്ലിന്റെ മറവില്‍
പതുങ്ങിയിരിക്കുകയാണ്

ഞാനൊരു കള്ളനല്ല
കുറ്റകൃത്യവും ചെയ്തിട്ടില്ല

കുട്ടികള്‍ക്കൊപ്പം ഒളിച്ചു കളിക്കുകയല്ല
മുഷിപ്പന്‍ ഏകാന്തത ഇഷ്ടവുമല്ല

എന്റേയീ ഇരിപ്പ്
എത്ര കാലമായെന്നോ
എന്നവസാനിക്കുമെന്നോ എനിക്കറിയില്ല

എന്നെത്തേടി
ആരെങ്കിലും പുറപ്പെട്ടിട്ടുണ്ടെന്നോ
ഇനിയും പുറപ്പെടാതേയിരിക്കുന്നുണ്ടെന്നോ
എനിക്കറിയില്ല

ഒന്നുമാത്രമറിയാം

ഒരു ചെറിയ
കാറ്റു വീശിയാല്‍
എനിക്കു വീട്ടില്‍ പോകാമായിരുന്നു

ഉറച്ചു പോയ
ഈ ഉച്ചയൊന്ന് അനങ്ങിത്തുടങ്ങിയാല്‍ രക്ഷപ്പെടാമായിരുന്നു.


അമ്മു ദീപ

കവി. കരിങ്കുട്ടി (2019), ഇരിക്കപ്പൊറുതി (2022) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments