അമ്മു ദീപ

പതിമൂന്നു വയസ്സിൽ

കുന്നിറങ്ങി വരുന്ന പറങ്കിമാങ്ങാക്കാറ്റിന്റെ ഉരം
പനമ്പഴങ്ങളെ വീഴ്ത്തിയിടുമ്പോൾ

വയസ്സറിയിച്ച പെൺകുട്ടി
അമ്മ കാണാതെ
കുന്ന് കേറുന്നു

ഏർളാടികൾ വട്ടമിട്ടു പറക്കും കുന്നിന്റെ ഉച്ചിയിൽ
ഇരുട്ട് കൂനകൂട്ടി വച്ച
പഴേ മുള്ളുമ്പഴമരച്ചോട്ടിൽ
പറന്നു വന്നിറങ്ങുന്നു.

അവിടം, പണ്ടൊരു യക്ഷിപ്പറമ്പായിരുന്നു എന്ന കഥ
പെൺകുട്ടിക്ക് അറിയുമായിരുന്നോ എന്നെനിക്കറിയില്ല.

ആൺകുട്ടികളുടെ ആർപ്പുവിളികൾ
കുന്നു കീഴടക്കും മുമ്പ്
കടുംചോര നിറത്തിലുള്ള എന്തെങ്കിലും അകത്താക്കണമവൾക്ക്.

ഉച്ചയൂണിന്റെ പുളിശ്ശേരിമഞ്ഞ
ഒട്ടും പിടിച്ചില്ല
കാബേജ് തോരൻ പണ്ടേ ഇഷ്ടമില്ല
മത്തങ്കുരു വറുത്തുതിന്നിട്ട് കാര്യമെന്ത്?
നാരു പെടാതെ
ഇല നുള്ളിയുണ്ടാക്കാനാണ് പാട്.

പെൺകുട്ടി
ഇരുട്ട് വകഞ്ഞ് കുന്തിച്ചിരുന്നു.

കായകൾ തെളിഞ്ഞുവന്നു
ഓരോന്നായി
ഞെക്കി നോക്കി
പഴുത്തിട്ടില്ല
പച്ച നിറം
പെൺകുട്ടിയുടെ മുതുക് പൊള്ളി
നെറ്റി പുളിച്ചു.

ഏന്തി വലിഞ്ഞ്
പെൺകുട്ടി
കുറേക്കൂടി ഉള്ളിലേക്ക്
കടന്നിരുന്നു.

ഇപ്പോൾ കുന്നും വെയിലും
ഏർളാടിക്കരച്ചിലുമില്ല.

ഇടതൂർന്ന ഇരുട്ടും പെൺകുട്ടിയും
വട്ടത്തിൽ മുഴങ്ങുന്ന കാറ്റിന്റെ ഓങ്കാരവും മാത്രം.

പെൺകുട്ടി
കണ്ണുകൾ വട്ടം വിടർത്തി
കൃഷ്ണമണി കൂർപ്പിച്ചു.

കൂർത്ത മുള്ളുകൾക്കിടയിൽ
ചോര കല്ലിച്ച മാതിരി
മിനുത്തു തിളങ്ങുന്ന
പഴം
ഉദിച്ചുവന്നു

നോക്കുന്തോറും
വീർത്തുവട്ടം വച്ച്...

പെൺകുട്ടി ആവേശത്തോടെ
കൈ നീട്ടി.

ഒറ്റക്കുത്ത്
ചോര ചീറ്റി
ബോധം മറഞ്ഞു.

ഇടങ്കയിൽ പിടിച്ച
ഗ്ലാസ് സ്ലൈഡിലേയ്ക്ക് പെൺകുട്ടിയുടെ നടുവിരൽ പിടിച്ചു ഞെക്കുന്നു,
ഒരു യക്ഷി.

കുറേ യക്ഷികൾ
കലപിലകൂട്ടി
കുന്നിന്റെ ഉച്ചിയിലെ ആകാശത്തൂടെ
പറന്നു നടക്കുന്നു.

അവരുടെ കൈകളിലെ,
ഡെക്‌സോറഞ്ച് എന്ന ലേബലൊട്ടിച്ച
ഇരുണ്ട സ്പടികക്കുപ്പികളിൽ നിന്ന്
ചുവന്നു തുടുത്ത മുള്ളുമ്പഴങ്ങൾ
താഴോട്ട് ഉതിർന്നുവീഴുന്നു.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അമ്മു ദീപ

കവി. കരിങ്കുട്ടി (2019), ഇരിക്കപ്പൊറുതി (2022) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments