അമ്മു വള്ളിക്കാട്ട്​

ഗർഭച്ഛിദ്രം

ന്മയിലും തിന്മയിലും വിശ്വസിച്ചില്ല ഞാൻ
പാപത്തിലും പുണ്യത്തിലുമതെ.
കർമ്മത്തിലും ഫലത്തിലും
ആയതിനാൽ ആസന്നമായൊരു ജൈവപ്രക്രിയയെ തടയിടാൻ നിഗൂഢമായി തീരുമാനിക്കുകയായിരുന്നു
പ്രാണി പോലുമാകാത്തത്.
ഒരുറുമ്പ്...
തലപ്പേൻ...
​നശിക്കട്ടെ
വെറുമൊരു മാംസപിണ്ഡം
കലക്കത്തിൽ പോലുമതെന്നെ
വിടുതൽ ചെയ്യുന്നില്ല അടിമത്തത്തിലേക്കുള്ള
പാതയിലാണു ഞാൻ
സമൂഹം കളമൊരുക്കുന്നു
ഞാൻ കയറില്ലെന്ന് നിലവിളിച്ചു
തള്ളല്ലേ തള്ളല്ലേ എന്നാർത്തു വിളിച്ചു

ഈ സമ്പാദ്യപദ്ധതിയിൽ നിക്ഷേപകനൊന്നുമില്ല
കള്ളമുതലും ഹറാം പലിശയും ബാങ്കിനുള്ളത്
അടവ് മാനം കൊണ്ടടച്ചു തീർത്താൽ മതി
തുളകൾ തേടി
പോകുന്നൊരു ചാട്ടൂളികൾ
തെന്നിത്തെന്നി പെണ്ണിറച്ചിചീളുകൾ ചീന്തുന്നു
ഈ അഭ്യാസത്തിൽ ഞാൻ തനിച്ചാവുന്നു
ജോലി തുലാസിലാടുന്നു
ഈ നീർത്തവള
ഭയവും നിസ്സഹായതയും
ചാടിക്കടക്കുന്നേയില്ല

പടച്ചോൻ ഏകപക്ഷീയനായ റഫറിയാണ്
രണ്ടിലൊന്നിൽ പെണ്ണിനെതിരെ
മാത്രം പെനാൽറ്റി വിധിക്കുന്ന മഹാപക്ഷപാതി

‘സുഖിക്കാൻ പോയപ്പോൾ ഓർത്തില്ലേ?'
എന്ന് സൂചികുത്താൻ
ഗവണ്മെൻറ്​ ആശുപതിയിൽ മുതലമുഖമുള്ള സിസ്റ്റർ കാണുമല്ലോ
കുലസ്ത്രീന്യായാധിപയുടെ മട്ടുള്ള സ്ത്രീഡോക്ടറെന്നെ വിസ്തരിക്കുമായിരിക്കും
അല്ലെങ്കിൽ തടിയൻ
ആൺഡോക്ടർ കുടവയർ തടവിക്കൊണ്ട്
‘പറയൂ കേൾക്കട്ടെ
യെന്താണ് ശ്യേരിക്കും സംഭവിച്ചത്?' എന്ന് നവരസങ്ങളിൽ ആവർത്തിക്കും
അമ്മ കുറുക്കനോളിയിടും
അച്ഛൻ ആത്മഹത്യ ചെയ്‌തേക്കും
ആത്മാഭിമാനം പരപീഡനമായിടുന്നതിലും ഭേദമല്ലോ
സ്വൈര്യമല്ലോ വലുത്

എന്റെ ശരീരം മറിച്ചിട്ട് കുടയാനായി
ഞാനാക്കം ഓക്കാനിച്ചിരുന്നു
ഉടുപ്പിനുള്ളിൽ കയറിയെ പാറ്റയെ തട്ടിക്കളയാനെന്നോണം ഒമ്പത് മാസവും ഛർദ്ദിച്ചിരുന്നു
നിവർത്തിയില്ലാതെ
അനാഥമായ് പ്രസവിച്ചു


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അമ്മു വള്ളിക്കാട്ട്

കവി. ‘പെൺവിക്രമാദിത്യം പേശാ മടന്തയും മുലമടന്തയും' എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments