വീട്, അലമാര

​​​​​​​​​​​​​​ഉമ്മയും വാപ്പയും ലോണെടുത്ത്
വച്ചൊരു കോങ്ക്രീറ്റുകൂരയെ നാം
ഓർമ്മയെന്നിപ്പോൾ വിളിക്കുന്നു
ഉള്ളിൽ കയറിയിരിക്കുന്നു

ഉള്ളിൽ കയറിയിരിക്കുമ്പോൾ
ഓർമ്മ ജനാല തുറക്കുന്നു
ഓർമ്മ തുറന്ന ജനാലയ്ക്കൽ
മാഞ്ഞവയൊക്കെത്തെളിയുന്നു

മാഞ്ഞവയൊക്കെത്തെളിയുമ്പോൾ
പോയവരൊക്കെയിരിക്കുന്നു
പോയവരൊക്കെയിരിക്കുമ്പോൾ
ഊഞ്ഞാലു മെല്ലെയനങ്ങുന്നു

സോറാമി1നിസ്കരിക്കുന്നുണ്ട്
വാപ്പ കടലാസിൽ കൺനട്ട്
ഉമ്മ ചൂലും പിടിച്ചങ്ങിങ്ങ്
ടോമി കുരച്ചോ ഇടയ്ക്കൊന്ന്?

മുറ്റത്തു ചിക്കി നടപ്പുണ്ട്
ഇത്തയും രണ്ടനിയത്തിമാരും
മാമി വളർത്തുന്ന കോഴികളും
കോഴി വിരിയിച്ച കീയോകളും

ഞാനോ പകൽക്കിനാമാനത്ത്
എല്ലുവളഞ്ഞു കുരുടിച്ച
തായ്മാവു കൊമ്പത്ത് പിന്നോട്ടേ-
ക്കാടുന്നൊരുഞ്ഞാൽ വിളുമ്പത്ത്

ഓണാവധിക്കർദ്ധരാത്രിക്ക്
മച്ചമ്പിയൊത്ത് റം ഫുള്ളൊന്ന്
ബുക്കലമാരീലൊളിപ്പിച്ച്
ഇച്ചിരിച്ചെയായ് അകത്താക്കി

ലങ്കയിലിന്ത്യൻ പടയിറങ്ങി
ഞങ്ങൾ തെരുവിലെതിർപ്പായി
തല്ലായ് അറസ്റ്റായ്, അലമാര
സെർച്ചിനു കൊണ്ടോയി പോലീസ്

സീപ്പീഎസ്‌യുരേഖ ചെയ്‌രിൽ അൻവർ
ഈഴം മാപ്പ് ചാരുമജൂംദാർ 2
എല്ലാമടുപ്പിലെരിഞ്ഞന്ന്
കമ്മുവാപ്പ വെറും വാപ്പയായി

ഉമ്മ ജനലിൽ മുഖം ചേർത്ത്
വിമ്മിവിതുമ്പിക്കരയുന്നു
നിസ്കരിക്കാനോ മരിക്കാനോ
സോറാമി പുൽപ്പായ് വിരിക്കുന്നു

വാപ്പയുമായി വഴക്കിട്ട്
വായിച്ചു തീർക്കാപ്പുറത്തന്ന്
വച്ചുമറന്ന പക്ഷിത്തൂവൽ
ബുക്കടയാളമനങ്ങുന്നു

വീടു ഭാഗം ചെയ്തു നാലായി
തല്ലിപ്പിരിഞ്ഞു നാം നാലാളും
മുറ്റത്തു നിന്നിപ്പോൾ നോക്കുമ്പോൾ
കശ്മീരുപോലെയലമാര.

കുറിപ്പുകൾ: 1. സുഹ്റ മാമിയുടെ ചുരുക്കപ്പേര് 2. കലാലയകാലത്തെ പുസ്തക ശേഖരത്തിന്റെ​​​​​​​ ഓർമ -

ഗ്ലാസ്​ത്​നോസ്​തിന്റെ​​​​​​​ ഭാഗമായി 1980കളൊടുവിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ​​​​​​​ രഹസ്യരേഖകൾ (CPSU Documents) പുസ്തക രൂപത്തിൽ ലഭ്യമാവാൻ തുടങ്ങി.

1949 ൽ ഇരുപത്തേഴാം വയസ്സിൽ മരിക്കുകയും 1980കളിൽ വ്യാപകമായി പുനർവായിക്കപ്പെടുകയും ചെയ്ത ഇന്തോനേഷ്യൻ കവിയാണ് ചെയ്‌രിൽ അൻവർ.

തമിഴ് പുലികൾ പ്രസിദ്ധീകരിച്ചതായി കരുതപ്പെട്ടിരുന്ന ഈഴരാഷ്ട്രത്തിന്റെ​​​​​​​ ​​​​​​​ ഭൂപടമടങ്ങിയ ലഘുലേഖ 80 കളിൽ ഞങ്ങൾ കൈമാറി വായിച്ചിരുന്നു.


അൻവർ അലി

കവി, വിവർത്തകൻ, ഡോക്യുമെന്ററി സംവിധായകൻ, പാട്ടെഴുത്തുകാരൻ. മഴക്കാലം, ആടിയാടി അലഞ്ഞ മരങ്ങളേ..., മെഹബൂബ് എക്സ്പ്രസ്സ് എന്നീ കവിതാ സമാഹാരങ്ങൾ. ടോട്ടോചാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആറ്റൂർ രവിവർമ്മയെക്കുറിച്ചുള്ള മറുവിളി എന്ന ഡോക്യുഫിക്ഷൻ സംവിധായകൻ.

Comments