അരുൺകുമാർ പൂക്കോം

​​​​​​​തെരുവിലെ കൈനോട്ടക്കാരന്റെഉള്ളംകൈരേഖകൾ

ളില്ലാ നേരങ്ങളിൽ
വെറുതെ ഇരിക്കുമ്പോഴൊക്കെയും
കൈനോട്ടക്കാരൻ
സ്വന്തം കൈ നോക്കുന്നു.
നിറയെ പൂത്തുനിൽക്കുന്ന താമരകൾ,
നീന്തിത്തുടിക്കുന്ന മത്സ്യങ്ങൾ,
ആകാശത്ത് നിന്ന് പൊഴിയുമ്പോൾ
പിടിച്ചെടുത്ത നക്ഷത്രങ്ങൾ
സ്വന്തം കൈകളിൽ
തിരഞ്ഞു കൊണ്ടേയിരിക്കുന്നു.
പേർത്തും പേർത്തും നോക്കിയിട്ടും
പക്ഷേ അവ കാണുന്നതേയില്ല.

നടന്നു ചെല്ലുമ്പോൾ
വഴിമുട്ടി പോകുന്ന
ഇടുക്ക് പാതകൾ പോലെ
ഇടയിൽ പലയിടങ്ങളിൽ
മുറിഞ്ഞു മുറിഞ്ഞുപോയ രേഖകൾ.

ജീവിതത്തെ അവിടങ്ങളിൽ വെച്ച്
തിരിച്ചു നടത്തേണ്ടി വരുന്നു.

വഴിയിൽ നിന്നു പോയ
ബസിൽ നിന്നും
മറ്റൊരു ബസിലേക്ക്
മാറി കയറേണ്ടി വരുന്നതു പോലെ
ജീവിതത്തെ മുറിഞ്ഞ രേഖയിൽ നിന്നും
മറ്റൊരു മുറിഞ്ഞ രേഖയിലേക്ക്
ഇടയിലേറെ സമയമെടുത്ത്
കയറ്റി വിടുന്നു.

കാണാൻ ആഗ്രഹിക്കാത്ത
ദ്വീപുകൾ, കുരിശുകൾ,
വെട്ടുകൾ, മറുകുകൾ
പോലുള്ള ചിഹ്നങ്ങളെ
ഉള്ളംകൈയിൽ നിന്ന്​
ചുരണ്ടി മായ്ച്ചു കളയാനും
ചില നേരങ്ങളിൽ മറ്റാരും കാണാതെ
കൈനോട്ടക്കാരൻ
ശ്രമിക്കുന്നുണ്ട്.
പക്ഷേ അവ മായുന്നതേയില്ല.

പിടിവള്ളി പോലുള്ള രേഖകൾക്കാകട്ടെ
തെളിച്ചവും നന്നേ കുറവ്.

മറ്റുള്ളവരുടെ കൈകളിലാകട്ടെ
ഭൂതകണ്ണാടി ഇല്ലാതെ തന്നെ
അവയെല്ലാം തെളിഞ്ഞു കാണുന്നു.
താമരകൾ വിരിഞ്ഞ പൊയ്കകൾ,
മീനുകൾ തിമർക്കുന്ന അക്വേറിയങ്ങൾ,
മിന്നാമിനുങ്ങുകൾ
പൂത്തുലഞ്ഞ മരം പോലെ
നിറഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങൾ,
നാലുവരിപ്പാത പോലെ
തെളിഞ്ഞ രേഖകൾ.

പെനിസ് എൻവി പോലെ
എന്തോ ചിലത് കൈനോട്ടക്കാരനെ
അസൂയപ്പെടുത്തുന്നു.
എങ്കിലും അവ
പുറത്ത് കാണിക്കുന്നതേയില്ല.
കൈനോട്ടക്കാരന്റെ ജീവിതം
സങ്കടങ്ങളുടെ ജീവിതമാണ്.
അത് മറ്റാരും അത്രമേൽ
അറിയുന്നില്ല എന്ന് മാത്രമേയുള്ളൂ.

കൈകളിലെ സങ്കടദ്വീപുകളിൽ
കൈനോട്ടക്കാരൻ തനിച്ച് കഴിയുകയാണ്.
തനിച്ച്.
തികച്ചും തനിച്ച്.
മറ്റാരുടെയെങ്കിലും കൈയായിരുന്നു
തന്റെ കൈവശം
ഉണ്ടായിരുന്നതെങ്കിലെന്ന്
അയാൾ
അതികഠിനമായി
ആഗ്രഹിച്ചു പോകുന്നു.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


അരുൺകുമാർ പൂക്കോം

എഴുത്തുകാരൻ. പൊലീസ് വകുപ്പിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ജനനത്തിനും മരണത്തിനും ഇടയിൽ ഓർത്തുവെക്കാൻ ചിലത് എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments