നോക്കുമ്പോൾ
ക്ലോസറ്റിലൊരു പാറ്റ.
കെട്ടിക്കിടപ്പിന്റെ ആ മുഷിഞ്ഞ
ജലാശങ്കക്കു തൊട്ടുമുകളിലെ
ശാന്തമായ ഇത്തിരിയിടത്തിൽ...
അനേകം കക്കൂസുകളുള്ള,
മുടക്കുകളോ, മുട്ടലുകളോ
അതിനനുസൃതമായി
പരവേശപ്പെട്ടെത്താൻ
യാതൊരു സാധ്യതയുമില്ലാത്ത
ഒരിടത്താണത്;
ആരും അങ്ങനെ അധികം
തിരിഞ്ഞുനോക്കാത്ത
ഈ തെരുവിലെ
ഒഴിഞ്ഞൊരു മൂലയിൽ.
എന്തോ
ചിന്തിച്ചുകൊണ്ടാണ്
പാറ്റയുടെ ഇരിപ്പ്...
സന്തോഷവും സന്താപവും
ബോധ്യപ്പെടുത്താനുള്ള
ഭാവവൈകൃതങ്ങളവയ്ക്കു
വശമില്ലാഞ്ഞതിനാൽ
ചുറ്റുപാടിന്റെ അടിസ്ഥാനത്തിൽ
ആവശ്യമെങ്കിൽ
അതിന്റെ ഉള്ളിരിപ്പ് ഊഹിച്ചെടുക്കാം;
സന്തോഷമെന്നു
സങ്കല്പിച്ചു
തൃപ്തിപ്പെടാം...
ക്ലോസറ്റ് വല്ലാത്തൊരു
പൊസിഷനിലുള്ള കുടുക്കാണ്.
അശുദ്ധമെന്ന തോന്നലുകളോട്
നമ്മൾ കരുതിപ്പോരുന്ന വികാരങ്ങളുടെ
തനിപ്പകർപ്പാണതിന്റെ ആകൃതി.
ശകാരങ്ങളോ തെറികളോ
നിലവിളികളോ പ്രതീക്ഷിച്ച്
സദാ കൂർപ്പിച്ച കാതുകൾക്കു സമാനമാണതിന്റെ ഭാവം...
അതിലകപ്പെടുന്ന ഒന്നിനും
രക്ഷപ്പെടൽ എളുപ്പമല്ല;
എളുപ്പമെന്നു തോന്നാം എന്നുമാത്രം.
ആ തോന്നലിലാവണം
ചിലയിടങ്ങളിലെ നമ്മളെപ്പോൽ
ഈ പാറ്റയും...!
ചിറകുകളുണ്ടെങ്കിലും
എന്തിനാണവ തനിക്കെന്ന്
ഈ കുന്ത്രാണ്ടങ്ങൾക്കിനിയും
ബോധ്യമായിട്ടില്ല;
കാലുകളുടെ ചലനത്തിന്മേലുള്ള
ഒരേയൊരു വിശ്വാസം കൊണ്ടുമാത്രം
ഒരു കാര്യവുമില്ലെന്ന്
എത്ര അനുഭവിച്ചാലും പഠിക്കാത്ത
പാവങ്ങൾ.
പാറ്റ അകപ്പെട്ടതു ക്ലോസറ്റിലാണ്;
പുറത്തേക്കുള്ള വാതിൽ
മലർക്കെത്തുറന്നതുപോൽ
ക്ലോസ് ചെയ്യപ്പെട്ട കെണിയിൽ...
നടന്നു ചെന്നാൽ വശത്തായൊരു
മുടിഞ്ഞ കോണലുണ്ട്.
അതു കടക്കാൻ
ഒന്നു കെണിഞ്ഞു
നിവർന്നു നൂണാൽ മതി.
പക്ഷേ...!
ഞാനെന്തൊരു മണ്ടനാണ്.
ആ വിദ്യ വശമുള്ള ഒന്നിനെക്കുറിച്ച്
ഇത്തരമൊരു ശങ്കയുടെ
പ്രസക്തിയെന്താണ്...!
പാറ്റയിപ്പോൾ
വളരെ
ആശ്വാസത്തിലാണെന്നു തോന്നുന്നു...
കെണിയായതിനാൽ
വിശപ്പാറ്റാനുള്ളതെല്ലാം
അവിടെ കുടുങ്ങുന്നുണ്ട്.
വിശാലമായ ഇടമുണ്ട്.
നിശ്ശബ്ദതയും സ്വൈര്യവും
പ്രത്യേകിച്ചുണ്ട്.
കടലോരത്ത് മനുഷ്യർ
കുടിൽ കെട്ടി പാർക്കുന്നതിന്റെ
പ്രതീതി തീർച്ചയായുമുണ്ട്
ഒന്നിനോ രണ്ടിനോ
ഒരാളും വരരുതേ എന്നു
പ്രാർഥിക്കാനൊന്നും അതിനറിയില്ല.
അഥവാ അറിഞ്ഞാലും
ഒരാൾ വന്നിങ്ങനെ
വെറുതേ ഫ്ളഷടിച്ചിട്ടു
പോകാൻ വഴിയുണ്ടെന്നതു ചിന്തിക്കാൻ
ഏതൊരു തരവുമില്ല...
മൂന്ന്
അറിവില്ലായ്മകൾക്ക്
അകപ്പെടാൻ
പുതിയൊരു സാധ്യതകൂടി
തെളിയിച്ചുവെച്ച് ഞാൻ
മടങ്ങാനൊരുങ്ങുമ്പോൾ
ചുറ്റിലും വല്ലാത്തൊരു
കെണിയൽ..!
ഒരിരമ്പ-
മൊരാരവം...
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.