ആസിഫ്​.

തത്സമയം

നക്കോളിന്റെ വിശാലതയിലേക്ക്
നോക്കി നെടുവീർപ്പിട്ട്
കുഞ്ഞുട്ടൻ
ചൂണ്ടയിൽ
ഇര കോർക്കുന്നു......
ഇര കോർത്ത ചൂണ്ട
പതിയെ വെള്ളത്തിൽ
താഴുന്നതും നോക്കി
വരമ്പിലിരിക്കുന്നു.

വരമ്പിൽ നിന്ന്
നോക്കിയാൽ കാണുന്ന ദൂരത്തിൽ
അഴിക്കര കോളനിയിലെ
നിറം മങ്ങിയ കുടിലുകൾ,
അവയിലൊന്നിൽ
രാമൻ തന്റെ രണ്ടാമത്തെ
കുഞ്ഞിനും കൊടുത്ത്
ബാക്കിയുള്ള വിഷം
ഒറ്റയടിക്ക് കുടിക്കുന്നു.

കുഞ്ഞുട്ടന് അരികിലേക്ക്
ഒരു കൊറ്റി പറന്നിറങ്ങുന്നു.

സെമിനാരിക്ക് പുറകിലെ
പുൽക്കാടിനരികിലേക്ക്
ഒരു ഓട്ടോ ചേർത്ത്
നിർത്തുന്നു.

ഒരു പതിമൂന്ന്കാരിയുടെ
കരച്ചിലിന്
ചെവിയോർക്കാനാവാതെ
എത്തിനോക്കിയ കുറുക്കൻ
പതിയെ പിൻവലിയുന്നു.

കുഞ്ഞുട്ടന്റെ
ചൂണ്ടയിൽ ചെറിയൊരനക്കം
പിറവിയെടുക്കുന്നു.

വയലിനെ പകുത്ത്
പോവുന്ന തീവണ്ടയിൽ
തിങ്ങിനിറഞ്ഞു വിയർത്തിരിക്കുന്ന
ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ.
അതിലൊരുവൻ
തളർന്ന ഉറക്കത്തിനടയിൽ
തന്റെ കാമുകിയെ സ്വപ്നം കാണുന്നു.
തീവണ്ടിക്കുള്ളിൽ പെട്ടന്നൊരു
പ്രകാശം നിറയുന്നു.

കുഞ്ഞുട്ടന്റെ ചൂണ്ടയിൽ
ഒരു മരണവെപ്രാളം വിറ തുള്ളുന്നു.

അതിരുവിട്ടാൽ
മഹാനഗരങ്ങളുടെ അനാഥത്വം,
കൊല്ലുകയും, പ്രണയിക്കുകയും
ചെയ്യുന്ന മനുഷ്യർ,
ഒരേസമയം
യുദ്ധങ്ങളും, സമാധാനവും
ഉരുവിടുന്ന രാജാക്കൻമാരും
പുരോഹിതരും.
കാട്, കടൽ, മരുഭൂമികൾ
പിന്നെയും നീണ്ടുനീണ്ട്
പോവുന്നു.

ഒറ്റവലി
നല്ല പിടക്കുന്ന തള്ളവരാൽ...
കരയിലേക്ക്
വലിച്ചിട്ട്
ഒഴിഞ്ഞ ചൂണ്ടയിൽ
ഇര കോർത്ത് പിന്നെയും
ധ്യാനബുദ്ധനാവുന്നു കുഞ്ഞുട്ടൻ...


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments