ബാബു സക്കറിയ

ചേലൂർക്കരയ്ക്കുള്ള വണ്ടി

ചേലൂർക്കരയ്ക്കുള്ള ബസ് കാത്തുനിന്നു
കാത്തുനിന്നു
കാത്തുനിന്നു
കാത്തുനിന്നു

കാത്തുനിന്നൂ
വളരെക്കാലം

ഒടുവിൽ ബസ്സോടിവന്നു
കൈനീട്ടാതെയരികിൽ നിന്നു
വാതിൽ തുറന്നു

( ! )

ഒരു സീറ്റേ ഒണ്ടായിരുന്നൊള്ളൂ ബസ്സിൽ
അതൊഴിഞ്ഞുകിടന്നിരു
ന്നതിൽ ഞാനിരുന്നു

ആരോ ഇറങ്ങി
പ്പോയതായിത്തോന്നി
ബസ്സോടി

ബസ്സിനുള്ളിൽ ഈർപ്പമുള്ളൊരു
പെണ്ണൊച്ചയിലൊരു പാട്ടോ കവിതയോ ഒഴുകി

വെളിച്ചമായാലിങ്ങനെ പൂക്കണം
കണ്ണുകളൊന്നുമേ നീറിടാതെ
കാറ്റുകളായാലിങ്ങനെ വീശണം
ധൂളിയൊരൊട്ടുമേ പൊന്തിടാതെ
വഴികളായാലിങ്ങനെ നീളണം
കല്ലൊരെണ്ണവും കൂർത്തിടാതെ
പച്ചയായാലിങ്ങനെ തഴയ്ക്കണം
വെയിലൊരല്പവും നൂഴ്ന്നിടാതെ
പുഴകളായാലിങ്ങനെയൊഴുകണം
മീനൊരെണ്ണവും വിമ്മിടാതെ

(!! )

ചേലൂർക്കരയെക്കുറിച്ചാവണം
ഉണർന്ന കാല്പനികതയെ
അത്രയങ്ങു വേണ്ടെന്നു ഞാനൊരു
നുള്ളുകൊടുത്തു തിരുത്തി
എല്ലാം ഇത്തിരിശ്ശേ ഒക്കെയാവാം
ബസ്സും ഞാനുമോടി

( !!! )

ബസ്സും ഞാനുമിപ്പോ
ളൊന്നായിത്തീർന്നിരിപ്പൂ
തോന്നലെന്ന വഴിയിലൂ
ടോട്ടം തന്നെയിപ്പൊഴും

എണ്ണമില്ലാതെ ബോഗികളുള്ളൊരു തീവണ്ടിയായ്
കൂക്കിവിളിച്ചും കടഖട മിടിച്ചും
പഞ്ചവർണ്ണവാൽ നീണ്ടുള്ള വിമാനമായ്
ചിറകുവിരിച്ച് ചാഞ്ഞും ചെരിഞ്ഞും
വലിപ്പമാകൃതി തീർപ്പില്ലാനൗകയായ്
തിരകളിലുലഞ്ഞും നനഞ്ഞും
കുതിർന്നുമലിഞ്ഞുമെല്ലാം

ചേലൂർക്കരയ്ക്കു തന്നെ
ഉള്ളിലുണ്ടിപ്പോഴൊരുപാടു സീറ്റുകൾ
ഓരോ സീറ്റിലുമിരിപ്പുണ്ട് ഞാൻ
​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ ​ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ബാബു സക്കറിയ

കവി, നോവലിസ്​റ്റ്​. പടം പൊഴിക്കുന്നവർ, വാക്ക് പ്രണയമാകുമ്പോൾ, ഉറുമ്പുകളെയും കൊണ്ട് പള്ളിയിലേക്കു പോയ പെൺകുട്ടി (കവിത), ഒപ്പുകടലാസുകൾ (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments