ബാബു സക്കറിയ

കത്രീന

ത്രീനേ കത്രീനേ
ഒരു പെസഹാവ്യാഴാഴ്ച പൊലർച്ചെ
കറുകറുത്ത നിന്റപ്പൻ
വെള്ളേം വെള്ളേം ധരിച്ച്
വെയർത്തുകുളിച്ച്
രണ്ടു കിലോമീറ്റർ ദൂരം
നടന്നുവന്ന്
ഞങ്ങടെ കെണറ്റീന്ന്
വെള്ളംകോരി മൊകംകഴുവി
ഞങ്ങടെ വീടിനു
പൊറംതിരിഞ്ഞു
കൊറേനേരം
സൂര്യനെത്തന്നെ
നോക്കിനിന്നെന്തൊക്കെയോ
പൊറുപൊറുത്തതെന്തിനാരുന്നു!
പ്രാതലുമൊടക്കി

കത്രീനേ കത്രീനേ
കൊച്ചുപ്രായംമൊതലേ
നിന്നോടെനിക്കൊരു
കത്തലൊണ്ടായിരുന്നെന്നതു നേരാ
എന്നാ ഞാൻ നിന്നെ പ്രേമിക്കുവോ
കത്ത് തരുവോ
കല്യാണവാലോചിക്കുവോ
ചെയ്തിട്ടില്ലല്ലോ
നിന്നെയൊന്നു തട്ടാനും മുട്ടാനും
മൊലയ്ക്കു പിടിക്കാനും
കിട്ടിയ തക്കവൊന്നും
കളഞ്ഞിട്ടില്ലെന്നതും നേരുതന്നെ
നിന്റെ തരക്കാരത്തികള് പലരോടും
ഞാനതൊക്കെ ചെയ്തിട്ടില്ലേ

കത്രീനേ കത്രീനേ
നിന്നെപ്പോലെ തന്നെ
മുഴുത്ത കുണ്ടിയൊള്ള നിന്റമ്മ
ഒരു ദുഃഖവെള്ളിയാഴ്ച രാവിലെ
കൈപ്പുനീരു കുടിച്ചിട്ടിറങ്ങിയ
എന്നെക്കണ്ടപ്പം
രൂപക്കൂടിനു നേരേ
വെട്ടിത്തിരിഞ്ഞുനിന്ന്
ഞങ്ങക്കാരാ നീ പുണ്യാളച്ചാ
ഒരു കാലത്തും കൊണംപിടിക്കത്തില്ല
എന്നാക്കെ എട്ടുനാടുംമുട്ടെ
തലേക്കൈവെച്ച്
പ്രാകിക്കൂവിയതെന്തിനാണ്?

ഒരു പെറവിത്തിരുനാളിനു
പാതിരാക്കുർബാനയ്ക്കു പോകുമ്പം
നിന്റെ പൊറകേ പമ്മിപ്പമ്മിവന്ന്
വെട്ടമില്ലാത്തൊരിടത്തുവെച്ച് ഞാൻ നിന്നെ
പൂണ്ടടക്കംപിടിച്ചു ഞെരടിയതും
ഒറ്റക്കുതറലിനൊഴിഞ്ഞു നീ
ഥൂ എന്ന് കാർക്കിച്ചുതുപ്പി നടന്നുപോയതും
ഒള്ളതുതന്നെയാ
പക്ഷേ
കണ്ണിനും കാതിനുമൊട്ടുമോൾട്ടേജില്ലാത്ത ആ തള്ള
അതൊന്നുമറിഞ്ഞിട്ടൊണ്ടാവില്ലല്ലോ

കത്രീനേ കത്രീനേ
ഒരു രാത്രി പള്ളിപ്പെരുനാളു കഴിഞ്ഞു ഞാൻ
വീട്ടിലേക്കു നടന്നുപോകുമ്പം
കലുങ്കിനടിയിൽ പതുങ്ങിനിന്ന നിന്റാങ്ങളക്കറമ്പൻ
ചാടിവീണ് കത്തിവീശിയതെന്തിനാണ്?!

ഭാഗ്യത്തിന് ഒരുവിധത്തിലെനിക്കൊഴിഞ്ഞുമാറാനായി
മൂന്നു ഫർലോങ്ങോടിയാണ്
ഞാനന്നു രക്ഷപെട്ടത്
കൊറച്ചിലോർത്തു മാത്രവാ
ഞാനതു കേസാക്കാതെ വിട്ടത്

ചന്ദ്രൻനായരുടെ പറമ്പിലെ പള്ളയ്ക്കാത്തിട്ട്
നിന്നെ ഞാൻ ശരിയാക്കിയ കാര്യം
നീയവനോട്
പറഞ്ഞിരിക്കാനിടയില്ലല്ലോ

കത്രീനേ കത്രീനേ
നിന്റെയൊരെണ്ണക്കറപ്പും മിനുപ്പും
എന്റെ കണ്ണെപ്പഴും
നിന്റെമേലൊണ്ടാരുന്നു
അതോണ്ടല്ലേ
കുളീം നനേം കഴിഞ്ഞ്
പൊഴേന്നു കേറാനിത്തിരി
വൈകിയ ലാക്കിന്
നിന്നെയെനിക്കന്നു പൊക്കാനൊത്തത്

കത്രീനേ കത്രീനേ
നോമ്പുവീടലിനിന്നു
കൊച്ചുമക്കളുവായി
ഉച്ചക്കുർബ്ബാനയ്ക്കു വന്നയെന്നെ
കാലത്തെക്കുർബാന കഴിഞ്ഞു
പോകുന്ന നീ
പള്ളിമുറ്റത്തുവെച്ചങ്ങനെ
കത്രിച്ചുനോക്കിയതെന്തിനാണ്?
കുരുത്തത്തിനു പിള്ളാരാരും നിന്നെ
ശ്രദ്ധിച്ചതേയില്ല
അല്ലേലവരെന്തു വിചാരിച്ചേനേ!
എന്റീശോയേ

കത്രീനേ കത്രീനേ
കാര്യം നമ്മള് രണ്ടുകൂട്ടരും തലേല്
ആനാംവെള്ളം വീണിട്ടൊള്ളവരാന്നേലും
​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ബാബു സക്കറിയ

കവി, നോവലിസ്​റ്റ്​. പടം പൊഴിക്കുന്നവർ, വാക്ക് പ്രണയമാകുമ്പോൾ, ഉറുമ്പുകളെയും കൊണ്ട് പള്ളിയിലേക്കു പോയ പെൺകുട്ടി (കവിത), ഒപ്പുകടലാസുകൾ (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments