മരിച്ചവരുടെ കവിത

വീർപ്പ് പുല്ല് പൂവ് പുഴു പക്ഷി മൃഗം
മനുഷ്യനങ്ങനെയോരോന്നിൽ തുടിച്ചുചെന്ന്
മരിച്ചവരുടെ ലോകത്തെത്തൊട്ട് അവിടലിയുന്നു.
അവിടെനിന്ന് അനന്തതയെ നേർപ്പിച്ച്
അടുത്ത ശ്വാസത്തോടു ചേർക്കുന്നത്​ മരിച്ചവരാണ്.

ശ്വാസത്തിൽ മരിച്ചവർക്കുമൊരു പങ്കുണ്ട്.

മരിച്ചവർ ഏതോ രഹസ്യവ്യവസ്ഥയിൽ
എല്ലാറ്റിലും അവരുടെ ഓഹരി ഉറപ്പിക്കുന്നു.

രാവിലെ ഒരു ചായയുണ്ടാക്കുമ്പോൾ പണിക്കൂട്ടിന്​
മരിച്ചവരുമെത്തുന്നു.
ചായ എന്ന അനുഭവത്തിൽനിന്ന്
അവരുടെ പങ്ക് എടുക്കുകയും ചെയ്യുന്നു.

വായിക്കുമ്പോൾ പാതിക്കവിതയേ എനിക്കുകിട്ടൂ.
​പാതി കാറ്റിലൂടെന്നപോലെ
അവർ കടത്തിക്കൊണ്ടുപോകുന്നു.

അന്തിക്ക് നാലെണ്ണമടിച്ചാലേ രണ്ടിന്റെ വഴക്കം വരൂ
വല്ലപ്പഴുമൊരു കിനാവുകണ്ടാൽ
ഏറിയപങ്കും മരിച്ചവരെടുത്തുപോകുന്നു
കുഞ്ഞുങ്ങൾ ചിരിക്കുമ്പോൾ
കാഴ്ചയെനിക്ക്​ തീരെയും മങ്ങുന്നു.

ചില വൈകുന്നേരങ്ങളിൽ ഞാൻ കടപ്പുറത്ത്
നടക്കാൻ പോകാറുള്ളത്
മരിച്ചവർക്കുകൂടി വേണ്ടിയാണ്.
തിര നനയ്ക്കുന്ന മണലിൽ പരിധിയില്ലാതെ
ഭൂതകാലം കുതിർന്നുകിടക്കും.
അറിയാതെ നടത്തമങ്ങു നീണ്ടുനീണ്ടുപോകും.

മഴയുടെ വരവോ വളരെ മുന്നേത്തന്നെ മരിച്ചവരറിയും.
മഴയ്ക്കു മുമ്പുള്ള മങ്ങിയവെളിച്ചത്തെ
ഇത്ര നിശ്ശബ്ദമാക്കുന്നത്
മരിച്ച കാത്തിരിപ്പുകളാണ്.

കിളികൾ കൊത്താതെ പൊതിഞ്ഞുകാക്കുന്ന
മുറ്റത്തെ മൽഗോവകൾ പഴുക്കുമ്പോൾ
പകുതിയും കേടായിപ്പോകുന്നത്
മരിച്ചവരൂറ്റിയാവാം
വാടാതെ കൊഴിയുന്ന ഇലകളുടെ പച്ച
മരിച്ചവരെടുക്കുന്നതാവണം.

പനമ്പിട്ട് ഉണങ്ങാൻ നിരത്തുന്ന ഒച്ചകളെ അവർ
ഉറുമ്പുകളെപ്പോലെ അരിച്ചുകൊണ്ടുപോകുന്നു.
നിശ്ശബ്ദതയ്ക്ക്​ വിദൂരമായ നാവുകൾ മുളപ്പിക്കുന്നത്
അവർ തന്നെയാണ്.

എപ്പോഴെങ്കിലും ലോകത്തിന്റെ വർത്തമാനം തിരിയാതെപോയാൽ
മരിച്ചവരെനിക്കത് വിവർത്തനം ചെയ്തുതരാറുണ്ട്.

ഞങ്ങൾ ഉച്ചയുറങ്ങുന്ന നേരത്ത്
മരിച്ചവർ മോന്തായത്തിലെ ചിതലുകളെ അടിച്ചുകളയാറുണ്ട്.
മുറ്റത്തെ ചെടികൾക്കു വെള്ളമൊഴിക്കുന്നത്​
ഞങ്ങളോ മരിച്ചവരോ?

എനിക്കീയിടെ വിചാരങ്ങളിത്തിരി കൂടുതലാണെന്ന്
അവൾക്കു പരാതിയുണ്ട്.
ഒരുദിവസം അവളെന്നോടു പറഞ്ഞു,
ഒരുപാടുപേർ ചേർന്നു പറയുംപോലാണല്ലോ
ചിലപ്പോൾ നിങ്ങൾ സംസാരിക്കുന്നത്.
എന്റെ കുത്തിക്കുറിക്കലുകളെല്ലാം പല കയ്യക്ഷരങ്ങളിലാണെന്നത്
അവളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല.

ദൂരഭാവിയിലെ
നിറം മണം രുചി ഒച്ച വെളിച്ചം തീ ജലം
ഇരിക്കൽ തുടുക്കൽ നടക്കൽ പറക്കൽ
​എല്ലാത്തിലേക്കും ഞാൻ
കൊതിയോടെ നോക്കാൻ തുടങ്ങിയിരിക്കുന്നതും
അവളറിഞ്ഞിട്ടുണ്ടാവില്ല.
​▮


ബാബു സക്കറിയ

കവി, നോവലിസ്​റ്റ്​. പടം പൊഴിക്കുന്നവർ, വാക്ക് പ്രണയമാകുമ്പോൾ, ഉറുമ്പുകളെയും കൊണ്ട് പള്ളിയിലേക്കു പോയ പെൺകുട്ടി (കവിത), ഒപ്പുകടലാസുകൾ (നോവൽ) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments