മാറ്റം തരൂ, തരൂ മാറ്റം
വായ്ത്താരിയുമായി
കൂവിവിളിച്ച്
എന്നും തെക്ക് വടക്ക് ഓടിയിരുന്ന
ഗുരുവായൂർ- പുനലൂർ പാലരുവി എക്സ്പ്രസ്
ഡിവൈൻ നഗറിൽ എത്തിയപ്പോൾ
പാളത്തിൽ നിന്ന് ഉയർന്നുചാടി,
വേലിപത്തലും പിന്നിട്ട്
പുൽത്തകിടിയിലൂടെ ഉരുണ്ട്
പിള്ളേരുടെ കൂടെ ഒളിച്ചുകളിച്ച്,
മാവിൻച്ചോട്ടിലെ തണൽപായയിൽ അണച്ചിരിക്കുമ്പോൾ
കുഞ്ഞപ്പേട്ടൻ പട്ടിക്കുഞ്ഞിനെ
കൊണ്ടുവന്നെന്ന ഓർമയിൽ
അവിടേക്കോടി,
കുഞ്ഞിനെ എടുത്ത് തക്കുടു എന്നു കളിപ്പിക്കുമ്പോൾ മുഴങ്ങിയ
ഐസുകാരന്റെ ബെല്ലിൽ വീണ്
പട്ടിക്കുഞ്ഞിനെ പാട്ടിന് വിട്ട്
ഓടി റോട്ടിലെത്തിയപ്പോൾ
റോഡ് അല്ല,
സദാ രണ്ടുവരക്കോപ്പിയെഴുതും
പാളം ആണല്ലോ തനിവഴിയെന്ന്
തീവണ്ടി അറിയാതെ
ഓർത്തുപോയി.▮