അസ്ഥികളെ മാംസം മൂടുന്നു
ഇടയിൽ ഒരു മനസ്സ് വെച്ചു
വല്ലപ്പോഴും ഒരു ആത്മാവും
ചില്ലുപാത്രങ്ങൾ ചുവരിൽ എറിഞ്ഞുടയ്ക്കുന്ന സ്ത്രീകൾ
കുടിച്ചുകൊണ്ടേയിരിക്കുന്ന പുരുഷന്മാർ
തനിക്ക് ഏറ്റവും യോജിക്കുന്ന ആളെ
ആരും ഒരിക്കലും കണ്ടെത്തുന്നില്ല
അന്വേഷിക്കുകയാണ്
പല കിടക്കകളിൽ മാറിമാറിക്കിടന്ന്
അസ്ഥികളെ മാംസം മൂടുന്നു
ആ മാംസം കൂടുതൽ മേന്മയുള്ള മാംസം അന്വേഷിക്കുന്നു
രക്ഷപ്പെടാൻ ഒരു വഴിയുമില്ല
ഒരേ വിധിയിൽ എന്നെന്നേയ്ക്കുമായി അകപ്പെട്ടവർ നമ്മൾ
തനിക്ക് ഏറ്റവും യോജിക്കുന്ന ആളെ
ആരും ഒരിക്കലും കണ്ടെത്തുന്നില്ല
നഗരങ്ങളിൽ മാലിന്യം നിറഞ്ഞൊഴുകുന്നു
പഴയകാലം ആർക്കും വേണ്ടാത്ത ചവറായി കുന്നുകൂടുന്നു
ഭ്രാന്താലയങ്ങൾ നിറയുന്നു
ആശുപത്രികൾ നിറയുന്നു
ശ്മശാനങ്ങൾ നിറയുന്നു
ഈ ജീവിതത്തിൽ..
മറ്റ് യാതൊന്നും ഒരിക്കലും നിറയുന്നില്ല. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.