സീപ്പി ​

രസപരിണാമം

മൊത്തത്തിൽ നായ നക്കിയ കാലുകളുമായി
ഒരു മനുഷ്യൻ നടന്നുപോകുന്നു.
തുപ്പൽമുറിവുകളിൽ
വിഷം നിറയുന്നു.

തലച്ചോറിൽ,
കഴിഞ്ഞ ജന്മങ്ങളിലെന്നോ
നിലാവുനോക്കി ഓരിയിട്ടതിന്റെ
സ്മരണകൾ ഉണരുന്നു.

കുരങ്ങിൽ നിന്നല്ല,
ഒറ്റയ്ക്കിരുന്നു ധ്യാനിച്ച
ഒരു നായയിൽ നിന്ന് പരിണമിച്ചാണ്
മനുഷ്യനുണ്ടായതെന്ന്
അയാൾക്ക് പെട്ടെന്ന് ബോധമുണ്ടാകുകയും
അയാൾ ബുദ്ധനാകുകുയും ചെയ്യുന്നു.

കണ്ണടക്കുമ്പോൾ
അയാൾ
തനിക്കുചുറ്റും മഹാസമ്മേളനം നടത്തുന്ന
നാവുനീട്ടിയ നിരവധി മനുഷ്യരെ കാണുന്നു.
ധ്യാനാവസ്ഥയിൽ തന്നെ
അയാളുടെ കാലുകൾ നീളുന്നു.
അയാൾ കാലുകൾ മാത്രം വളരുന്ന
ഒരു ശിലയാകുന്നു.

ഓരോ മനുഷ്യരും
അയാളുടെ കാലുകളിൽ മുട്ടുകുത്തിയിരിക്കുന്നു.

നാവുകളുടെ ചിത്രപ്പണിയിൽ
അയാൾ ഒരു പർവ്വതമാകുന്നു.

ഉയരുതോറും ശ്വസനമറ്റു
അയാൾ നിശ്ചലമാകുന്നു.

അപ്പോഴും ജീവനുണ്ടെന്ന പ്രഖ്യാപനവുമായി
കാലുകളിൽ ചോര നിറയുന്നു.

ഓരോ നാവും
രസങ്ങളുടെ
പുതിയ നിർവ്വചനങ്ങൾ കണ്ടെത്തുന്നു.

ഇടക്കെപ്പഴോ മനുഷ്യനെ രുചിക്കുന്ന നാവുകൾ
കഴിഞ്ഞ ജന്മത്തെ അറിഞ്ഞെന്ന
അനുഭൂതിയിലേക്കുയരുന്നു.
അവർ കഫം ബാധിച്ചപോലെ ചുമക്കുകയും
ഇരുട്ടിനെ നോക്കി ഉറക്കെ കുരക്കുകയും ചെയ്യുന്നു.

അങ്ങനെ,
പ്രപഞ്ചത്തിനും മുമ്പ്
ഒറ്റക്കിരുന്നു ധ്യാനിച്ച നായയെ കടിച്ചു
പരിണാമത്തിലേക്ക് പറന്ന
വഴികളിലൂടെ അവർ
പുതിയ കാലും തേടി നടക്കുന്നു.​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments