രാത്രിയിൽ പൊതുപൈപ്പിൽ
ഒരു പെൺകുട്ടി തുണി അലക്കുന്നു
അവളുടെ പിന്നിൽ അർദ്ധവൃത്താകാര ചന്ദ്രൻ മാത്രം
മുന്നിൽ നാളൊരിക്കൽ വന്നു പോം വെള്ളം മാത്രം
ചന്ദ്രനാണോ പെൺകുട്ടിയാണോ
വെള്ളമാണോ പെൺകുട്ടിയാണോ
അലക്കുന്നു
അലക്കുന്നു
പെൺകുട്ടി തുണിയുടെ അഴുക്ക് അലക്കുന്നു
ചന്ദ്രൻ നാടിന്റെ അഴുക്ക് അലക്കുന്നു
വെള്ളം ഭൂമിയുടെ അഴുക്ക് അലക്കുന്നു
ഇതെല്ലാം കണ്ടു കൊണ്ട് ഒരു നായ അപ്പുറത്തുണ്ട്
അതിനല്പം വെള്ളം കുടിക്കണമെങ്കിൽ
ഈ പെൺകുട്ടി മാറണം
അതിന്റെ ഉടമസ്ഥൻ ഇന്നതിന് ഒന്നും തിന്നാൻ കൊടുത്തില്ല
പച്ചവെള്ളം ചവച്ചു കുടിക്കുമ്പോൾ
അതോർക്കുന്ന കോഴിക്കാല്
ഏതു കോഴിയുടേതാകും ?
രാവിലെ കൂവി നേരം വെളുപ്പിക്കുന്ന
ഒരു കോഴി ഈ ഗ്രാമത്തിലുണ്ട്
അതുള്ളത് കൊണ്ട് മാത്രം
പുലരുന്ന ഗ്രാമം▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം